സിഇഒ കൊച്ചാര്‍ തന്നെ; അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്ന് ഐസിഐസിഐ

സിഇഒ കൊച്ചാര്‍ തന്നെ; അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്ന് ഐസിഐസിഐ

 

 

ആരോപണങ്ങളില്‍ രണ്ട് മാസത്തിനകം ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രതീക്ഷ; ഡയറക്റ്റര്‍ സ്ഥാനം വീണ്ടും നല്‍കണമെന്ന ചന്ദ കൊച്ചാറിന്റെ ആവശ്യം 30 ന് ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം പരിഗണിക്കും

 

മുംബൈ: വായ്പകള്‍ വേണ്ടപ്പെട്ടവര്‍ക്ക് അനുവദിച്ചെന്ന ആരോപണത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്ന ചന്ദ്ര കൊച്ചാറിനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തു നിന്ന് നീക്കിയിട്ടില്ലെന്ന് ഐസിഐസിഐ ബാങ്ക് വ്യക്തമാക്കി. ചന്ദ്ര കൊച്ചാര്‍ അവധിയില്‍ പ്രവേശിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും നടപടി ആവശ്യമാണെങ്കില്‍ അത് ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും എടുക്കുകയെന്നും ബാങ്ക് ചെയര്‍മാന്‍ ഗിരീഷ് ചന്ദ്ര ത്രിവേദി വ്യക്തമാക്കി. ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളില്‍ രണ്ട് മാസത്തിനകം ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒരു ബിസിനസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഐസിഐസിയുടെ തലപ്പത്തേക്ക് കൊച്ചാര്‍ തിരിച്ചു വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലം പകരുന്നതാണ് ത്രിവേദിയുടെ പ്രതികരണം. ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ബോര്‍ഡില്‍ ഡയറക്റ്റര്‍ സ്ഥാനം വീണ്ടും നേടിയെടുക്കാനാണ് ചന്ദ കൊച്ചാറിന്റെ ശ്രമം. ഈ മാസം 30 ന് ചേരാനിരിക്കുന്ന ബാങ്കിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കൊച്ചാറിന്റെ ആവശ്യം പരിഗണിക്കുമെന്നാണ് സൂചന. ഡയറക്റ്റര്‍ സ്ഥാനത്തേക്ക് നിയമിതയാകുവാന്‍ യോഗ്യയായ ചന്ദ കൊച്ചാര്‍ ഇതിന് അനുമതി തേടിയിട്ടുണ്ടന്ന് ജനറല്‍ ബോഡി സംബന്ധിച്ച് ബാങ്ക് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം ഐസിഐസിഐ സെക്യൂരിറ്റീസ് ഒഴികെ ബാങ്കിന്റെ മറ്റ് ഘടകങ്ങളിലെ ബോര്‍ഡുകളില്‍ കൊച്ചാര്‍ ഇപ്പോഴും അംഗമാണ്. ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി, ഐസിഐസിഐ ബാങ്ക് കാനഡ എന്നിവയുടെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗമാണ് അവര്‍. ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനാല്‍ അവധിയെടുത്തിരിക്കുന്ന കൊച്ചാറിന്റെ അഭാവത്തില്‍ മുഴുവന്‍ സമയ ഡയറക്റ്ററായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും നിയമിതനായ സന്ദീപ് ബക്ഷിയാണ് ബാങ്കിനെ നയിക്കുന്നത്. നിക്ഷേപകരുടെ വിശ്വാസം ആര്‍ജിക്കാനായിരുന്നു ബക്ഷിയെ കൊണ്ടുവന്നത്. എന്നാല്‍ കൊച്ചാര്‍ തന്നെയാണ് എംഡിയും സിഇഒയുമെന്ന്, ബാങ്ക് ജൂണില്‍ ഒാഹരി വിപണിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ആരോപണങ്ങളുടെ നിഴലിലും ബാങ്കിനു മേലുള്ള അവരുടെ സ്വാധീനവും പിടിയും അയഞ്ഞിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വീഡിയോകോണ്‍ ഗ്രൂപ്പിന് ചന്ദ കൊച്ചാര്‍ അനുവദിച്ചു നല്‍കിയ വന്‍ വായ്പയാണ് അഴിമതി ആരോപണത്തിന് ഇടയാക്കിയിരിക്കുന്നത്. കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, സഹോദരന്‍ മഹേഷ് അഡ്വാണി എന്നിവര്‍ക്ക് ഇതിലൂടെ അനധികൃത നേട്ടമുണ്ടായെന്നാണ് ആരോപണം. ദീപക്കും മഹേഷും വീഡിയോകോണ്‍ എംഡി വേണുഗോപാല്‍ ധൂതും ചേര്‍ന്ന് സംയുക്ത സംരംഭമായി നൂപവര്‍ റിന്യൂവബിള്‍സ് എന്ന കമ്പനി 2008 ല്‍ സ്ഥാപിച്ചിരുന്നു. വീഡിയോകോണിന് ഐസിഐസിഐ നല്‍കിയ വായ്പ ഫലത്തില്‍ കൊച്ചാറിന്റെ ബന്ധുക്കളുടെ പോക്കറ്റിലേക്കാണ് പോയതെന്നാണ് ചൂണ്ടിക്കാട്ടപ്പെട്ടത്. ആരോപണത്തില്‍ അന്വേഷണ ഏജന്‍സികള്‍ ഇടപെട്ട് നടപടികള്‍ സ്വീകരിച്ചതോടെ കൊച്ചാറിനോട് അവധിയില്‍ പ്രവേശിക്കാന്‍ ബാങ്ക് ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ശ്രീകൃഷ്ണയാണ് ആരോപണങ്ങള്‍ അന്വേഷിക്കുന്നത്.

 

Comments

comments

Categories: Banking

Related Articles