ഡുകാറ്റി സ്‌ക്രാംബ്ലര്‍ 1100 അവതരിപ്പിച്ചു

ഡുകാറ്റി സ്‌ക്രാംബ്ലര്‍ 1100 അവതരിപ്പിച്ചു

ഡുകാറ്റി സ്‌ക്രാംബ്ലര്‍ 1100 അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഡുകാറ്റി സ്‌ക്രാംബ്ലര്‍ 1100 ഇന്ത്യയില്‍ അവതരിപ്പിച്ചു. ബേസ്, സ്‌പെഷല്‍, സ്‌പോര്‍ട് എന്നീ മൂന്ന് വേരിയന്റുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. യഥാക്രമം 10.91 ലക്ഷം, 11.12 ലക്ഷം, 11.42 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. സ്‌ക്രാംബ്ലര്‍ കുടുംബത്തിലെ ടോപ് ഓഫ് ദ ലൈന്‍ മോഡലാണ് സ്‌ക്രാംബ്ലര്‍ 1100. വലിയ എന്‍ജിനില്‍ കൂടുതല്‍ സാങ്കേതികവിദ്യകളോടെയാണ് ഡുകാറ്റി സ്‌ക്രാംബ്ലര്‍ 1100 വരുന്നത്. നിയോ-റെട്രോ പെര്‍ഫോമന്‍സ് നേക്കഡ് മോട്ടോര്‍സൈക്കിളിലെ പുതിയ 1,079 സിസി എന്‍ജിന്‍ 7,600 ആര്‍പിഎമ്മില്‍ 85 ബിഎച്ച്പി പവറും 4,750 ആര്‍പിഎമ്മില്‍ 88 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

പുനര്‍രൂപകല്‍പ്പന ചെയ്ത ഷാസിയിലാണ് സ്‌ക്രാംബ്ലര്‍ 1100 നിര്‍മ്മിച്ചിരിക്കുന്നത്. റൈഡര്‍ക്ക് തുണയാവുന്ന നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും നല്‍കി. ആക്റ്റീവ്, ജേര്‍ണി, സിറ്റി എന്നീ മൂന്ന് റൈഡിംഗ് മോഡുകളാണ് റൈഡ് ബൈ വയര്‍ ത്രോട്ടിലിന്റെ സവിശേഷത. 4 ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ബോഷ് കോര്‍ണറിംഗ് എബിഎസ്, വലിയ പിസ്റ്റണ്‍ ബ്രേക്ക് പാഡുകള്‍, ക്രമീകരിക്കാന്‍ കഴിയുന്ന ക്ലച്ച് ആന്‍ഡ് ബ്രേക്ക് ലിവറുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ഡുകാറ്റി സ്‌ക്രാംബ്ലര്‍ കുടുംബത്തിന്റെ രൂപഭാവങ്ങളെല്ലാം സ്‌ക്രാംബ്ലര്‍ 1100 മോട്ടോര്‍സൈക്കിളില്‍ കാണാം. എന്നാല്‍ സീറ്റിനടിയിലെ ഇരട്ട എക്‌സ്‌ഹോസ്റ്റുകളും പരിഷ്‌കരിച്ച എര്‍ഗണോമിക്‌സും അല്‍പ്പം തടിച്ച, മസ്‌കുലര്‍ ലുക്ക് നല്‍കുന്നു. ഡബിള്‍ സൈഡഡ് അലുമിനിയം സ്വിംഗ്ആമുകളോടെ പുതിയ ട്വിന്‍ സ്പാര്‍, സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 1970 കളിലെ ബൈക്കുകളില്‍നിന്ന് ഡിസൈന്‍ പ്രചോദനമുള്‍ക്കൊണ്ട് ബ്രാന്‍ഡ് ന്യൂ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ നല്‍കിയിരിക്കുന്നു.

അടുത്ത മാസം മുതല്‍ മോട്ടോര്‍സൈക്കിള്‍ ഡെലിവറി ചെയ്തുതുടങ്ങും. സെഗ്‌മെന്റില്‍ ഒത്ത എതിരാളിയില്ല. എന്നാല്‍ വില കണക്കിലെടുക്കുമ്പോള്‍ സുസുകി ജിഎസ്എക്‌സ്-എസ്1000, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ എന്നീ ഇരുചക്ര വാഹനങ്ങളോടാണ് മത്സരിക്കുന്നത്.

പുതിയതും പ്രത്യേകം രൂപകല്‍പ്പന ചെയ്തതുമായ ആക്‌സസറികള്‍, അപ്പാരല്‍ എന്നിവയോടെയാണ് 1100 വരുന്നത്. ’62 യെല്ലോ ആന്‍ഡ് ഷൈനിംഗ് ബ്ലാക്ക് നിറത്തില്‍ ഡുകാറ്റി സ്‌ക്രാംബ്ലര്‍ 1100 ലഭിക്കും. സ്‌പോര്‍ട് വേരിയന്റ് വൈപ്പര്‍ ബ്ലാക്ക് നിറത്തിലും സ്‌പെഷല്‍ വേരിയന്റ് കസ്റ്റം ഗ്രേ കളര്‍ സ്‌കീമുകളിലുമാണ് വരുന്നത്. ഇന്ധന ടാങ്കില്‍ മഞ്ഞ നിറത്തിന്റെ സാന്നിധ്യവും കാണാം. എല്ലാ ഡുകാറ്റി ഡീലര്‍ഷിപ്പുകളിലും മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചു.

Comments

comments

Categories: Auto
Tags: Ducati