റിലയന്‍സിന്റെ വിപണി മൂല്യം 8 ലക്ഷം കോടി രൂപ മറികടന്നു

റിലയന്‍സിന്റെ വിപണി മൂല്യം 8 ലക്ഷം കോടി രൂപ മറികടന്നു

 

ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് റിലയന്‍സ് ഇന്‍സ്ട്രീസ്

ന്യൂഡെല്‍ഹി: വിപണി മൂല്യത്തിലെ ഒന്നാം സ്ഥാനത്തിനായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ ടിസിഎസുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന റിലയന്‍സ് ഇന്റസ്ട്രീസ് ഇന്നലെ സ്വന്തമാക്കിയത് ചരിത്ര നേട്ടം. വിപണി മൂല്യം 7 ലക്ഷം കോടി രൂപ മറികടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാകാന്‍ ആര്‍ഐഎലിനായി. ഇന്നലത്തെ വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ റിലയന്‍സ് ഓഹരികളുടെ വില 1.27 ഉയര്‍ന്ന് 1,262.30ലെത്തി. 8,00,001.54 കോടി രൂപയായിരുന്നു ഈ ഘട്ടത്തില്‍ വിപണി മൂല്യം. വീണ്ടും കുതിപ്പ് തുടര്‍ന്ന് 1.58 ശതമാനം വര്‍ധനയോടെ 1266.90 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
നേരത്തെ ടിസിഎസ് ഏഴു ലക്ഷം കോടി വിപണി മൂല്യം നേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടം കൈവരിച്ചിരുന്നു. ഇതിനു പിന്നാലെ റിലയന്‍സും വിപണി മൂലധനം ഏഴുലക്ഷം കോടി കടത്തി. ഓഗസ്റ്റ് തുടക്കത്തിലാണ് ടിസിഎസിനെ മറികടന്ന് റിലയന്‍സ് വിപണി മൂല്യത്തിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. നിലവില്‍ 7,77,870 കോടി രൂപയാണ് ടിസിഎസിന്റെ വിപണി മൂല്യം.

നടപ്പു സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തിലെ മികച്ച സാമ്പത്തിക പ്രകടനമാണ് റിലയന്‍സിന് ഓഹരി വിപണിയില്‍ കരുത്ത് പകര്‍ന്നത്. ആദ്യ പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വരുമാനമാണ് (അഞ്ച് ബില്യണ്‍ ഡോളറിലധികം) കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാലയളവില്‍ കമ്പനിയുടെ സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം 18 ശതമാനം വര്‍ധിച്ച് 9,459 കോടി രൂപയിലെത്തിയിരുന്നു. ജിയോ, പെട്രോകെമിക്കല്‍, റീട്ടെയ്ല്‍ ബിസിനസുകളില്‍ നിന്നാണ് കമ്പനി കൂടുതല്‍ ലാഭം കൂട്ടിച്ചേര്‍ത്തിട്ടുള്ളത്.
ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ മൊത്തം 37 ശതമാനം വര്‍ധനയാണ് ആര്‍ഐഎല്ലിന്റെ ഓഹരി മൂല്യത്തില്‍ ഉണ്ടായിട്ടുള്ളത്. കണ്‍സ്യൂമര്‍, പെട്രോകെമിക്കല്‍ ബിസിനസ് വിഭാഗത്തില്‍ നിന്നുള്ള മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ റിലയന്‍സ് ഓഹരികള്‍ വീണ്ടും നേട്ടം കൊയ്യുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
ജിയോ ജിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായുള്ള ബുക്കിംഗ് ആരംഭിച്ചതും ജിയോ 2 ഫോണ്‍ അവതരിപ്പിച്ചതും റിലയന്‍സിന്റെ മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നിട്ടുണ്ട്. ഇന്നലെ മാത്രം 15,000 കോടി രൂപയിലധികമാണ് കമ്പനി വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്.

Comments

comments

Categories: Business & Economy, Slider
Tags: Reliance