സമൂഹ നന്മ ലക്ഷ്യമാക്കിയ ടെക്‌നോളജി സംരംഭങ്ങള്‍

സമൂഹ നന്മ ലക്ഷ്യമാക്കിയ ടെക്‌നോളജി സംരംഭങ്ങള്‍

ഭാരത സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിക്ക് പിന്തുണ നല്‍കി അഹമ്മദാബാദില്‍ തുടങ്ങിയ ഇന്‍കുബേഷന്‍ കേന്ദ്രമാണ് ഐക്രിയേറ്റ്. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കാവശ്യമായ നിക്ഷേപം, മാര്‍ഗ നിര്‍ദേശങ്ങള്‍, വിപണി കണ്ടെത്തല്‍ എന്നിവ നല്‍കി ഐക്രിയേറ്റ ചുരുങ്ങിയ കാലയളവില്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഏതാനും സ്റ്റാര്‍ട്ടപ്പുകളെ പരിചയപ്പെടാം

 

ഇത് സ്റ്റാര്‍ട്ടപ്പുകളുടെ കാലമാണ്. സര്‍വ മേഖലകളിലേക്കും പടര്‍ന്നു പന്തലിക്കുന്ന സ്റ്റാര്‍ട്ടപ്പ് ജ്വരത്തിന് പിന്തുണയേകാന്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരും സ്വതന്ത്ര ഇന്‍കുബേഷന്‍ കേന്ദ്രങ്ങളും ഒപ്പമുണ്ടെന്ന വസ്തുതയും എടുത്തുപറയേണ്ടതു തന്നെ. അഭ്യസ്തവിദ്യരായ യുവതീയുവാക്കളില്‍ ഭൂരിഭാഗവും ഇന്ന് പഠിച്ചിറങ്ങിയ ഉടന്‍ തന്നെ സ്വന്തം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ആക്കം കൂട്ടുകയാണ്. ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലിക്കാരായി പ്രവേശിക്കുന്നതിനു പകരം തന്റേതായ തിരക്കുകളും ജീവിതവും ആസ്വദിച്ചുകൊണ്ട് സ്വന്തം സംരംഭം കെട്ടിപ്പെടുക്കുക എന്ന സ്വപ്‌നമാണ് ഇന്നത്തെ യുവതലമുറയെ ഏറെ ആകര്‍ഷിച്ചു വരുന്നത്. സമൂഹത്തില്‍ നിന്നു തന്നെ അവര്‍ക്കാവശ്യമായ പിന്തുണയും വലിയ തോതില്‍ ലഭിക്കുന്നു.

യുവതലമുറയില്‍ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനും അവയ്ക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മറ്റുമായി ഭാരത സര്‍ക്കാരും ഈ വിഷയത്തില്‍ മുന്‍കൈ എടുക്കുന്നുണ്ട്. ഭാരത സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിക്ക് പിന്തുണ നല്‍കി അഹമ്മദാബാദില്‍ ഈ വര്‍ഷം ആദ്യ മാസത്തോടെ നടപ്പാക്കിയ ഇന്‍കുബേഷന്‍ സെന്ററാണ് ഐക്രിയേറ്റ് (icreate- International Centre for Entrepreneurship and Technology ). പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഇസ്രയേല്‍ പ്രധാനമന്ത്രിയും ചേര്‍ന്ന് രാജ്യത്തിന് സമര്‍പ്പിച്ച ഐക്രിയേറ്റ് ഒരു സ്വതന്ത്ര ഇന്‍കുബേഷന്‍ കേന്ദ്രം എന്ന നിലയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇന്ത്യയുടെ സാമൂഹ്യ-സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട്, സംരംഭകത്വ മേഖലയിലേക്ക് ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് ആവശ്യമായ തോതിലുള്ള സാങ്കേതിക വിദ്യയും സഹായവും സാമ്പത്തികവും ലഭ്യമാക്കാന്‍ സഹായിക്കുന്ന സ്വതന്ത്ര ഇന്‍കുബേഷന്‍ സെന്ററാണ് ഇത്്. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കാവശ്യമായ നിക്ഷേപം, മാര്‍ഗ നിര്‍ദേശങ്ങള്‍, വിപണി കണ്ടെത്തല്‍, മറ്റ് ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പുതുസംരംഭകര്‍ക്കായി 13 ആഴ്ച നീളുന്ന സംരംഭകത്വ പരിപാടികളാണ് ഐക്രിയേറ്റ് ചെയ്തുവരുന്നത്.

