പ്രളയം; ഇനി വേണ്ടത് ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍

പ്രളയം; ഇനി വേണ്ടത് ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍

വിദേശ സഹായത്തിന്റെ പേരിലുള്ള ബഹളങ്ങളേക്കാള്‍ ഉപരിയായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ടത് ഇനിയൊരു പ്രളയം ഉണ്ടാകാതിരിക്കാനുള്ള നടപടികളിലാണ്. പല ഡാമുകളിലും അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ പോലും ഇപ്പോഴില്ലെന്നത് മറക്കരുത്

ദുരന്ത സന്ദര്‍ഭങ്ങളില്‍ വിദേശ സഹായം സ്വീകരിക്കേണ്ടെന്ന നയത്തെ ചൊല്ലി നടക്കുന്നത് അനാവശ്യ വിവാദങ്ങളാണ്. കേന്ദ്രത്തില്‍ നിന്നും കേരളത്തിന് കൂടുതല്‍ സാമ്പത്തിക സഹായം വാങ്ങിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. ഇനിയൊരു പ്രളയം ഉണ്ടാകാതിരിക്കാനുള്ള നയം മാറ്റങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങളും വേണം, ഉടന്‍ തന്നെ. അല്ലാതെ വിവാദങ്ങള്‍ കൊണ്ട് ആര്‍ക്കും ഒരു പ്രയോജനവുമില്ല.

അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ പോലും ഇന്ത്യയിലെ പല ഡാമുകള്‍ക്കുമില്ലെന്ന സിഎജി(കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട് വലിയ ആശങ്കയാണുണ്ടാക്കുന്നത്. 44 നദികളും 61 ഡാമുകളുമുള്ള കേരളത്തില്‍ എന്തുകൊണ്ടാണ് ഇതുവരെ ഒരു പ്രളയ മുന്നറിയിപ്പ് കേന്ദ്രം പോലും ഇല്ലാത്തതെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ട സമയമായിരിക്കുന്നു. രാജ്യത്തെ 5,000 ഡാമുകളില്‍ ഏകദേശം ഏഴ് ശതമാനത്തിന് മാത്രമാണ് എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ അഥവാ അടിയന്തര കര്‍മ്മ പദ്ധതി ഉള്ളത്.

ഇന്ത്യയിലെ 15 ശതമാനത്തോളം മേഖലയും പ്രളയ ഭീഷണി നേരിടുന്നുണ്ട്. ഓരോ വര്‍ഷവും ശരാശരി 2,000 പേര്‍ക്കെങ്കിലും പ്രളയക്കെടുതിയെ തുടര്‍ന്ന് ജീവന്‍ നഷ്ടമാകുന്നുമുണ്ട്. 258 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഇത് സമ്പദ് വ്യവസ്ഥയ്ക്ക് ഓരോ വര്‍ഷവുമുണ്ടാക്കുന്നത്. രാജ്യത്തെ നല്ലൊരു ശതമാനം പ്രളയ മുന്നറിയിപ്പ് കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം പരിതാപകരമായ രീതിയിലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സംസ്ഥാനസര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വേണ്ടത്ര മുന്‍ഗണന നല്‍കാത്ത വിഷയങ്ങളാണ് ഇതെന്ന് കണക്കുകളും വിശകലനങ്ങളും പറയുന്നു. ഡാമുകളുടെ പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോലും പലപ്പോഴും വേണ്ടത്ര ശ്രദ്ധയില്ലെന്ന് വേണം കരുതാന്‍. അതിന് വേണ്ടി ചെലവിടുന്ന തുക വളരെ ചെറുതാണെന്നാണ് ചില വിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നത്. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ബഹളം വെക്കാതെ ഒരു ഹരിത നയത്തിന് രൂപം നല്‍കുകയാണ് വേണ്ടത്. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രളയമുന്നറിയിപ്പിനും നിയന്ത്രണത്തിനുമൊന്നും വലിയ തുക അനുവദിച്ചിട്ടുമില്ല. കര്‍ഷകര്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കുമെല്ലാം പ്രളയക്കെടുതി ഉണ്ടാക്കിയ നഷ്ടം ചെറുതൊന്നുമല്ല. ഇത് വായ്പ തിരിച്ചുപിടിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ബാങ്കുകളെ ബാധിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ വിവാദങ്ങളെക്കാളും നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്, പോരടിക്കേണ്ടത് സുസ്ഥിരമായ ഒരു ആവാസവ്യവസ്ഥ എങ്ങനെ കെട്ടിപ്പടുക്കാം എന്നതിനെക്കുറിച്ചാണ്.

പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് വലിയ സാമ്പത്തിക പിന്തുണ വേണമന്ന കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല. യുഎഇ പോലുള്ള രാജ്യങ്ങളില്‍ നിന്ന് സ്‌നേഹം നിറഞ്ഞ കരുതലും കേരളത്തിന് ലഭിച്ചു. എന്നാല്‍ നയപരമായ തീരുമാനങ്ങളുടെ പേരില്‍ ദുരന്ത സാഹചര്യങ്ങളില്‍ വിദേശ സഹായം സ്വീകരിക്കേണ്ട എന്നതാണ് ഇന്ത്യ സ്വീകരിച്ച നിലപാട്. 2004 മുതല്‍ ഭാരതം സ്വീകരിച്ചുവരുന്നതും ഇതേ നിലപാടാണ്. അത് കൈക്കൊണ്ടതാകട്ടെ യുപിഎ സര്‍ക്കാരും. നെറ്റ് എയ്ഡ് റെസിപ്പിയന്റ് എന്ന തലത്തില്‍ നിന്നും നെറ്റ് എയ്ഡ് ഡോണര്‍ എന്ന തലത്തിലേക്ക് ഇന്ത്യ മാറിയതിന് അതിന്റേതായ കാരണങ്ങളും ന്യായീകരണങ്ങളുമുണ്ട്. ഈ നയത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറയാം, വിമര്‍ശിക്കുകയുമാകാം. എന്നാല്‍ ഈ അവസരം മുതലെടുത്ത് വിഭജനത്തിന്റെ വിത്തുകള്‍ പാകുന്നവര്‍ക്കെതിരെ ജാഗ്രത വേണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും.

Comments

comments

Categories: Editorial, Slider
Tags: Kerala flood