കേന്ദ്രനയം തിരുത്തില്ല, യുഎഇ നല്‍കുന്ന 700 കോടി നഷ്ടമാകും

കേന്ദ്രനയം തിരുത്തില്ല, യുഎഇ നല്‍കുന്ന 700 കോടി നഷ്ടമാകും

യുഎഇ ഭരണാധികാരികള്‍ക്ക് വ്യക്തിപരമായി സഹായിക്കാവുന്നതാണെന്ന് വിശദീകരണം

ന്യൂഡെല്‍ഹി: പ്രളയക്കെടുതിയില്‍ നിന്ന് കര കയറുന്ന കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ ഭരണകൂടം പ്രത്യേക ഫണ്ടിലൂടെ സമാഹരിച്ച 700 കോടി രൂപ കേരളത്തിന് കൈമാറുന്നത് പ്രതിസന്ധിയില്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ രാജ്യങ്ങളുടെ സഹായം വാങ്ങേണ്ടതില്ലെന്ന് 2004 മുതല്‍ സ്വീകരിക്കുന്ന നയം തിരുത്തേണ്ടതില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്. 2004ലെ സുനാമിയുടെ ഘട്ടത്തിലും ഉത്തരാഘണ്ഡ് പ്രളയ ഘട്ടത്തിലും ഇത്തരത്തില്‍ ചില വിദേശ രാജ്യങ്ങളുടെ സഹായങ്ങള്‍ നിരസിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
യുഎഇ ഭരണാധികരാരികള്‍ക്കോ ബിസിനസ് നേതൃത്വങ്ങള്‍ക്കോ വ്യക്തിപരമായി കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് തടസമുണ്ടാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം വളരേ ഉയര്‍ന്നതിനാലും യുഎഇയുമായി മികച്ച നയതന്ത്ര ബന്ധം ഇന്ത്യക്കുള്ളതിനാലും 2004ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ സ്വീകരിച്ച നയം ഇപ്പോള്‍ അതുപോലെ പിന്തുടരുതെന്ന ആവശ്യം ശക്തമായിരുന്നു. 20,000 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങള്‍ പ്രാഥമികമായി നാശനഷ്ടം കണക്കാക്കുന്ന ഒരു ദുരിതത്തിന് ലഭിക്കുന്ന സഹായം ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും കേരളത്തില്‍ നിന്ന് ആവശ്യമുയര്‍ന്നു. എന്നാല്‍ ഉന്നത തലത്തിലുള്ള ആലോചനകള്‍ക്കു ശേഷം നയം തിരുത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എത്തിയിട്ടുള്ളത്.
കേരളത്തിന് പ്രാഥമിക സാമ്പത്തിക സഹായമായി 600 കോടിയോളം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. വിലയിരുത്തലുകള്‍ക്കു ശേഷം കൂടുതല്‍ ധനസഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.

Comments

comments

Categories: Top Stories
Tags: Kerala flood, UAE