കരുതിയിരിക്കാം രോഗങ്ങളെ

കരുതിയിരിക്കാം രോഗങ്ങളെ

സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമെന്ന ആശങ്കയാണ് പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് മുന്നില്‍ ഇപ്പോള്‍ നിറയുന്നത്. പ്രളയവും പേമാരിയും ഒഴിഞ്ഞ ഇടങ്ങളെല്ലാം രോഗാണുക്കളുടെയും രോഗങ്ങളുടെയും ഇഷ്ട സങ്കേതങ്ങളാണെന്നതിന് തെളിവായി ഇതിനു മുന്‍പ് ലോകമെമ്പാടുമുണ്ടായ അനുഭവങ്ങള്‍ നമുക്കുണ്ട്. വൃത്തിയും പരിസര ശുചിത്വവും മുന്‍കരുതലുകളും രോഗങ്ങള്‍ പടരാതിരിക്കാന്‍ അത്യന്താപേക്ഷിതമാണ്. രോഗം വന്നാല്‍ അതിവേഗം തന്നെ മതിയായ ചികിത്സ ഉറപ്പാക്കാനും ഭരണ സംവിധാനങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കഴിയണം. സ്ഥാവര-ജംഗമ സ്വത്തുക്കള്‍ക്കെല്ലാം ഉണ്ടായ നഷ്ടം ഭാവിയില്‍ നികത്താമെന്നു വെക്കാം. എന്നാല്‍ ശരീരത്തിനും മനസിനും സംഭവിക്കാവുന്ന കേടുപാടുകള്‍ അത്ര നിസാരമായി തള്ളിക്കളയേണ്ടതല്ല. ദുരിതത്തിന്റെ സഹചാരിയായി വന്നു കയറിയേക്കാവുന്ന രോഗങ്ങളെയും അവയുടെ പ്രതിവിധികളെയും കുറിച്ചാണ് ഡോ. രാജിവ് ജയദേവന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ദുരിതാശ്വാസ ക്യാംപുകളില്‍ എടുക്കേണ്ട മുന്‍കരുതലുകളും സന്നദ്ധ പ്രവര്‍ത്തകര്‍ പാലിക്കേണ്ട ജാഗ്രതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

വെള്ളപ്പൊക്കത്തിനു ശേഷം വരാന്‍ സാധ്യതയുള്ള 10 പ്രധാന രോഗങ്ങളെക്കുറിച്ചാണ് ആദ്യമായി മുന്നറിയിപ്പ് നല്‍കാനുള്ളത്. അവയുടെ പ്രതിരോധ മാര്‍ഗങ്ങളും ഒപ്പം ചികിത്സയും കൂടി ആരോഗ്യ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധക്കായി ഇതോടൊപ്പം വിവരിക്കുന്നു. സാംക്രമിക രോഗങ്ങളും മറ്റും പടര്‍ന്നു പിടിക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി അജീവ ജാഗ്രതയോടെ ആരോഗ്യ സംവിധാനം പ്രവര്‍ത്തിക്കേണ്ടതുണ്ട്.

1. വയറിളക്കം ആണ് വെള്ളപ്പൊക്കത്തിനു ശേഷം ലോകത്തെമ്പാടും ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്. മരണനിരക്കിന്റെ ഭൂരിഭാഗവും ഇതുമൂലമാണ്. കോളറ, ടൈഫോയ്ഡ്, ഷിഗെല്ല, ഇ-കോളി, റോട്ടാ വൈറസ് എന്നിവ മൂലം വയറിളക്കം പടര്‍ന്നു പിടിക്കാം. മലിനജലവും, ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവവുമാണ് ഇതിന് കാരണം.