ഗുജറാത്ത് മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (ജിഎംഡിസി) ഗുജറാത്ത് എന്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് വെഞ്ച്വര്‍ പ്രൊമോഷന്‍ ഫൗണ്ടേഷനും (ജിഇവിപിഎഫ്) സംയുക്തമായി നടപ്പാക്കിയ സംരംഭമാണ് ഐക്രിയേറ്റ്. ഇന്ത്യയിലെ വന്‍കിട കമ്പനികളുടെ പിന്തുണയും ഇതിനുണ്ട്. ഇന്‍കുബേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങി എട്ടുമാസത്തിനുള്ളില്‍ ഐക്രിയേറ്റ് പിന്തുണ നല്‍കിയ ഏതാനും സ്റ്റാര്‍ട്ടപ്പുകളെ ഇവിടെ പരിചയപ്പെടാം. ആധുനിക കാലത്ത് വിവിധ മേഖലകളില്‍ സജീവമായ ഡ്രോണുകള്‍ നിര്‍മിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ മെഡിക്കല്‍ മേഖലയ്ക്ക് സഹായകമായി കൃത്രിമ ശരീര ഭാഗങ്ങള്‍ നിര്‍മിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ വരെ ഈ നിരയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. വിവിധ മാര്‍ഗനിര്‍ദേശങ്ങളിലൂടെ ഈ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ നിക്ഷേപവും വിപണി കണ്ടെത്തലിനും സഹായിച്ചാണ് ഐക്രിയേറ്റ് ഇവയ്ക്ക് പിന്തുണ നല്‍കിയത്.

ഏയ്തര്‍ ബയോമെഡിക്കല്‍

രണ്ടു വര്‍ഷം മുമ്പ് സഫ്ദര്‍ജംഗ് ആശുപത്രിയിലെ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ന്യൂഡെല്‍ഹി ആസ്ഥാനമായി ആരംഭിച്ച സംരംഭമാണ് ഏയ്തര്‍. നൂതന മെഡിക്കല്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു സംരംഭത്തിന്റെ തുടക്കം. ഇലക്ട്രിക് പവറോടുകൂടിയ കൃത്രിമ കൈകള്‍ വികസിപ്പിക്കുകയും അവ താങ്ങാവുന്ന നിരക്കില്‍ വിപണിയില്‍ ലഭ്യമാക്കുകയും ചെയ്യുന്ന സംരംഭം രാജ്യത്തെ സാധാരണക്കാര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായി വരികയാണ്. കൈകളുടെ ജോയിന്റും വിരലുകളും കൃത്രിമമായി വികസിപ്പിക്കാനും ഇവര്‍ മുന്‍കൈ എടുക്കുന്നുണ്ട്.

ചെലവ് ഏറെയുള്ള ഇത്തരം മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ ഒരു കാലത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അന്യമായിരുന്നു. എന്നാല്‍ സംരംഭം മുന്നോട്ടുവെക്കുന്ന താങ്ങാവുന്ന നിരക്ക് സാധാരണക്കാരെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. രോഗങ്ങളാലും അപകടങ്ങളില്‍ അകപ്പെട്ടും അംഗഭംഗം വരുന്നവരുടെ തോത് അഗോളതലത്തില്‍ 10 മില്യണോളം വരും. ഇവരില്‍ ഏറിയ പങ്കും വികസ്വര രാജ്യങ്ങളിലാണുള്ളതെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഈ മേഖലയില്‍ ശ്രദ്ധ നല്‍കുന്ന സംരംഭങ്ങള്‍ വെറും പത്തു ശതമാനം മാത്രമാണുള്ളത്. പൊണ്ണത്തടി, പ്രമേഹം, ധമനി സംബന്ധമായ രോഗങ്ങള്‍, പക്ഷാഘാതം, സന്ധിവാതം എന്നിവ വഴി കൈകാലുകള്‍ മുറിക്കേണ്ടി വരുന്നവരുടെ എണ്ണവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൃത്രിമ ശരീരഭാഗങ്ങള്‍ നിര്‍മിക്കുന്ന ഏയ്തര്‍ പോലെയുള്ള സംരംഭങ്ങള്‍ക്ക് മേഖലയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് കമ്പനിക്ക് നേതൃത്വം നല്‍കുന്ന ധ്രുവ് അഗ്രവാള്‍ ചൂണ്ടിക്കാണിക്കുന്നു. ഏയ്തറിന്റെ ആദ്യ ഉല്‍പ്പന്നം സ്യൂസ് എന്ന പേരിലിറക്കിയ കൈപ്പത്തിയായിരുന്നു.

