ദ്രുതഗതിയില്‍ വളരുന്ന ടോപ്പ് 5 സംരംഭക മേഖലകള്‍

ദ്രുതഗതിയില്‍ വളരുന്ന ടോപ്പ് 5 സംരംഭക മേഖലകള്‍

വിപണിയുടെ സാധ്യത മനസിലാക്കിയുള്ള പുത്തന്‍ ആശയങ്ങളാണ് ഇന്ന് ഒട്ടുമിക്ക സ്റ്റാര്‍ട്ടപ്പുകളെയും വിജയത്തിലെത്തിക്കുന്നത്. ഇന്ന് പൊതുവെ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഏറി വരുന്നതും മികച്ച വളര്‍ച്ച നേടുന്നതുമായ സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ ബ്യൂട്ടി ടെക് മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെ ഉള്‍പ്പെട്ടിരിക്കുന്നു

 

പുത്തന്‍ ആശയങ്ങള്‍ സംരംഭങ്ങളായി പരുവപ്പെടുത്തിക്കൊണ്ടുള്ള പ്രചാരം രാജ്യത്തെ വ്യവസായ, സാമ്പത്തിക മേഖലയ്ക്ക് പുതിയ ഉണര്‍വ് പകരുകയാണ്. മനസില്‍ മികച്ച ആശയവും അതു നടപ്പിലാക്കാനുള്ള ആത്മവിശ്വാസവും മതിയായ നിക്ഷേപ പിന്തുണയും ലഭിച്ചാല്‍ ആര്‍ക്കും ഒരു സ്റ്റാര്‍ട്ടപ്പിനു തുടക്കമിടാം. വിപണി സാധ്യത കണ്ടറിഞ്ഞ് മെച്ചപ്പെട്ട മേഖല ശ്രദ്ധയോടെ തെരഞ്ഞെടുക്കണമെന്നു മാത്രം. വിപണിയുടെ ഡിമാന്‍ഡ് ശരിയായ രീതിയില്‍ പഠന വിധേയമാക്കിക്കൊണ്ട് നടത്തുന്ന ചുവടുവെപ്പാണ് ബിസിനസിന്റെ വിജയത്തിന് അടിസ്ഥാനം. ചില ആശയങ്ങള്‍ വളരെ മികച്ചതായിരിക്കും, എന്നാല്‍ മതിയായ ആവശ്യകത ആളുകള്‍ക്കിടയില്‍ ഇല്ലെങ്കില്‍ അവ പ്രതീക്ഷിച്ചത്ര വിജയം കണ്ടെന്നു വരില്ല. അതായത് സംരംഭം തുടങ്ങും മുമ്പ് നിങ്ങളുടെ പദ്ധതിയെ കുറിച്ച് ശരിയായ രീതിയിലുള്ള ഗവേഷണം നടത്തിയിരിക്കണമെന്നു സാരം.

ഇന്ന് ഇന്ത്യയിലൊട്ടാകെയും ആഗോളതലത്തിലും സ്റ്റാര്‍ട്ടപ്പുകള്‍ അനുദിനം കൂണുപോലെ മുളച്ചു പൊന്തുന്നുണ്ട്. ശരിയായ മേഖലാ തെരഞ്ഞെടുപ്പുകളാണ് ഇവിടെ പ്രധാനം. ഇന്ന് പൊതുവെ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഏറി വരുന്നതും മികച്ച വളര്‍ച്ച നേടുന്നതുമായ സ്റ്റാര്‍ട്ടപ്പ് മേഖലകള്‍ കോസ്‌മെറ്റിക്, വയോജന സംരക്ഷണം, വിനോദസഞ്ചാരം, സ്ട്രീറ്റ് ഫുഡ് വില്‍പ്പനക്കാര്‍, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവയാണ്. വരും വര്‍ഷങ്ങളില്‍ വന്‍ വളര്‍ച്ചാ സാധ്യതയാണ് ഇക്കൂട്ടരില്‍ പ്രതീക്ഷിക്കുന്നത്.

