അരുണ്‍ ജെയ്റ്റ്‌ലി വീണ്ടും ധനകാര്യമന്ത്രിയായി ചുമതലയേറ്റു

അരുണ്‍ ജെയ്റ്റ്‌ലി വീണ്ടും ധനകാര്യമന്ത്രിയായി ചുമതലയേറ്റു

 

പിയുഷ് ഗോയല്‍ റെയ്ല്‍വെ മന്ത്രിയായി തുടരും

ന്യൂഡെല്‍ഹി: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് മാസത്തെ വിശ്രമം കഴിഞ്ഞ് അരുണ്‍ ജെയ്റ്റ്‌ലി വീണ്ടും കേന്ദ്രമന്ത്രിയായി ചുമതലയേറ്റു. അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ ധനകാര്യ വകുപ്പിന്റെ ചുമതല താത്കാലികമായി നിര്‍വഹിച്ച പിയുഷ് ഗോയല്‍ റെയ്ല്‍വെ മന്ത്രിയായി തുടരും. രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ഓഫിസില്‍ നിന്ന് ധനകാര്യം, കമ്പനികാര്യ വകുപ്പുകള്‍ ജെയ്റ്റ്‌ലിക്ക് അനുവദിച്ച് ഉത്തരവായി. മൂന്ന് മാസക്കാലവും വകുപ്പില്ലാ മന്ത്രിയായി തുടര്‍ന്നുവെന്നതിനാല്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ട ആവശ്യമില്ല.
മേയ് 14 നായിരുന്നു ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍( എയിംസ്) ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയ്ക്ക് ശേഷം എട്ട് ആഴ്ചയെങ്കിലും വിശ്രമം ആവശ്യമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് അരുണ്‍ ജെയ്റ്റ്‌ലി അവധിയില്‍ പ്രവേശിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം പൊതുപരിപാടികള്‍ ഒഴിവാക്കിയിരുന്നെങ്കിലും രാജ്യസഭാ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
വിശ്രമത്തിലായിരുന്നെങ്കിലും സര്‍ക്കാരിന്റെ നയ രൂപീകരണ ചര്‍ച്ചകളിലും രാഷ്ട്രീയ ചര്‍ച്ചകളിലുമെല്ലാം അദ്ദേഹം പങ്കാളിയായിരുന്നു. വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഫിനാന്‍സ് സെക്രട്ടറി ഹഷ്മുഖ് ആദിയ, സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ഗാര്‍ഗ്, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തുടങ്ങിയവരുമായി അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.
മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് 10 ശതമാനം സാമ്പത്തിക വളര്‍ച്ച നേടാനായിരുന്നുവെന്ന സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ജയ്റ്റ്‌ലിയുടെ തിരിച്ചുവരവ്. ജിഎസ്ടി വരുമാനം സംബന്ധിച്ചും വിറ്റഴിക്കലിലൂടെ ലഭ്യമാകുന്ന വരുമാനം സംബന്ധിച്ചും ഉയരുന്ന വെല്ലുവിളികള്‍ കൂടി ജയ്റ്റ്‌ലിക്ക് പൊതു തെരഞ്ഞെടുപ്പിനു മുന്‍പായി നേരിടേണ്ടതുണ്ട്.

Comments

comments

Categories: FK News
Tags: Arun Jaitley