പ്രതിരോധം:

രോഗാണുക്കളെ നശിപ്പിക്കാന്‍ വെള്ളം തിളപ്പിക്കുക. തിളപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ ക്ലോറിന്‍ ഗുളികകള്‍ ഉപയോഗിക്കാം. 20 ലിറ്റര്‍ വെള്ളത്തിന് 500 മില്ലിഗ്രാം ഗുളികയാണ് ഉപയോഗിക്കേണ്ടത്. 99.99% വൈറസുകള്‍, ബാക്ടീരിയ എന്നിവയെ നശിപ്പിക്കാന്‍ ഇങ്ങനെ സാധിക്കും.

ടോയ്‌ലെറ്റ് ഉപയോഗിച്ചാല്‍ നിര്‍ബന്ധമായും സോപ്പിട്ട് കൈ കഴുകുക. രോഗാണുക്കള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്. വയറിളക്കമുള്ളവര്‍ ഭക്ഷണം കൈകാര്യം ചെയ്യരുത്.

വെള്ളമിറങ്ങിയ ശേഷം തിരികെ ചെല്ലുമ്പോള്‍ വീട്ടു പരിസരവും അടുക്കളയിലെ പാത്രങ്ങളും മറ്റും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ആദ്യം കഴുകി വൃത്തിയാക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ ആറ് ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ കലക്കി അര മണിക്കൂര്‍ വെച്ചിട്ടു വേണം ഉപയോഗിക്കാന്‍. കിണറ്റിലെ വെള്ളം, ആയിരം ലിറ്ററിന് ഒരു ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ എന്ന കണക്കിന് ചേര്‍ത്ത് ശുദ്ധീകരിക്കുക. ഈച്ചകള്‍ രോഗം പരത്താന്‍ സാധ്യത ഏറെയാണ്. വൃത്തിയുള്ള പരിസരം അവയെ അകറ്റി നിര്‍ത്തും.

ചികിത്സ:

Ciprofloxacin, Doxycycline മുതലായ ആന്റിബയോട്ടിക് മരുന്നുകള്‍ ഡോക്ടറുടെ മേല്‍നോട്ടത്തില്‍, വേണ്ടി വന്നാല്‍ മാത്രം കൊടുക്കാം. വയറിളക്കം അപകടകരമാവുന്നത് ശരീരത്തിലെ നിര്‍ജലികരണം മൂലമാണ്. നിര്‍ജലീകരണം തടയാനും മരണനിരക്ക് കുറക്കാനും ഒആര്‍എസ് ലായനി തയാറാക്കി കൊടുക്കാം. അഞ്ച് ഗ്ലാസ് വെള്ളത്തില്‍ ആറ് ടീസ്പൂണ്‍ പഞ്ചസാരയും അര ടീസ്പൂണ്‍ ഉപ്പും ചേര്‍ത്തിളക്കിയാല്‍ ഒആര്‍എസ് തയാര്‍.

 

മറ്റ് സാംക്രമിക രോഗങ്ങള്‍

 

2. മഞ്ഞപ്പിത്തം (hepatitis A, E) പടര്‍ന്നു പിടിക്കാം. മലിനജലം വഴി വൈറസുകള്‍ ഉള്ളില്‍ കടക്കുന്നതാണ് കാരണം. വിശപ്പില്ലായ്മ, ക്ഷീണം, മഞ്ഞ നിറത്തിലുള്ള മൂത്രം എന്നിവയാണ് ലക്ഷണങ്ങള്‍.

പ്രതിരോധം: കുടിവെള്ളം ഒരു മിനിറ്റെങ്കിലും തിളപ്പിച്ച് ആറിച്ച് ഉപയോഗിക്കുക. വാക്‌സിനേഷന്‍ വഴി ഹെപ്പറ്റൈറ്റിസ് എ തടുക്കാം. മറ്റ് മരുന്നുകളുടെ ആവശ്യം വരാറില്ല.

