ടെസ്ലയെ പ്രൈവറ്റ് ആക്കുന്നില്ലെന്ന് മസ്‌ക്ക്, ലിസ്റ്റഡ് കമ്പനിയായി തുടരും

ടെസ്ലയെ പ്രൈവറ്റ് ആക്കുന്നില്ലെന്ന് മസ്‌ക്ക്, ലിസ്റ്റഡ് കമ്പനിയായി തുടരും

റിയാദ്: ഫ്യൂച്ചറിസ്റ്റിക് സംരംഭകനായ ഇലോണ്‍ മസ്‌ക്കിനെ ചുറ്റിപറ്റിയാണ് ഇപ്പോള്‍ ടെക് ലോകത്തെ വാര്‍ത്തകള്‍. തന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയെ ലിസ്റ്റഡ് സ്റ്റാറ്റസില്‍ നിന്നു മാറ്റി പ്രൈവറ്റ് ആക്കുകയാണ്, അതിനുള്ള ഫണ്ടിംഗ് ഉറപ്പാക്കിയിട്ടുണ്ട് എന്ന മസ്‌ക്കിന്റെ ട്വീറ്റ് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. എന്തുകൊണ്ട് താന്‍ കമ്പനിയെ പ്രൈവറ്റ് ആക്കുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫ് (പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) ടെസ്ലയെ സ്വകാര്യ കമ്പനിയാക്കുന്നതിനായുള്ള ഫണ്ടിംഗ് നല്‍കുമെന്നായിരുന്നു മസ്‌ക്ക് പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ തീരുമാനം വീണ്ടും മാറ്റിയിരിക്കുന്നു ഇലോണ്‍ മസ്‌ക്ക് എന്ന ശതകോടീശ്വര സംരംഭകന്‍.

ടെസ്ലയെ പ്രൈവറ്റ് ആക്കുന്നില്ലെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞ ദിവസം മസ്‌ക്ക് തന്റെ ബ്ലോഗില്‍ വ്യക്തമാക്കിയത് അനുസരിച്ച് ടെസ്ല ലിസ്റ്റഡ് കമ്പനിയായി തന്നെ തുടരും.

ഇലക്ട്രിക് കാര്‍ വിപ്ലവത്തിന് നാന്ദി കുറിച്ച സംരംഭമാണ് ഇലോണ്‍ മസ്‌ക്കിന്റെ ടെസ്ല. പാദഫലങ്ങളിലെ കയറ്റിറക്കങ്ങളെ തുടര്‍ന്നുള്ള സമ്മര്‍ദ്ദമായിരുന്നു ലിസ്റ്റഡ് കമ്പനിയെന്ന തലത്തില്‍ നിന്ന് ടെസ്ലയെ മാറ്റാം എന്ന മസ്‌ക്കിന്റെ തീരുമാനത്തിന് പിന്നിലെ കാരണം.

പ്രതിഓഹരിക്ക് 420 ഡോളര്‍ എന്ന നിരക്കില്‍ കമ്പനിയെ സ്വകാര്യമാക്കാന്‍ തീരുമാനിച്ചതായും ഫണ്ടിംഗ് ഉറപ്പാക്കിയിട്ടുണ്ടെന്നും ഈ മാസം ആദ്യം മസ്‌ക്ക് പ്രഖ്യാപിച്ചു. ട്വിറ്ററിലെയും സംരംഭകലോകത്തെയും സെലിബ്രിറ്റിയായ മസ്‌ക്കിന്റെ പ്രസ്താവന പലരുടെയും ഉറക്കം കെടുത്തുകയും ചില നിക്ഷേപകരുടെ ഉറക്കം സ്വസ്ഥമാക്കുകയും ചെയ്തു. ടെസ്ലയുടെ ഓഹരിവിലയില്‍ പെട്ടെന്ന് വര്‍ധനയുണ്ടായി. എന്നാല്‍ എവിടെനിന്നാണ് ഫണ്ടിംഗ് എന്നതിനെകുറിച്ച് അവ്യക്തത തുടര്‍ന്നു.

