നിഷ്‌ക്രിയ ആസ്തിയിലെ വര്‍ധന ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിക്കും

നിഷ്‌ക്രിയ ആസ്തിയിലെ വര്‍ധന ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിക്കും

മുംബൈ: പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികളുടെ തോത് വര്‍ധിച്ചു വരുന്ന പ്രവണത 2019 സെപ്റ്റംബറോടെ അവസാനിക്കുമെന്ന് ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ വിശകലന റിപ്പോര്‍ട്ട്. ബാങ്കുകളുടെ ആകെ നിഷ്‌ക്രിയ ആസ്തികള്‍ 2017 മാര്‍ച്ചിലെ എട്ടു ലക്ഷം കോടി രൂപയില്‍ നിന്ന് 2018 മാര്‍ച്ചില്‍ 10.4 ലക്ഷം കോടി രൂപയായി ഉയര്‍ന്നപ്പോഴും അംഗീകൃതമല്ലാത്ത വിഭാഗത്തില്‍ പെട്ട നിഷ്‌ക്രിയ ആസ്തികള്‍ 5.5 ലക്ഷം കോടി രൂപയില്‍ നിന്ന് 3.1 ലക്ഷം കോടി രൂപയായി കുറഞ്ഞതായി സിബിലിന്റെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ബാങ്കുകളുടെ കണക്കുകള്‍ ശുദ്ധീകരിക്കും വിധം സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദങ്ങളാണ് ഇതിനു കാരണമായ ഘടകങ്ങളിലൊന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അസ്ഥിരമായ വായ്പക്കാരുടെ കാര്യത്തില്‍ 2017 സെപ്റ്റംബറിലെ 7.9 ലക്ഷം കോടി എന്നത് 2018 മാര്‍ച്ചില്‍ 6.6 ലക്ഷം കോടി രൂപയായും ഇടിഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ച സുപ്രധാന പരിഷ്‌കരണമായ പാപ്പരത്ത നിയമം മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കിയത് കോര്‍പറേറ്റ് രംഗത്തെ വായ്പക്കാര്‍ക്കിടയില്‍ കൂടുതല്‍ മെച്ചപ്പെട്ട തിരിച്ചടവ് പ്രവണത ഉണ്ടാക്കിയിട്ടുണ്ട്.

മറ്റ് വായ്പാ ദാതാക്കള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുമ്പോഴും ഇപ്രകാരം കണക്കാക്കാനുള്ള പ്രാഥമിക കാരണങ്ങള്‍ ബാങ്കിന് ഇല്ലാത്തപ്പോഴാണ് അവയെ അംഗീകൃതമല്ലാത്ത നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കുന്നത്. വായ്പാ ദാതാക്കളുടെ സാമ്പത്തിക സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടിട്ടില്ലാത്ത സാഹചര്യങ്ങളില്‍ അവയെ കൃത്യമായി നിഷ്‌ക്രിയ ആസ്തികളായി കണക്കാക്കുവാന്‍ വഴിയൊരുക്കി 2018 ഫെബ്രുവരി 12ന് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടാകുന്നത് മൊത്തം നിഷ്‌ക്രിയ ആസ്തികളുടെ കാര്യത്തില്‍ വര്‍ധനവുണ്ടാക്കുമെങ്കിലും അത് സാമ്പത്തികമായുള്ള തകര്‍ച്ച മൂലമായിരിക്കില്ല എന്നതും വ്യക്തമാണ്.

റിസര്‍വ് ബാങ്ക്, സര്‍ക്കാര്‍, ബാങ്കുകള്‍ എന്നിവ സംയുക്തമായി നടത്തുന്ന ശ്രമങ്ങളുടെ ഫലമായി പ്രശ്‌നമുള്ള ആസ്തികളുടേയും നഷ്ട സാധ്യതയുളള വായ്പകളുടേയും കാര്യത്തില്‍ ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനമാകെ മെച്ചപ്പെട്ടെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ എംഡിയും സിഇഒയുമായ സതീഷ് പിള്ള ചൂണ്ടിക്കാട്ടി. മൊത്തം നിഷ്‌ക്രിയ ആസ്തികളുടെ കാര്യം മാത്രം വിലയിരുത്തി വായ്പാ മേഖല പ്രശ്‌നബാധിത സ്ഥിതിയിലാണെന്നു പറയാനാവില്ല. 2019 സെപ്റ്റംബറോടെ മൊത്തത്തിലുള്ള നിഷ്‌ക്രിയ ആസ്തി വര്‍ധനവിന്റെ കാര്യത്തിലും സ്ഥിരത കൈവരിക്കാനാവുമെന്നതും ശുഭാപ്തി വിശ്വാസം പകരുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുമേഖലാ ബാങ്കുകളില്‍ 8.6 ലക്ഷം കോടി രൂപയാണ് ഇതിനകം നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിച്ചിട്ടുള്ളത്. 1.7 ലക്ഷം കോടി രൂപ ഭാഗികമായി അംഗീകരിക്കപ്പെട്ടവയിലും ഉള്‍പ്പെടുന്നു. പൊതു മേഖലാ ബാങ്കുകളിലെ പ്രശ്‌ന സാധ്യതയുള്ള ആസ്തികളില്‍ ആകെയുള്ളതിന്റെ 85 ശതമാനവും ഇതിനകം തന്നെ ഔദ്യോഗികമായി നിഷ്‌ക്രിയ ആസ്തികളായി കണക്കാക്കിക്കഴിഞ്ഞു എന്നാണിത് സൂചിപ്പിക്കുന്നത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ ദൃശ്യമാകുന്ന, നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന പ്രവണത 2019 സെപ്റ്റംബറോടെ അവസാനിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

Comments

comments

Categories: Banking, Slider