3. അഞ്ചാം പനി (Measels) മുതലായവ വാക്‌സിനേഷന്‍ എടുക്കാത്തവരില്‍ പടര്‍ന്നു പിടിക്കാം. ഇതോടൊപ്പം ടെറ്റനസ് വരാതിരിക്കാനുള്ള മുന്‍കരുതലായി, മുറിവു പറ്റിയാല്‍ ടെറ്റനസ് ബൂസ്റ്റര്‍ വാക്സിന്‍ എടുക്കണം. വൈറല്‍ പനിയും ഈ സാഹചര്യത്തില്‍ സാധാരണമാണ്. പനി കൂടിയാല്‍ മാത്രം പാരസെറ്റമോള്‍, ആവശ്യത്തിന് ജലം, വിശ്രമം ഇത്രയും മതിയാവും മിക്കവരിലും.

4. എലിപ്പനി (Leptospirosis): രോഗാണുക്കള്‍ കലര്‍ന്ന എലിയുടെ മൂത്രം വെള്ളത്തില്‍ കലര്‍ന്ന ശേഷം നമ്മുടെ കാലിലെയും മറ്റും മുറിവില്‍ കൂടി ഉള്ളില്‍ കടക്കുന്നു. കണ്ണു ചുവക്കുക, മഞ്ഞപ്പിത്തം, ശരീരവേദന, പനി എന്നിവ ലക്ഷണങ്ങളാണ്. Doxycycline മുതലായ ആന്റിബിയോട്ടിക്സ് ഫലപ്രദമാണ്. സങ്കീര്‍ണ അവസ്ഥക്ക് സാധ്യതയുള്ളതിനാല്‍ ആശുപത്രിയില്‍ തന്നെ ചികില്‍സിക്കേണ്ടതാണ്. വെള്ളത്തില്‍ ദീര്‍ഘനേരം നടന്നവര്‍ എലിപ്പനി വരാതിരിക്കാന്‍ ഉീഃ്യര്യരഹശില എടുക്കാവുന്നതാണ്. ശരീരവേദനയ്ക്കും മറ്റും പ്രതിവിധിയായി കടുത്ത വേദനസംഹാരികള്‍ കഴിക്കുന്നവരില്‍ കിഡ്‌നി നാശത്തിനുള്ള സാധ്യത കൂടും.

 

5. കൊതുകില്‍ നിന്നും പകരുന്ന മലമ്പനി (Malaria), ഡെങ്കിപ്പനി എന്നിവ അടുത്ത രണ്ടു മാസങ്ങള്‍ക്കുള്ളില്‍ കണ്ടു തുടങ്ങും. വെള്ളമിറങ്ങുന്നതോടെ കൊതുക് വീണ്ടും പെരുകുമ്പോഴാണിത്. പനിയും വിറയലും മലമ്പനിയുടെയും കടുത്ത പനിയും ശരീര വേദനയും ഡെങ്കിയുടെയും ലക്ഷണമാകാം. ആശുപത്രിയില്‍ ചെന്നു പരിശോധിച്ചതിനു ശേഷം വേണം ചികിത്സ നടത്താന്‍. കൊതുകുതിരി, കൊതുകുവല, പരിസര ശുചീകരണം എന്നിവ കൊണ്ട് ചെറുക്കാം.