യുഎസ് വിപണി റെഗുലേറ്റര്‍മാര്‍ മസ്‌ക്കിന്റെ ട്വീറ്റില്‍ വിശദീകരണം ചോദിക്കുകയും ചെയ്തു. ഇതോടെ ഓഹരിവിലയില്‍ ഇടിവും പ്രകടമായി. അതിനുശേഷം മസ്‌ക്കിന്റെ പുതിയ വിശദീകരണം എത്തി. ടെസ്ലയെ പ്രൈവറ്റ് ആക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടുമായി (സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിക്ഷേപ ഫണ്ട്) താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് മസ്‌ക്ക് സ്ഥിരീകരിച്ചു. ടെസ്ലയെ സ്വകാര്യമാക്കുമ്പോള്‍ സൗദിയുടെ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) വമ്പന്‍ നിക്ഷേപം നടത്തുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളും വന്നു. പ്രഥമ ഓഹരി വില്‍പ്പന നടത്തിയ 2010 കാലത്ത് ടെസ്ലയുടെ പ്രതിഓഹരി വില 17 ഡോളറായിരുന്നു. അതിപ്പോള്‍ 350.34 ഡോളര്‍ റേഞ്ചില്‍ എത്തി നില്‍ക്കുന്നു. ഓഹരിവിലയിലെ ഉയര്‍ച്ചകളും താഴ്ച്ചകളും ടെസ്ലയെ വല്ലാതെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ടെസ്ലയുടെ ഓഹരി ഉടമകള്‍ക്ക് ഗുണം നല്‍കിക്കൊണ്ടുതന്നെ കമ്പനിയെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ലിസ്റ്റഡ് സറ്റാറ്റസ് മാറ്റി സ്വകാര്യമാക്കാം എന്ന് മസ്‌ക്ക് ചിന്തിച്ചത്.

എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച്ച മസ്‌ക്ക് കമ്പനിയുടെ മറ്റ് ഡയറക്റ്റര്‍മാരുമായി ചര്‍ച്ച നടത്തിയതാണ് തീരുമാനം മാറാന്‍ കാരണണായത്. അതിനുശേഷമാണ് കമ്പനി ലിസ്റ്റഡ് ആയി തന്നെ തുടരട്ടെ എന്ന് മസ്‌ക്ക് തീരുമാനിക്കാന്‍ കാരണം.

ടെസ്ലയുടെ ഭൂരിഭാഗം ഓഹരിയുടമകള്‍ക്കും കമ്പനിയെ ലിസ്റ്റഡ് സ്റ്റാറ്റസില്‍ നിലനിര്‍ത്താനാണ് താല്‍പ്പര്യം. സാമ്പത്തിക ഉപദേശക സ്ഥാപനങ്ങളായ സില്‍വര്‍ ലേക്ക്, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, മോര്‍ഗന്‍ സ്റ്റാന്‍ലി തുടങ്ങിയവര്‍ മസ്‌ക്കിന് നല്‍കിയ ഉപദേശവും അതുതന്നെയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മസ്‌ക്ക് തീരുമാനം മാറ്റിയത്. കമ്പനിയില്‍ ഇപ്പോള്‍ 20 ശതമാനം ഓഹരിവിഹിതമാണ് മസ്‌ക്കിനുള്ളത്. ബാക്കി ഓഹരിയുടമകളുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ച് മാത്രമേ അദ്ദേഹത്തിന് മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ.

കമ്പനിയെ സ്വകാര്യതലത്തിലേക്ക് മാറ്റിയാല്‍ തങ്ങള്‍ ടെസ്ലയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പ്രധാന ഓഹരിയുടമകള്‍ വ്യക്തമാക്കിയിരുന്നെങ്കിലും അത്തരത്തിലുള്ളൊരു സാഹചര്യത്തിലേക്ക് ഇപ്പോള്‍ നീങ്ങേണ്ടതില്ലെന്ന പൊതുവികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഇത് പരിഗണിച്ചാണ് ടെസ്ല ലിസ്റ്റഡ് കമ്പനിയായി തുടരട്ടെയെന്ന തീരുമാനത്തിലേക്ക് മസ്‌ക്കും എത്തിയത്.

Comments

comments

Categories: Auto
Tags: Elon Musk, Tesla