205 സ്റ്റോറുകള്‍ വി മാര്‍ട്ടിന്റെ ലക്ഷ്യം

205 സ്റ്റോറുകള്‍ വി മാര്‍ട്ടിന്റെ ലക്ഷ്യം

നടപ്പു സാമ്പത്തിക വര്‍ഷം സ്‌റ്റോറുകളുടെ എണ്ണം 205 ല്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് മള്‍ട്ടി ബ്രാന്‍ഡ് വാല്യു റീട്ടെയ്‌ലറായ വി മാര്‍ട്ട്. 35 പുതിയ സ്റ്റോറുകള്‍ ഇതിനായി കമ്പനി തുറക്കും. വിപുലീകരണ പദ്ധതികളുടെ ഭാഗമായി വടക്കു കിഴക്കന്‍ മേഖലകളിലേക്കും വി മാര്‍ട്ട് റീട്ടെയ്ല്‍ നിലവില്‍ ചുവട് വെക്കുന്നുണ്ട്. ഈ മാസം അസമില്‍ നാല് സ്റ്റോറുകള്‍ കമ്പനി തുറക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മേഖലയില്‍ 20 സ്റ്റോറുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനു പുറമേ ഒക്‌റ്റോബറില്‍ അരുണാചലിലും മേഘാലയയിലും രണ്ട് സ്‌റ്റോറുകളും കമ്പനി ആരംഭിക്കും. 14 സംസ്ഥാനങ്ങളിലാണ് നിലവില്‍ കമ്പനിക്ക് സാന്നിധ്യമുള്ളത്. ”31 സ്റ്റോറുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഞങ്ങള്‍ തുറന്നത്. ഈ വര്‍ഷം 35 സ്റ്റോറുകള്‍ തുറക്കാനാണ് പദ്ധതി. അതോടുകൂടി സ്‌റ്റോറുകളുടെ എണ്ണം 200 കടക്കും,” വിമാര്‍ട്ട് റീട്ടെയ്ല്‍ സിഎംഡി ലളിത് അഗര്‍വാള്‍ പറഞ്ഞു. 182 സ്റ്റോറുകള്‍ നിലവില്‍ കമ്പനിക്കുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നിലവില്‍ത്തന്നെ 10 സ്റ്റോറുകള്‍ തുറന്നു കഴിഞ്ഞുവെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1,222.37 കോടി രൂപ വരുമാനമാണ് വി മാര്‍ട്ട് നേടിയത്. പുതിയ സ്റ്റോറുകള്‍ തുറക്കാന്‍ നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് കോടി രൂപയാണ് നിക്ഷേപിക്കുക. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനം കമ്പനിയെ സംബന്ധിച്ച് മികച്ച അവസരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയില്‍ ആരംഭിക്കുന്ന സ്റ്റോറുകള്‍ പ്രധാനമായും വസ്ത്രങ്ങള്‍ക്കും ഫാഷന്‍ തുണിത്തരങ്ങള്‍ക്കും വേണ്ടിയുള്ളതായിരിക്കും.

Comments

comments

Categories: Business & Economy
Tags: V Mart