6. വെള്ളപ്പൊക്കത്തില്‍ മനുഷ്യരെപ്പോലെ തന്നെ ഇതര ജീവികളും പ്രാണന്‍ രക്ഷിക്കാന്‍ പരക്കം പാഞ്ഞിട്ടുണ്ട്. കാട്ടില്‍ നിന്നും മാളങ്ങളില്‍ നിന്നും വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ പാമ്പുകളാണ് ഇവയില്‍ ഒരു വിഭാഗം. പാമ്പുകടി പ്രധാനമായും രണ്ടു തരം ഉണ്ട്. Neuro toxin വിഭാഗത്തില്‍ഡ പെട്ട, നാഡികളെ തളര്‍ത്തുന്ന മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍ എന്നിവയുടെ വിഷമാണ് ആദ്യത്തേത്. രക്തം കട്ടപിടിക്കാന്‍ അനുവദിക്കാത്ത അണലി വിഷം. വെള്ളിക്കെട്ടന്‍ (krait) കടിച്ചാല്‍ വേദനയോ നീരോ നീറ്റലോ ഉണ്ടാവണമെന്നില്ല. മുഖത്ത് പിരിമുറുക്കം, ശ്വാസം മുട്ടല്‍, diplopia അഥവാ ഇരട്ടിയായി കാണുക ഇതൊക്കെ മൂര്‍ഖന്റെയും വെള്ളിക്കെട്ടന്റെയും കടിയേറ്റവര്‍ക്ക് ഉണ്ടാവാം. കുഞ്ഞുങ്ങള്‍ കളിക്കുന്ന ഇടങ്ങളില്‍ krait കണ്ടേക്കാം. ചിലപ്പോള്‍ മുറിക്കകത്തും ഇവര്‍ കയറാറുണ്ട്. പ്രത്യേകം ശ്രദ്ധിക്കണം.

വിഷസംഹാരിയായ മരുന്നുകള്‍ നല്‍കുകയാണ് ചികിത്സ. Neuro toxin മൂലം ശ്വാസം നിലച്ചാല്‍ വെന്റിലേറ്റര്‍ താത്കാലികമായി വേണ്ടി വന്നേക്കാം. അണലിയുടെ വിഷബാധ മൂലം വൃക്ക (കിഡ്‌നി) തകരാറിലായാല്‍ ഡയാലിസിസും.

7. ചുമ, ജലദോഷം എന്നിവ സാധാരണ ഗതിയില്‍ പ്രശ്‌നമുണ്ടാക്കാറില്ല. എന്നാല്‍ ശ്വാസം മുട്ടല്‍, കടുത്ത പനി, നിര്‍ത്താതെയുള്ള ചുമ എന്നിവ കണ്ടാല്‍ ആശുപത്രിയില്‍ ചികിത്സിക്കണം. ആസ്ത്മ ഉള്ളവര്‍ വിഷേഷിച്ച് പ്രായം ചെന്നവര്‍ പ്രത്യേകം സൂക്ഷിക്കണം.

8. ചെങ്കണ്ണ് പടര്‍ന്നു പിടിച്ചേക്കാനും സാധ്യതകള്‍ ഏറെയാണ്. ഇടക്കിടെ കൈകള്‍ കഴുകി വൃത്തിയാക്കുക, രോഗി ഉപയോഗിച്ച തോര്‍ത്തും തലയിണയും വച്ച് മുഖം തുടയ്ക്കാതിരിക്കുക എന്നീ പ്രതിരോധ നടപടികള്‍ മതിയാകും.

9. മൂത്രനാളിയിലെ അണുബാധ പെണ്‍കുട്ടികളില്‍ പ്രത്യേകിച്ച് കണ്ടു വരുന്നു. ഇതിനു കാരണം ടോയ്‌ലെറ്റ് സൗകര്യങ്ങളുടെ കുറവും അതു മൂലം സ്വാഭാവികമായി രൂപപ്പെടുന്ന വെള്ളം കുടിക്കാനുള്ള മടിയും ആണ്. Norfloxacin , Nitrofurantoin എന്നീ മരുന്നുകള്‍ ഫലപ്രദമാണ്. തിളപ്പിച്ചാറിച്ച വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കണം.

10. ത്വക്രോഗങ്ങള്‍ ഈ അവസരത്തില്‍ സാധാരണമാണ്. നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും, വെള്ളത്തില്‍ ദീര്‍ഘനേരം നില്‍ക്കുകയും ചെയ്യുന്നത് മൂലം തുടയിലെ ഇടുക്ക് ഭാഗങ്ങളില്‍ ഫംഗസ് ബാധ ഉണ്ടാവാം. Fluconazole tablets അല്ലെങ്കില്‍ Clotrimazole cream ഗുണം ചെയ്യും. ചികിസിക്കാതിരുന്നാല്‍ ചില പ്രമേഹരോഗികളില്‍ ഇത് പഴുക്കാന്‍ സാധ്യതയുണ്ട്.

