പ്രൊവെനന്‍സ് ലാന്‍ഡില്‍ ഓഹരികള്‍ കൈവശമാക്കി ജിഐസി

പ്രൊവെനന്‍സ് ലാന്‍ഡില്‍ ഓഹരികള്‍ കൈവശമാക്കി ജിഐസി

 

മുംബൈ: മുബൈ ആസ്ഥാനമാക്കിയ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയായ പ്രൊവെനന്‍സ് ലാന്‍ഡിന്റെ ന്യൂനപക്ഷ ഓഹരികള്‍ സിംഗപ്പൂരിന്റെ പരമാധികാര സാമ്പത്തിക സ്ഥാപനമായ ജിഐസി പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തു. ഇടപാട് തുക കമ്പനി പുറത്ത് വിട്ടിട്ടില്ല. ഓഹരി ഒന്നിന് 33.34 രൂപ നിരക്കില്‍ 9,000 കോടി രൂപക്ക് കഴിഞ്ഞ ഡിസംബറില്‍ ഡിഎല്‍എഫിന്റെ പാട്ട വിഭാഗമായ ഡിഎല്‍എഫ് സൈബര്‍ സിറ്റി ഡെവലപ്പേഴ്‌സ് ലിമിറ്റഡില്‍ (ഡിസിസിഡിഎല്‍) നിന്ന് ജിഐസി, ഓഹരികള്‍ വാങ്ങിയിരുന്നു. പ്രതിവര്‍ഷം 2,400 കോടി രൂപ വരുമാനം നല്‍കുന്ന 27 ദശലക്ഷം ചതുരശ്ര അടി വാണിജ്യ സ്‌പേസ് ആസ്തികളാണ് ഡിസിസിഡിഎലിന്റെ പക്കലുള്ളത്.

ആഗോള ഹോട്ടല്‍ ശൃംഖലയായ ഫോര്‍ സീസണ്‍ ബ്രാന്‍ഡിനെ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച പ്രൊവെനന്‍സ് ലാന്‍ഡിന്റെ ഉടമസ്ഥതയില്‍ സെന്‍ട്രല്‍ മുംബൈയ്ക്കടുത്തുള്ള വര്‍ളിയില്‍ നാല് ഏക്കര്‍ ഭൂമിയില്‍ ബഹുവിധ ഉപയോഗങ്ങള്‍ക്കുള്ള പദ്ധതികളുണ്ട്. ഈ പദ്ധതികളില്‍ 202 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ഫോര്‍ സീസണ്‍ ഹോട്ടലും ഫോര്‍ സീസണ്‍ പ്രൈവറ്റ് റെസിഡന്‍സും ഒരു ഓഫീസ് ടവറും ഉള്‍പ്പെടും. ‘പ്രൊവെനന്‍സ് ലാന്‍ഡിന്റെ പ്രധാന നാഴികക്കല്ലാണ് ഈ നിക്ഷേപം. അതിവേഗത്തില്‍ വിപുലീകരണം നടത്താനും ഞങ്ങളുടെ കാഴ്പ്പാടുകള്‍ പൂര്‍ത്തീകരിക്കാനും തന്ത്രപ്രധാനമായ പുതിയ വികസനങ്ങള്‍ക്കും ഇത് സഹായകമാകും,’ പ്രൊവെനന്‍സ് ലാന്‍ഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ആദര്‍ശ് ജാതിയ വ്യക്തമാക്കി.

‘ആഗോള നിക്ഷേപകരെന്ന നിലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ വളര്‍ച്ചയെ കുറിച്ച് ഞങ്ങള്‍ക്ക് അനുകൂല കാഴ്ച്ചപ്പാടുണ്ട്. മുംബൈയിലെ ഹൃദയ ഭാഗത്ത് സമ്മിശ്ര ഉപയോഗത്തിനുള്ള പദ്ധതികളുടെ വികസനങ്ങളുടെ ഓഹരി പങ്കാളിത്തം നേടാനുള്ള അതുല്യമായ അവസരമാണ് ഈ നിക്ഷേപത്തിലൂടെ കൈവന്നിരിക്കുന്നത്,’ ജിഐസി റിയല്‍ എസ്റ്റേറ്റിന്റെ ചീഫ് നിക്ഷേപ ഓഫീസറായ ലീ കോക്‌സന്‍ ഇടപാടിനെക്കുറിച്ച് പ്രതികരിച്ചു.

Comments

comments

Categories: Business & Economy
Tags: gic