ബ്യൂട്ടിടെക്

സൗന്ദര്യ സംരക്ഷണ മേഖലയ്ക്ക് എക്കാലത്തും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ മേഖലയിലേക്കുള്ള സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ക്ക് വഴിവെക്കുന്നു. പുതിയതും നവീന രീതിയിലുമുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇവിടെ ഡിമാന്‍ഡ്. കാരണം ആളുകള്‍ പുതിയ സാങ്കേതിക വിദ്യയിലേക്ക് അത്രകണ്ട് ആകൃഷ്ടരായിരിക്കുന്നു. സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാരും ഇന്ന് ഈ മേഖല ഏറെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ചെറു സംരംഭങ്ങളായി വനിതാ ബ്യൂട്ടിപാര്‍ലറുകള്‍ക്കൊപ്പം ജെന്‍സ് പാര്‍ലറുകളും വളര്‍ന്നു വരുന്നതു തന്നെ ഇതിന്റെ ഭാഗമായാണ്. എന്നാല്‍ മെട്രോ നഗരങ്ങളില്‍ യുവതലമുറ പുത്തന്‍ ട്രെന്‍ഡുകളും ടെക് ഉല്‍പ്പന്നങ്ങളും സാധ്യമാക്കുന്ന സംരംഭങ്ങളിലേക്കാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. വിദേശ രാജ്യങ്ങളിലേതു പോലെയുള്ള സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും സാധ്യമാക്കുന്ന ഇടങ്ങളില്‍ ചെലവ് കൂടുന്നതും പലപ്പോഴും ഇവര്‍ ഗൗരവമായി എടുക്കാറില്ല. പണമല്ല, ഗുണമേന്‍മയ്ക്കാണ്് ഇത്തരം സ്റ്റാര്‍ട്ടപ്പുകളില്‍ ആളുകള്‍ ഊന്നല്‍ നല്‍കി വരുന്നത്.

ആഗോള ബിസിനസ് ഗവേഷണ ഏജന്‍സിയായ ഐബിഐഎസിന്റെ അഭിപ്രായ പ്രാകാരം ബ്യൂട്ടിടെക് മേഖലയ്ക്ക് വിപണിയില്‍ വന്‍ വളര്‍ച്ചയാണ് കൈവരാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം ഈ മേഖലയുടെ വിപണി മൂല്യം 22.1 ബില്യണ്‍ ഡോളര്‍ ആയിരുന്നത് 2022 ഓടെ 27.8 ബില്യണ്‍ ഡോളറാകുമെന്നും അവര്‍ വിലയിരുത്തുന്നു.

വയോജന സംരക്ഷണം

വര്‍ധിച്ചു വരുന്ന ജനസംഖ്യയിലെ ഒരു വലിയ വിഭാഗം പ്രായം ഏറിയവരാണ്. തിരക്കുകള്‍ ഏറി വരുന്ന ജീവിതത്തിനിടയില്‍ വീടുകളിലുള്ള പ്രായമുള്ളവരെ സംരക്ഷിക്കാനോ അവരുടെ കാര്യങ്ങള്‍ ശരിയായി നോക്കിനടത്താനോ കഴിയാനാവാത്ത നിസഹായ അവസ്ഥയും തള്ളിക്കളയാനാകില്ല. നവീന ആശയങ്ങളിലൂടെ ഇക്കൂട്ടരുടെ സംരക്ഷണം ഏറ്റെടുക്കുന്ന സംരംഭങ്ങള്‍ക്കും ഇന്ന് വിപണിയില്‍ ഏറെ പ്രാധാന്യമുണ്ട്. നമ്മുടെ പ്രിയപ്പെട്ടവരെ കാര്യക്ഷമമായി സംരക്ഷിക്കുന്നവരുടെ കൈകളില്‍ ഏല്‍പ്പിക്കുന്നതിനാകും നാമെല്ലാം ഏറെ മുന്‍തൂക്കം നല്‍കുക. ഏറെ വളര്‍ച്ചാ സാധ്യതകളുള്ള ഈ മേഖലയില്‍ നിക്ഷേപം ഇറക്കുന്നത് എന്തുകൊണ്ടും മികച്ച തീരുമാനം ആകുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ വര്‍ഷം 50.7 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് മേഖല നേടിയത്. ഈ കണക്ക് 2022 ഓടെ 42 ശതമാനത്തോളം വര്‍ധിക്കുമെന്നും ഐബിഐഎസ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

