റോള്‍സ് റോയ്‌സിന്റെ കള്ളിനന്‍ എസ്‌യുവിക്ക് ഗള്‍ഫില്‍ മികച്ച ആവശ്യകത

റോള്‍സ് റോയ്‌സിന്റെ കള്ളിനന്‍ എസ്‌യുവിക്ക് ഗള്‍ഫില്‍ മികച്ച ആവശ്യകത

ദുബായ്: ആഡംബരത്തിന്റെ മറുവാക്കാണ് റോള്‍സ് റോയ്‌സ് എന്ന സൂപ്പര്‍ ഓട്ടോ ബ്രാന്‍ഡ്. ഇവര്‍ ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ആഡംബരത്തിന്റെ എല്ലാ പ്രൗഡിയും ഉള്‍ച്ചേര്‍ത്ത് കള്ളിനന്‍ എന്ന എസ്‌യുവി അവതരിപ്പിച്ചത്. എത്ര ദുഷ്‌കരമായ സാഹചര്യങ്ങളെയും നിഷ്പ്രയാസം നേരിടാന്‍ ശേഷിയുള്ള ഓള്‍ ടെറെയ്ന്‍ ഹൈ സ്പീഡ് മോഡലായ കള്ളിനന് ഇപ്പോള്‍ തന്നെ ആരാധകര്‍ ഏറെയാണ്. ഗള്‍ഫ് മേഖലയില്‍ കള്ളിനന് വലിയ ആവശ്യകതയാണ് ഉയരുന്നതെന്ന് റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ് (ഗള്‍ഫ്, നോര്‍ത്ത് ആഫ്രിക്ക, ഇന്ത്യ മേഖലകള്‍) റീജണല്‍ പിആറും കമ്യൂണിക്കേഷന്‍സ് മാനേജരുമായ റമി ജൗദി പറയുന്നു.

കള്ളിനന് ഓര്‍ഡര്‍ നല്‍കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. മാധ്യമങ്ങളില്‍ നിന്നും റോള്‍സ് റോയ്‌സ് ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2019ലേക്കും അത് നീളുംഅദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം ആദ്യത്തോടുകൂടി കാറുകളുടെ ഡെലിവറി ആരംഭിക്കുമെന്നും റമി ജൗദി പറഞ്ഞു.

കള്ളിനന്‍ എന്ന വജ്രത്തില്‍നിന്നാണ് റോള്‍സ് റോയ്‌സ് തങ്ങളുടെ പുതിയ മോഡലിന് പേര് സ്വീകരിച്ചത്. 1905 ല്‍ ദക്ഷിണാഫ്രിക്കയിലെ ഖനിയില്‍നിന്നാണ് 3,106 കാരറ്റ് വജ്രം കണ്ടെത്തിയത്. അസാധാരണമായ പുതിയ ഉല്‍പ്പന്നത്തിന് ഏറ്റവും ഉചിതമായ പേരാണ് കള്ളിനന്‍ എന്ന് റോള്‍സ് റോയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോര്‍സ്റ്റന്‍ മുള്ളര്‍ഒറ്റ്‌വോസ് മുമ്പ് വ്യക്തമാക്കിയിരുന്നു. ആഫ്രിക്കയിലെയും ഗള്‍ഫ് മേഖലയിലെയും മരുഭൂമികളിലും ആര്‍ട്ടിക് മേഖലയിലെ മഞ്ഞുറഞ്ഞ സ്ഥലങ്ങളിലും സ്‌കോട്ടിഷ് ഹൈലാന്‍ഡുകളിലെ താഴ്‌വരകളിലും കള്ളിനന്‍ ഇതിനകം വ്യാപകമായി പരീക്ഷണ ഓട്ടം നടത്തിയിട്ടുണ്ട്.

റോള്‍സ് റോയ്‌സിന്റെ ബ്രാന്‍ഡ് ന്യൂ അലുമിനിയം സ്‌പേസ്‌ഫ്രെയിമില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ വാഹനമാണ് കള്ളിനന്‍ എസ്‌യുവി. പുതു തലമുറ ഫാന്റമാണ് ആദ്യ വാഹനം.

കൂടുതല്‍ കാറുകള്‍ നിര്‍മിച്ചുള്ള ബിസിനസ് മാതൃകയായിരിക്കില്ല റോള്‍സ് റോയ്‌സ് കള്ളിനന്റെ കാര്യത്തിലും അനുവര്‍ത്തിക്കുക. റോള്‍സ് റോയ്‌സ് എന്നത് അതീവവിശിഷ്ടവും അപൂര്‍വതയുമുള്ള ബ്രാന്‍ഡാണ്. അതുകൊണ്ടുതന്നെ എണ്ണം കൂട്ടാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ബ്രാന്‍ഡിന്റെ എക്‌സ്‌ക്ലൂസിവിറ്റിക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിര വളര്‍ച്ചയ്ക്കാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്-ജൗദി പറഞ്ഞു.

Comments

comments

Categories: Auto