ഒരുമയുടെയും അതിജീവനത്തിന്റെയും ഓണം

ഒരുമയുടെയും അതിജീവനത്തിന്റെയും ഓണം

പ്രളയക്കെടുതികളില്‍ പെട്ട് ഉഴലുകയാണ് കേരളം. രക്ഷാപ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഏറെക്കുറെ വിജയകരമായി നമ്മള്‍ പൂര്‍ത്തിയാക്കി. പുനരധിവാസത്തിന്റെ നാളുകളിലേക്കാണ് കടക്കുന്നത്. ഏകദേശം 10 ലക്ഷത്തോളം മലയാളികള്‍ പ്രളയക്കെടുതിയുടെ ബാക്കിപത്രമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുമ്പോഴാണ് മലയാളിയുടെ ദേശീയ ഉല്‍സവമായ ഓണം വന്നെത്തുന്നത്. ആയിരങ്ങള്‍ക്ക് ജീവിതത്തില്‍ സമ്പാദിച്ച സകലതും നഷ്ടമാകുകയും ചെയ്തു. സമാനതകളില്ലാത്ത ദുരന്തമായിരുന്നു നമ്മള്‍ നേരിട്ടത്. അതുകൊണ്ടുതന്നെ ഈ ഓണം തീര്‍ത്തും അസാധാരണമാണ്. ദുരന്തമുഖത്താണെങ്കിലും ഒരുമയുടെ, അതിജീവനത്തിന്റെ പുതിയ പ്രതീക്ഷകളാണ് പലരിലും കാണുന്നത്.

അപ്രതീക്ഷിതമായ ദുരന്തത്തെ പ്രതീക്ഷാനിര്‍ഭരമായ രീതിയിലായിരുന്നു കേരളം അഭിമുഖീകരിച്ചത്. കാര്യമായ തയാറെടുപ്പുകളൊന്നും സാധാരണക്കാര്‍ സ്വീകരിച്ചിരുന്നില്ലെങ്കിലും ദുരന്തമുഖത്ത് അവസരത്തിനൊത്തുയര്‍ന്നു കേരള ജനത, യാതൊരു വിധ ഭേദവിചാരങ്ങളുമില്ലാതെ. രക്ഷാപ്രവര്‍ത്തനത്തില്‍ നിഴലിച്ചത് അഭൂതപൂര്‍വമായ ഒത്തിണക്കവും മാനുഷികതയോടുള്ള അടങ്ങാത്ത പ്രതിബദ്ധതയുമായിരുന്നു. ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയില്‍ പ്രളയത്തെ നേരിടാന്‍ കേരളത്തിന് സാധിച്ചു. പല മുന്‍നിര വിദേശമാധ്യമങ്ങളും കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കണ്ട ഒത്തിണക്കത്തെയും അതിലെ മാനുഷിക മൂല്യത്തെയും വാഴ്ത്തുകയും ചെയ്തു. സൈന്യവും മല്‍സ്യതൊഴിലാളികളും പൊലീസും ഫയര്‍ ഫോഴ്‌സുമെല്ലാം അതിഗംഭീരമായാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടലുകള്‍ നടത്തിയത്.

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിന് ലഭിച്ചതും അകമഴിഞ്ഞ പിന്തുണയായിരുന്നു. സംസ്ഥാനങ്ങളെല്ലാം തന്നെ മലയാളികളെ സഹായിക്കാനെത്തി. രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു വേര്‍തിരിവും ആരും പ്രകടിപ്പിച്ചില്ല. ആസൂത്രിതമായി മറിച്ചുള്ള ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നത് വിസ്മരിക്കുന്നില്ല. അത്തരം കുപ്രചരണങ്ങളുടെ ഉദ്ദേശ്യവും വിചാരധാരയും വേറെയാണ്. ദുരന്തത്തെ അതിനൊരു ആയുധമാക്കുന്നുവെന്ന് മാത്രം.

പ്രളയക്കെടുതിയെ തുടര്‍ന്ന് മലയാളികളെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സുമനസുകള്‍ ഇതിനോടകം തന്നെ നല്‍കിയത് 539 കോടിരൂപയുടെ സംഭാവനയാണ്. അതിനിയും കൂടും.

പ്രളയത്തിന് നടുവില്‍ കേരളം നിന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഫേസ്ബുക്കില്‍ അലയടിച്ചത് മുഴുവന്‍ ഒരേ വികാരമായിരുന്നു. കുറ്റപ്പെടുത്തലുകള്‍ക്കും ട്രോളുകള്‍ക്കുമൊന്നും അവിടെ സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍ പ്രളയാനന്തരം നമ്മുടെ ശ്രദ്ധയ്ക്ക് വ്യതിയാനം വന്നോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രളയത്തിന്റെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും വിദേശ സഹായത്തിന്റെയും എല്ലാം പേരുപറഞ്ഞ് ചേരി തിരിഞ്ഞുള്ള വില കുറഞ്ഞ നാടകങ്ങളാണ് സോഷ്യല്‍ മീഡിയയെ ഇപ്പോള്‍ കീഴടക്കിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ നമ്മള്‍ ഊന്നല്‍ നല്‍കേണ്ടുന്ന, പുനരധിവാസപ്രക്രിയയില്‍ പൊതുസമൂഹം വഹിക്കേണ്ട പങ്കുള്‍പ്പടെ, പല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. ദുരിതം വിട്ടൊഴിയും മുമ്പ് ‘പൊങ്കാലക’ളും അവകാശവാദങ്ങളും വിമത സ്വരങ്ങളുമെല്ലാം അരങ്ങുവാഴുകയാണ്. ഇതിനൊന്നുമല്ല ഊര്‍ജ്ജം വിനിയോഗിക്കേണ്ടതെന്ന് അറിയാതെ ഈ ബഹളത്തിന്റെ ഭാഗമാകുന്നവര്‍ തിരിച്ചറിയണം.

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് എത്രയും പെട്ടെന്ന് അവരുടെ സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്താനുള്ള സാഹചര്യങ്ങള്‍ ഒരുക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. ഈ ഓണം അതിജീവിച്ചവരുടേതാണ്, നവകേരളത്തിനായുള്ള പ്രാര്‍ത്ഥനയാകട്ടെ നമ്മുടെ ആഘോഷം.

 

 

Comments

comments

Categories: Editorial, Slider