5ജി സാങ്കേതികവിദ്യ: ഹ്വാവെയ്ക്ക് ഓസ്‌ട്രേലിയയുടെ വിലക്ക്

5ജി സാങ്കേതികവിദ്യ: ഹ്വാവെയ്ക്ക് ഓസ്‌ട്രേലിയയുടെ വിലക്ക്

ഹ്വാവെയെ പുറത്താക്കിയത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുടെ പശ്ചാത്തലത്തില്‍; ജീവനക്കാരുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് മറ്റാരുമായും പങ്കാളിത്തമില്ലെന്ന് ചൈനീസ് കമ്പനി

 

ബെയ്ജിംഗ്: ഓസ്‌ട്രേലിയിലെ വയര്‍ലസ് നെറ്റ്‌വര്‍ക്കുകള്‍ക്ക് 5ജി സാങ്കേതികവിദ്യ നല്‍കുന്നതില്‍ നിന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തങ്ങളെ വിലക്കിയെന്ന് ചൈനീസ് ടെക് കമ്പനിയായ ഹ്വാവെയ്. തീരുമാനം ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍, ടെലികമ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കളായ ചൈനീസ് കമ്പനിയെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് ചൈനീസ് കമ്പനിക്ക് വിലക്ക് വീണിരിക്കുന്നത്. ഹ്വാവെയും ചൈനീസ് സര്‍ക്കാരും തമ്മിലുള്ള ബന്ധങ്ങളില്‍ ഓസ്‌ട്രേലിയന്‍ ദേശീയ സുരക്ഷാ ഏജന്‍സികള്‍ ആശങ്ക പ്രകടിപ്പിച്ചെന്നും ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം എടുത്തതെന്നുമാണ് റിപ്പോര്‍ട്ട്.

മറ്റൊരു വിദേശ രാജ്യത്തിന്റെ നിയമത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഓസ്‌ട്രേലിയന്‍ നിയമവുമായി ബന്ധപ്പെട്ട് വൈരുദ്ധ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ പ്രസ്താവനയില്‍ ചൈനീസ് സര്‍ക്കാരിന്റെയോ ഹ്വാവെയുടെയോ പേര് പരാമര്‍ശിച്ചിട്ടില്ല. ആഭ്യന്തര കാര്യങ്ങളില്‍ ചൈന സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായ നിലയിലാണ്. ചൈനയെ ഒട്ടും വിശ്വാസമില്ലെന്ന സന്ദേശമാണ് ഹ്വാവെയ്‌ക്കെതിരായ നടപടിയിലൂടെ ഓസ്‌ട്രേലിയ നല്‍കുന്നത്.

അതേസമയം സുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഹ്വാവെയ് ആവര്‍ത്തിച്ച് നിരസിച്ചു. തങ്ങളുടെ ജീവനക്കാരുടെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ കമ്പനിയാണ് ഇതെന്നും മറ്റ് പങ്കാളികളൊന്നും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കമ്പനി ഊന്നിപ്പറയുന്നു. ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് വളരെ നിരാശാജനകമായ വാര്‍ത്തയാണെന്നും 5ജി സാങ്കേതിതവിദ്യയിലെ ആഗോള നേതാക്കളാണ് തങ്ങളെന്നും ചൈനീസ് കമ്പനി ട്വിറ്ററില്‍ പ്രതികരിച്ചു.

 

സാമ്പത്തിക വളര്‍ച്ചയിലേക്ക് എത്തിച്ചേരണമെങ്കില്‍ രാഷ്ട്രങ്ങളെ സംബന്ധിച്ച് ജനാധിപത്യവും ജനാധിപത്യ സ്ഥാപനങ്ങളും അത്യധികം പ്രധാനമാണെന്ന് 2017 മാര്‍ച്ചില്‍ സിംഗപ്പൂരില്‍ വച്ചു നടത്തിയ പ്രസംഗത്തില്‍ ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് ചൈനക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബറില്‍ ഓസ്‌ട്രേലിയ സര്‍ക്കാര്‍ വിദേശ ഇടപെടല്‍, ചാരവൃത്തി എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ചൈനീസ് ഇടപെടലുകളോടുള്ള ആശങ്കയാണ് ഇരു ബില്ലുകളും സൂചിപ്പിക്കുന്നത്.

 

Comments

comments

Categories: Tech
Tags: 5G