കൃത്യനിഷ്ഠയില്‍ മുന്നിലെത്തിയത് പശ്ചിമ റെയ്ല്‍വെ

കൃത്യനിഷ്ഠയില്‍ മുന്നിലെത്തിയത് പശ്ചിമ റെയ്ല്‍വെ

 

പശ്ചിമ റെയ്ല്‍വെയുടെ കീഴില്‍ വരുന്ന ഭാവ്‌നഗര്‍ ഡിവിഷനാണ് പട്ടികയില്‍ മുന്നിലുള്ളത്

മുംബൈ: കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ഇന്ത്യന്‍ റെയ്ല്‍വെ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നാണ് പൊതുവെ യാത്രക്കാരുടെ അഭിപ്രായം. റെയ്ല്‍വെ ബോര്‍ഡ് ഈയടുത്ത് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം സെന്‍ട്രല്‍ റെയില്‍വെയില്‍ ഉള്‍പ്പെടുന്ന മുംബൈ ഡിവിഷന് കൃത്യനിഷ്ഠയില്‍ വളരേ മോശം സ്ഥാനമാണ് ലഭിച്ചിട്ടുള്ളത്. നിരവധി ദീര്‍ഘദൂര ട്രെയിനുകള്‍ കടന്നുപോകുന്ന മേഖലയാണ് മുംബൈ ഡിവിഷന്‍. ഈ ഡിവിഷനിലൂടെ സര്‍വീസ് നടത്തുന്ന മിക്ക ട്രെയിനുകളും വളരെ വൈകിയാണ് ഓടുന്നത്. റെയില്‍വെബോര്‍ഡ് പ്രസിദ്ധീകരിച്ച പട്ടികയില്‍ മൊത്തം 69 ഡിവിഷനുകളില്‍ മുംബൈ ഡിവിഷന്റെ സ്ഥാനം 55 ആം സ്ഥാനത്താണ്. കൃത്യനിഷ്ഠയ്ക്കുള്ള മുംബൈ ഡിവിഷന്റെ മാര്‍ക്ക് 72.23 ശതമാനമാണ്.
അതേസമയം, മുംബൈ ഡിവിഷന്റെ സഹ ശൃംഖലയെന്ന് കണക്കാക്കാവുന്ന മുംബൈ സെന്‍ട്രല്‍ 95.15 ശതമാനം പോയിന്റോടെ ആറാം സ്ഥാനത്താണ്. പശ്ചിമ റെയ്ല്‍വെ മേഖലയുടെ കീഴിലാണ് മുംബൈ സെന്‍ട്രല്‍ വരുന്നത്. മുംബൈ സെന്‍ട്രലിലൂടെയുള്ള എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകളില്‍ ഭൂരിഭാഗവും കൃത്യനിഷ്ഠ പാലിക്കുന്നുണ്ട്.
പട്ടികയിലെ ആദ്യ പത്തില്‍ നാഗ്പൂര്‍, പൂനെ ഡിവിഷനുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പശ്ചിമ റെയ്ല്‍വെയുടെ കീഴില്‍ വരുന്ന ഭാവ്‌നഗര്‍ ഡിവിഷനാണ് പട്ടികയില്‍ മുന്നിലുള്ളത്. ഓഗസ്റ്റ് 13 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ കൃത്യനിഷ്ഠയുടെ കാര്യത്തില്‍ 99.35 ശതമാനമാണ് ഭാവ്‌നഗര്‍ ഡിവിഷന്റെ നേട്ടം.
മഹാരാഷ്ട്രയില്‍ നിന്നു മാത്രമല്ല ഇന്ത്യയുടെ നിരവധി സ്ഥലങ്ങളില്‍ നിന്നും വിവിധയിടങ്ങളിലേക്ക് മുംബൈ ഡിവിഷന്‍ വഴി യാത്ര ചെയ്യുന്നവര്‍ ധാരാളമാണ്. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ട്രെയിനുകളുടെ പ്രകടനം മികച്ചതാക്കാനുള്ള ശ്രമങ്ങള്‍ മുംബൈ ഡിവിഷന്‍ കാലങ്ങളായി നടത്തിവരികയാണ്. എന്നാല്‍ മെയില്‍, എക്‌സ്പ്രസ് സര്‍വീസുകളില്‍ മൂന്നില്‍ ഒരു ഭാഗത്തിനും കൃത്യ സമയം പാലിക്കാന്‍ കഴിയുന്നില്ലെന്ന് റെയ്ല്‍വെ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം മുംബൈ ഡിവിഷന്റെ കൃത്യനിഷ്ഠാ പ്രകടനം 7 ശതമാനം ഇടിഞ്ഞു. 2018-19 സാമ്പത്തികവര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ 67.89 ശതമാനം കൃത്യനിഷ്ഠ പാലിച്ചിരുന്നത് ഈ വര്‍ഷം സമാന കാലയളവില്‍ 60.49 ശതമാനമായി കുറഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ദിവ, കല്‍വ, അംബിവിലി എന്നിവടങ്ങളിലുള്ള മൂന്ന് ലെവല്‍ ക്രോസിംഗ് ഗേറ്റുകളാണ് മുംബൈ ഡിവിഷനില്‍ ട്രെയ്‌നുകള്‍ വൈകിയോടാന്‍ കാരണമെന്ന് സെന്‍ട്രല്‍ റെയില്‍വെ പിആര്‍ഒ സുനില്‍ ഉദാസി പറയുന്നു. ഈ ഭാഗങ്ങളിലെ മേല്‍പ്പാല നിര്‍മാണങ്ങളുടെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുംബൈ മേഖലയില്‍ റെയ്ല്‍വേ നടത്തുന്ന നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളും ഈ വൈകിയോടലിന് കാരണമായിട്ടുണ്ട്.

Comments

comments

Categories: FK News