വെള്ളമിറങ്ങിയ ശേഷം തിരികെ ചെല്ലുമ്പോള്‍ വീട്ടു പരിസരവും അടുക്കളയിലെ പാത്രങ്ങളും മറ്റും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ആദ്യം കഴുകി വൃത്തിയാക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ ആറ് ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ കലക്കി അര മണിക്കൂര്‍ വെച്ചിട്ടു വേണം ഉപയോഗിക്കാന്‍. കിണറ്റിലെ വെള്ളം, ആയിരം ലിറ്ററിന് ഒരു ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ എന്ന കണക്കിന് ചേര്‍ത്ത് ശുദ്ധീകരിക്കുക. ഈച്ചകള്‍ രോഗം പരത്താന്‍ സാധ്യത ഏറെയാണ്. വൃത്തിയുള്ള പരിസരം അവയെ അകറ്റി നിര്‍ത്തും.

 

പത്ത് ലക്ഷത്തിലേറെ ആളുകളെയാണ് സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ അധിവസിപ്പിച്ചിരിക്കുന്നത്. വിവിധ പ്രായക്കാരും വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നു വരുന്നതുമായ ആയിരക്കണക്കിന് ആള്‍ക്കാരാണ് ആരോ ക്യാംപുകളിലുമുള്ളത്. ഇത്രയും ചെറിയ സ്ഥലത്ത് വലിയൊരു കൂട്ടം ജനങ്ങള്‍ സാമൂഹ്യമായി അധിവസിക്കുമ്പോള്‍ സാംക്രമിക രോഗങ്ങളെ ഏറെ കരുതിയിരിക്കണം. ക്യാംപുകളില്‍ ആരോഗ്യം നിലനിര്‍ത്താന്‍ ചില നിര്‍ദേശങ്ങള്‍.

1. രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത കൂടുതലാണ്. എറെ ശ്രദ്ധ വേണം.

2. കുടി വെള്ളം ഒരു മിനിറ്റെങ്കിലും തിളപ്പിച്ചു ഉപയോഗിക്കുക.

3. മഴ വെള്ളം സംഭരിക്കുക. ഭക്ഷണം, വെള്ളം എന്നിവ പാഴാക്കരുത്.

4. പൂര്‍ണ ഗര്‍ഭിണികളെ നേരത്തെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ ആക്കുക.

5. ചിക്കന്‍ പോക്‌സ് ഉള്ളവരെ കഴിവതും മറ്റുള്ളവരില്‍ നിന്ന് അകലെ പാര്‍പ്പിക്കുക.

6. ടോയ്‌ലെറ്റ് ഉപയോഗിച്ചു കഴിഞ്ഞാല്‍ മുന്‍പത്തേക്കാളും വൃത്തിയാക്കി ഇടാന്‍ ശ്രദ്ധിക്കുക. ഇക്കാര്യത്തില്‍ അലംഭാവം വരാതിരിക്കാന്‍ മുതിര്‍ന്നവര്‍ ആരെങ്കിലും എല്ലാവരേയും തുടര്‍ച്ചയായി ബോധവല്‍ക്കരിക്കുക.

7. എലിപ്പനി സൂക്ഷിക്കുക. ചെരിപ്പിട്ടു നടക്കുക. കാലില്‍ ചെറിയ മുറിവുണ്ടെങ്കില്‍ പിന്നെ നനവു വന്നാല്‍ രോഗം പിടിപെടാം. വെള്ളത്തില്‍ മുങ്ങി നടന്നവര്‍ Doxycycline 200 mg ഒരു ഡോസ് കഴിച്ചാല്‍ പ്രതിരോധിക്കാം. കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും മരുന്ന് അലര്‍ജി ഉള്ളവര്‍ക്കും ഈ മരുന്ന് നല്‍കരുത്.

