തദ്ദേശീയമായി നിര്‍മിച്ച 140 പീരങ്കികള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം

തദ്ദേശീയമായി നിര്‍മിച്ച 140 പീരങ്കികള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം

ന്യൂഡെല്‍ഹി: പ്രതിരോധ രംഗത്ത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഊര്‍ജമേകി തദ്ദേശീയമായി നിര്‍മിച്ച 140 അത്യാധുനിക പീരങ്കികള്‍ വാങ്ങാന്‍ സൈന്യം തയാറെടുക്കുന്നു. 3,000 കോടി രൂപ ചെലവ് വരുന്നതാണ് ഇടപാട്. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇടപാടിനെക്കുറിച്ച് പഠിച്ചു വരികയാണെന്നും വൈകാതെ തന്നെ തീരുമാനം ഉണ്ടാകുമെന്നും മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. അഡ്വാന്‍സ്ഡ് ടവര്‍ ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം (അടാഗ്‌സ്) പീരങ്കികള്‍ ആണ് സൈന്യത്തിന് സ്വന്തമാകുക. പൊതുമേഖലാ പ്രതിരോധ ഗവേഷക സ്ഥാപകമായ ഡിആര്‍ഡിഒയുടേതാണ് സാങ്കേതിക വിദ്യ. സ്വകാര്യമേഖലാ കമ്പനികളായ ടാറ്റാ പവര്‍, ഭാരത് ഫോര്‍ജ് ലിമിറ്റഡ് എന്നിവയും ഡിആര്‍ഡിഒയും ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സംരംഭത്തിന്റെ കീഴിലാണ് പൂര്‍ണമായും തദ്ദേശീയമായ അടാഗ്‌സ് പീരങ്കികള്‍ നിര്‍മിച്ചത്.

പീരങ്കികള്‍ക്ക് പുറമെ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ 200 വാഹനങ്ങളും സൈന്യം വാങ്ങിക്കും. പീരങ്കി തോക്കുകളും അനുബന്ധ ഉപകരണങ്ങളും വെടിക്കോപ്പുകളും കൊണ്ടുപോകാനാണ് ഈ വാഹനങ്ങള്‍ ഉപയോഗിക്കുക. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഇടപാടുകള്‍ പരിഗണിച്ച് അനുമതി നല്‍കാനായി പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നതതല യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.

ഇറ്റാലിയന്‍ നിര്‍മിതിയായ ബോഫോഴ്‌സ് പീരങ്കികളുടെ കരാറുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ മൂന്ന് പതിറ്റാണ്ടോളമായി സൈന്യത്തിനായി പുതിയ പീരങ്കികള്‍ വാങ്ങിച്ചിട്ടില്ല. വിവാദത്തില്‍ പെടുമെന്ന ആശങ്ക മൂലം പിന്നീട് വന്ന പ്രതിരോധ മന്ത്രിമാരും സര്‍ക്കാരുകളും ഇത്തരം കരാറുകള്‍ അനുവദിക്കാന്‍ വിമുഖത കാട്ടുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സൈന്യത്തെ ആധുനികവല്‍ക്കരിക്കാനും ഏറ്റവും നവീനമായ സാങ്കേതിക വിദ്യകളും പ്രഹര ശേഷിയുള്ള ആയുധങ്ങളും സൈനിക വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കാനുമുള്ള നടപടികള്‍ക്ക് വേഗം കൂടി. ഇതോടൊപ്പം മേക്ക് ഇന്‍ പദ്ധതിയും പ്രതിരോധ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു.

ദക്ഷിണ കൊറിയയില്‍ നിന്ന് മാരക പ്രഹര ശേഷിയുള്ള കെ9 തണ്ടര്‍ (വജ്ര) യന്ത്ര തോക്കുകള്‍, യുഎസില്‍ നിന്ന് എം777 പീരങ്കികള്‍, ഓര്‍ഡന്‍സ് ഫാക്റ്ററി ബോര്‍ഡ് തദ്ദേശീയമായി വികസിപ്പിച്ച ധനുഷ് പീരങ്കികള്‍ എന്നിവ സൈന്യത്തിന് ലഭ്യമാക്കാനുള്ള നടപടിയാണ് മോദി സര്‍ക്കാര്‍ എടുത്തത്. ഈ ശ്രേണിയിലേക്കാണ് അതാഗ്‌സ് പീരങ്കികളും എത്തുന്നത്. 50 കിലോമീറ്റര്‍ ദൂരത്തു നിന്ന് ലക്ഷ്യം കൃത്യമായി ഭേദിച്ചതിന്റെ റെക്കോഡുള്ള പീരങ്കിയാണിത്. ലോകത്തെ മറ്റൊരു സൈനിക രാജ്യത്തിന്റെയും പീരങ്കികള്‍ക്ക് ഈ ലക്ഷ്യം എത്തിപ്പിടിക്കാനായിട്ടില്ല. ഇതിന് പുറമെ സമാനമായ പീരങ്കികളില്‍ നിന്നും രണ്ട് ടണ്‍ വരെ ഭാരമുള്ള അതാഗ്‌സ് കൈകാര്യം ചെയ്യാനും എളുപ്പമാണ്. നിറയൊഴിക്കുന്നതിനുള്ള വേഗതയും മറ്റ് തോക്കുകളെക്കാള്‍ ഏറെ കൂടുതലാണ്.

സിക്കിം അടക്കം ഉയര്‍ന്ന മേഖലകളിലും അതാഗ്‌സിന്റെ പരീക്ഷണം വിജയകരമായിരുന്നു. മലമടക്കുകളില്‍ കാര്യക്ഷമത തെളിയിച്ച പീരങ്കി ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ സൈന്യത്തിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. 140 തോക്കുകള്‍ പ്രാഥമികമായി വാങ്ങുന്നതിന് പിന്നാലെ സൈന്യം വലിയ ഓര്‍ഡറുകള്‍ നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നൂറു കണക്കിന് പീരങ്കികളുടെ കുറവ് നിലവില്‍ സൈന്യത്തിനുണ്ട്. കൃത്യതയും ഫലവും കുറഞ്ഞ പഴയ തോക്കുകള്‍ മാറ്റേണ്ടതുമുണ്ട്. അതാഗ്‌സില്‍ കൂടുതല്‍ സാങ്കേതിക മുന്നേറ്റം നടത്താനുള്ള ഗവഷണം ഡിആര്‍ഡിഒയുടെ നേതൃത്വത്തില്‍ പുരോഗമിച്ച് വരികയാണ്.

Comments

comments

Categories: Current Affairs, Slider
Tags: Indian army