പേടിഎം ഓഹരികള്‍ സ്വന്തമാക്കാന്‍ വാറന്‍ ബഫറ്റ് ഒരുങ്ങുന്നു

പേടിഎം ഓഹരികള്‍ സ്വന്തമാക്കാന്‍ വാറന്‍ ബഫറ്റ് ഒരുങ്ങുന്നു

ന്യൂഡെല്‍ഹി: പേടിഎം മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ചെറിയ ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ ആഗോള തലത്തിലെ പ്രമുഖ നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ ബെര്‍ക്‌ഷെയര്‍ ഹാതവേ ഇന്‍ക് ഒരുങ്ങുന്നു. ബില്യണേയര്‍ നിക്ഷേപകനായ വാറന്‍ ബഫറ്റ് ഒരു ഇന്ത്യന്‍ കമ്പനിയില്‍ നടത്തുന്ന ആദ്യ നിക്ഷേപമായിരിക്കും ഇത്.

രാജ്യത്തെ ഏറ്റവും വലിയ പേമെന്റ് സര്‍വീസസ് കമ്പനിയാണ് പേടിഎം. ഏകദേശം 2,2002,500 കോടി രൂപ വരെ നിക്ഷേപം സ്വരൂപിക്കാനാണ് പേടിഎം നോക്കുന്നത്. ഇതിനായി ഫെബ്രുവരി ആദ്യം മുതല്‍ ബെര്‍ക്‌ഷെയര്‍ ഹാതവേയുമായി കമ്പനി ചര്‍ച്ച നടത്തിവരികയാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കമ്പനികള്‍ തമ്മിലുള്ള നിക്ഷേപ കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയിലെ അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ ബെര്‍ക്‌ഷെയര്‍ ഹാതവേ നടത്തുന്ന നിക്ഷേപം ആഗോളതലത്തില്‍ തന്നെ ഒരു സ്വകാര്യ ടെക്‌നോളജി കമ്പനിയില്‍ ബഫറ്റ് നടത്തുന്ന ആദ്യ നിക്ഷേപമായിരിക്കും ഇത്. മുന്‍പ് ചില പബ്ലിക്ക് ലിസ്റ്റഡ് ടെക് കമ്പനികളില്‍ ബഫറ്റ് നിക്ഷേപം നടത്തിയിരുന്നു. ഐബിഎമ്മിലും ആപ്പിളിലും നടത്തിയ നിക്ഷേപമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഐബിഎമ്മിലെ ഓഹരി അവകാശം ബഫറ്റ് അടുത്തിടെ വിറ്റൊഴിഞ്ഞിരുന്നു. ആപ്പിളില്‍ ഇപ്പോഴും ബെര്‍ക്‌ഷെയറിന് ഓഹരി പങ്കാളിത്തമുണ്ട്.
ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ടപ്പായ യൂബറില്‍ നിക്ഷേപം നടത്താന്‍ ബെര്‍ക്‌ഷെയര്‍ ശ്രമം നടത്തുന്നതായി മേയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വിജയം കണ്ടില്ല. ഇന്ത്യയുടെ ഇന്റര്‍നെറ്റ്, ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വലിയ പ്രോത്സാഹനം കൂടിയായിരിക്കും പേടിഎമ്മുമായുള്ള കമ്പനിയുടെ കരാര്‍.

ഇതിനോടകം തന്നെ ആഗോള തലത്തിലെ അറിയപ്പെടുന്ന നിക്ഷേപകരുമായുളള പങ്കാളിത്തത്തിലൂടെ ശക്തമായ മൂലധന അടിത്തറ സൃഷ്ടിക്കാന്‍ പേടിഎമ്മിന് സാധിച്ചിട്ടുണ്ട്. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, ആലിബാബ ഗ്രൂപ്പ്, ആന്റ്‌റ് ഫിനാന്‍ഷ്യല്‍, സെയിഫ് പാര്‍ട്‌ണേഴ്‌സ്, മീഡിയടെക് തുടങ്ങിയ കമ്പനികള്‍ പേടിഎമ്മില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രതിമാസം നാല് ബില്യണ്‍ ഡോളറിന്റെ ഡിജിറ്റല്‍ ഇടപാടുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നടക്കുന്നുണ്ടെന്നാണ് പേടിഎമ്മിന്റെ അവകാശ വാദം. ജൂണില്‍ അവസാനിച്ച പാദത്തില്‍ 1.3 ബില്യണ്‍ ഇടപാടുകളാണ് പേടിഎമ്മില്‍ നടന്നത്. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ നയം പ്രഖ്യാപിച്ചതിനുശേഷം വലിയ വളര്‍ച്ചയാണ് പേടിഎമ്മിനുണ്ടായത്.

Comments

comments