8. പാമ്പു കടി ഏല്‍ക്കാതെ നോക്കുക.

9. കൊതുകുതിരി ഉപയോഗിക്കുക

10. പഴകിയ, പാകം ചെയ്ത ഭക്ഷണം ഒഴിവാക്കുക. ബിസ്‌കറ്റ്, റസ്‌ക്, ബ്രഡ് പോലെയുള്ള ഭക്ഷണങ്ങളാണ് ഈ അവസരത്തില്‍ കൂടുതല്‍ നല്ലത്.

11. കലങ്ങിയ വെള്ളത്തില്‍ നടക്കുമ്പോള്‍ കുഴിയില്‍ വീഴാതെ ഒരു വടി കുത്തി സൂക്ഷിച്ചു നടക്കുക. അപ്രതീക്ഷിതമായ വീഴ്ചകളില്‍ എല്ലൊടിയാന്‍ സാധ്യതയുണ്ട്.

12. കുടിവെള്ളം പരിമിതമാണെങ്കില്‍ പ്രായം ചെന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആദ്യം കൊടുക്കുക. ഡീഹൈഡ്രേഷന്‍ (നിര്‍ജലീകരണം) ഇവരില്‍ രൂക്ഷമാകാന്‍ സാധ്യത കൂടുതലാണ്.

13. സാനിട്ടറി നാപ്കിന്‍, പ്ലാസ്റ്റിക്എന്നിവ സൂക്ഷിച്ചു നശിപ്പിക്കുക.

14. പ്രമേഹരോഗികള്‍ മരുന്ന് മുടങ്ങാതെ നോക്കുക. ഭക്ഷണത്തിന്റെ മാറ്റമനുസരിച്ചു ഡോസ് കുറക്കുകയോ കൂട്ടുകയോ ചെയ്യേണ്ടി വന്നേക്കാം.

15. ആസ്തമ ഉള്ളവര്‍ ഇന്‍ഹോലര്‍ അല്ലെങ്കില്‍ നെബുലൈസര്‍ കരുതുക. പുകയും സ്‌പ്രേയും ശ്വാസം മുട്ടല്‍ വരുത്താം എന്നോര്‍ക്കുക.

16. കുട്ടികള്‍ അന്യരുടെ അടുത്ത് അധികസമയം ചെലവഴിക്കുമ്പോള്‍ അല്ലെങ്കില്‍ അടുത്തിടപഴകുമ്പോള്‍ ഒരു കണ്ണുണ്ടാവണം.

17. സ്വിച്ചിടുമ്പോള്‍ ഷോക്കടിക്കില്ല എന്നുറപ്പു വരുത്തുക.

 

 

ദുരിതാശ്വാസ പ്രവര്‍ത്തകരുടെ ആരോഗ്യവും പ്രധാനം

 

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അവരവരുടെ ആരോഗ്യം സൂക്ഷിച്ചില്ലെങ്കില്‍ പിന്നീട് ദുഖിക്കേണ്ടി വരാം. ഉറക്കമിളക്കുക, തുടര്‍ച്ചയായി വിശ്രമമില്ലാതെ അധ്വാനിക്കുക ഇതൊക്കെ ഒരാവേശത്തില്‍ ചെയ്യുന്നവര്‍ ധാരാളം. ആരോഗ്യരംഗത്തും, ഐടി മേഖലയിലും ഉള്ളവരും മാധ്യമപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളുടെ ഭാഗമായവരും ഇപ്രകാരം പ്രവര്‍ത്തിക്കുന്നത് സര്‍വസാധാരണമാണ്. ഒറ്റ നോട്ടത്തില്‍ നല്ല കാര്യം എന്നു തോന്നിയേക്കാം. പക്ഷേ ഇപ്രകാരം കുറെ ദിവസം തുടര്‍ച്ചയായി ചെയ്യുമ്പോള്‍ നമ്മുടെയുള്ളില്‍ മാനസിക സമ്മര്‍ദ്ദം (Stress) കുമിഞ്ഞുകൂടുന്നു. പല തരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകളും ഇതില്‍ നിന്നും നാമ്പെടുക്കാം. രോഗിയായി മാറിയാല്‍ പിന്നെ ആശുപത്രിയായി, മരുന്നായി, ചികിത്സായായി.
സഹായിക്കരുതെന്നല്ല, പരോപകാരത്തിന്റെ പേരില്‍ ആവേശം കൊണ്ട് ശരീരം മറന്ന് സ്വന്തം ആരോഗ്യം നശിപ്പിക്കരുത് എന്നാണ് ഉദ്ദേശിച്ചത്.