വിനോദസഞ്ചാരം

ഇന്ന് യുവതലമുറ മാത്രമല്ല യാത്രകള്‍ക്കും വിനോദങ്ങള്‍ക്കുമായി സമയം ചെലവഴിക്കാറുള്ളത്. റിട്ടയര്‍മെന്റ് കാലം ഇത്തരത്തിലുള്ള ഉല്ലാസത്തിനും യാത്രകള്‍ക്കുമായി മാറ്റിവെക്കാനാണ് ഭുരിഭാഗം ആളുകള്‍ക്കും ഇഷ്ടം. സ്‌പോര്‍ട്‌സ്, എന്റര്‍ടെയ്ന്‍മെന്റ്, മാനസിക ഉല്ലാസം പ്രദാനം ചെയ്യുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൊക്കെ ഏര്‍പ്പെടുന്നതില്‍ ആളുകള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതിനാല്‍ ഈ മേഖലയില്‍ രൂപം കൊള്ളുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച ലാഭം കൊയ്യാനാകുന്നുണ്ട്. യുവതലമുറയും ഈ മേഖലയില്‍ ഏറെ തുക ചെലവഴിക്കുന്നുണ്ട്, അതിന്റെ തോതും വരും വര്‍ഷങ്ങളില്‍ കുറവുണ്ടാകില്ല. അതുകൊണ്ടുതന്നെ വിപണിയില്‍ 30 ശതമാനത്തോളം വളര്‍ച്ചയാണ് വിനോദ മേഖല അടുത്ത വര്‍ഷങ്ങളില്‍ കൈവരിക്കാന്‍ പോകുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തിളങ്ങാന്‍ മികച്ച അവസരവും ഉണ്ട്.

സ്ട്രീറ്റ് ഫുഡ് വില്‍പ്പനക്കാര്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഫാസ്റ്റ് ഫുഡ് മേഖലയിലുണ്ടായ വളര്‍ച്ച ചില്ലറയൊന്നുമല്ല. ആളുകളുടെ ഭക്ഷ്യ സംസ്‌കാരത്തിലുണ്ടായ ഈ മാറ്റം ഭക്ഷണം എത്തിക്കുന്ന ട്രക്കുകളും വില്‍പ്പനക്കാരും വന്‍തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഫാസ്റ്റ് ഫുഡ് മേഖലയില്‍ ദിനംപ്രതി വളര്‍ച്ചയുടെ തോത് കൂടുന്നത് വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ പുത്തന്‍ ആശയങ്ങളുമായി മേഖലയിലേക്ക് ചേക്കേറാനും കാരണമായി. ചെറിയ നഷ്ടമുണ്ടായാല്‍ എത്രയും വേഗം ബിസിനസ് മാറാന്‍ കഴിയുന്നതും ഈ രംഗത്തിന് പിന്തുണ നല്‍കുന്നു. വേറിട്ട രുചിയില്‍ തെരുവോര ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആളുകള്‍ കാണിക്കുന്ന താല്‍പ്പര്യം കാര്യമായി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ഈ മേഖലയിലെ സംരംഭകര്‍.

സൂപ്പര്‍മാര്‍ക്കറ്റ്

ഷോപ്പിംഗ് അനുഭവം വളരെയധികം ലളിതമാക്കുന്ന നവീന ആശയങ്ങളാണ് നിലവില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നല്‍കുന്നത്. വിവിധ ബ്രാന്‍ഡിലുള്ള വ്യത്യസ്തയിനത്തില്‍ പെട്ട ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതും വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുത്തുന്നതും ഇവരുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മേഖല വന്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സാധാരണക്കാര്‍ പോലും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് എത്താനുള്ള പ്രവണത ഏറി വരുന്നതും ഇവര്‍ക്ക് പിന്തുണയേകുന്നു. പുതു സംരംഭകര്‍ക്ക് കടന്നു വരാനുള്ള ഏറ്റവും മികച്ച മേഖലകളിലൊന്നായി ഈ മേഖല ചൂണ്ടിക്കാണിക്കപ്പെടുന്നു

Comments

comments

Categories: Entrepreneurship