ഉറക്കം നിസ്സാരമല്ല

ശരാശരി ആറ് മണിക്കൂറെങ്കിലും തുടര്‍ച്ചയായി നമ്മുടെ ശരീരം ഉറങ്ങേണ്ടതുണ്ട്. വാസ്തവത്തില്‍, ഒരു മനുഷ്യനെ ശാരീരികമായി ഉപദ്രവിക്കുന്നതിലും ഭീകര മര്‍ദന മുറയാണ് ഉറക്കമിളപ്പിക്കല്‍. എത്ര ബലവനാണെങ്കിലും 48 മണിക്കൂര്‍ ബലമായി ഉറക്കാതിരുന്നാല്‍ വേദനിപ്പിക്കാതെ തന്നെ വിവരങ്ങള്‍ തത്ത പറയുന്നതു പോലെ പറയുകയും ചെയ്യും. യുദ്ധത്തടവുകാരില്‍ സാധാരണ പ്രയോഗിക്കുന്ന മര്‍ദ്ദന മുറയാണിത്. നമ്മള്‍ സ്വയം മര്‍ദ്ദിക്കണോ?

ഇതിനുള്ള പോംവഴി, കാര്യങ്ങള്‍ ഒരു സുഹൃത്തിനെ തത്കാലത്തേക്ക് ഏല്പച്ചിട്ട് ഒരു ബ്രേക്ക് എടുക്കുക എന്നതാണ്.

1. നല്ല ഒരു സിനിമ കാണാം, അതില്‍ ഭീകരത ഉണ്ടാവരുത്.
2. ഒരു മണിക്കൂര്‍ കണ്ണടച്ചിരുന്നു പാട്ടു കേള്‍ക്കുക.
3. സുഹൃത്തിന്റെ വീട്ടില്‍ പോയി കുശലം പറയുക, മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക.
4. ചെറിയ യാത്ര പോവുക.
5. ചിത്രരചന നല്ലതാണ്.
6. ധ്യാനം, മസ്സാജ് എന്നിവ സമ്മര്‍ദ്ദത്തെ കുറക്കും.
7. ദുരിതാശ്വാസവുമായി ബന്ധമില്ലാത്ത എന്തെങ്കിലും അല്‍പ സമയം ചെയ്യുക.
8. ആശങ്ക അധികമായാല്‍ മനഃശാസ്ത്രജ്ഞനെ കാണാന്‍ മടിക്കരുത്.

ഓര്‍ക്കുക, എത്ര നേരം ജോലി ചെയ്തു എന്നതല്ല, എത്ര കാര്യക്ഷമമായി ജോലി ചെയ്തു എന്നതാണ് പ്രധാനം. ഈ യുദ്ധം നമുക്കൊരുമിച്ചു പോരാടാം.

 

(കൊച്ചിന്‍ ഐഎംഎ വൈസ് പ്രസിഡന്റും സണ്‍റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സില്‍ ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്റ്ററുമാണ് ലേഖകന്‍)

Comments

comments

Categories: FK Special, Slider
Tags: Illness