പള്‍സ് പ്രോഗ്നോസിസ്

കാജള്‍ ശ്രീവാസ്തവ നേതൃത്വം നല്‍കുന്ന പള്‍സ് പ്രോഗ്നോസിസ് നാഡി ഹൊറസ്‌കോപ്പ് എന്ന പേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്. ഒരു വര്‍ഷം മുമ്പ് അഹമ്മദാബാദ് ആസ്ഥാനമായി ആരംഭിച്ച ഈ സംരംഭം ഐക്രിയേറ്റിന്റെ ഇന്‍കുബേഷനിലൂടെ മേഖലയില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നുണ്ട്. ആയുര്‍വേദ തത്വങ്ങളില്‍ അധിഷ്ഠിതമായ ഉപകരണം വികസിപ്പിച്ചാണ് ഇവര്‍ രോഗനിര്‍ണയം നടത്തുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ വേള്‍ഡ് എക്കണോമിക് ഫോറം ഏര്‍പ്പെടുത്തിയ യംഗ് ലീഡര്‍ ആന്‍ഡ് ഇന്നൊവേഷന്‍ അവാര്‍ഡും ഈ സംരംഭത്തിന്റെ സ്ഥാപകയെ തേടി എത്തിയിരുന്നു.

സോണന്റ് ടെക്‌നോളജീസ്

ദൃശ്യ, ശ്രവ്യ വൈകല്യം ബാധിച്ചവരുടെ ആശയവിനിമയം സാധ്യമാക്കുന്ന ഉപകരണം നിര്‍മിക്കുന്ന സംരംഭമാണ് സോണന്റ് ടെക്‌നോളജീസ്. കൈയില്‍ ധരിക്കാവുന്ന തരത്തിലുള്ള ആല്‍ഫാഗ്ലൗ എന്ന ആശയവിനിമയ ഉപകരണമാണ് ഇവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജയ്പൂര്‍ ആസ്ഥാനമായി രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ സംരംഭം എന്‍എഫ്‌സി (Near Field Communication)ടെക്‌നോളജിയില്‍ അധിഷ്ഠിതമായാണ് കൈയ്യുറ നിര്‍മിച്ചിരിക്കുന്നത്. ആംഗ്യ ഭാഷ കൂടാതെ തന്നെ കാഴ്ചയിലും കേള്‍വിയിലും വൈകല്യമുള്ളവര്‍ക്കിടയില്‍ വളരെ എളുപ്പത്തില്‍ ആശയവിനിമയത്തിനും ഇത് സഹായിക്കുന്നുണ്ട്. ഏകദേശ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇത്തരം വൈകല്യമുള്ളവരുടെ തോത് 70 ലക്ഷത്തോളം വരും, ആഗോളതലത്തില്‍ ഇത് 2.5 കോടിയാണ്.
”മനുഷ്യര്‍ ചന്ദ്രനിലേക്ക് പോകുന്നതിനും ദൈനംദിന ജോലികള്‍ ചെയ്യുന്നതിനുമായി റോബര്‍ട്ടുകളെ നിര്‍മിക്കുന്നതിനും സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചിരിക്കുന്നു. അതേസമയം പരസ്പരം ആശയവിനിമയം കൈമാറാന്‍ കഴിയാതെ ദശലക്ഷക്കണക്കിന് ആളുകള്‍ നമുക്കിടയിലുണ്ട്. അവര്‍ക്ക് സഹായകമാകുന്ന ഉപകരണമാണ് ഞങ്ങളുടേത്,” സോണന്റ് ടെക്‌നോളജീസിന് നേതൃത്വം നല്‍കുന്ന അഭിനവ് വസിഷ്ട പറയുന്നു.
ഗ്ലൗവിലെ വിരലുകളിലെ സെന്‍സറുകളും റിസ്റ്റ് ബാന്‍ഡിലുള്ള ഡിസ്‌പ്ലേ ബോര്‍ഡും സ്പീക്കറും ഉള്‍പ്പെടുന്നതാണ് ഇവരുടെ കൈയ്യുറയായി ധരിക്കാവുന്ന ആശയവിനിമയ ഉപകരണം. കഴിഞ്ഞ വര്‍ഷം ലണ്ടനിലെ റോയല്‍ അക്കാഡമി ഓഫ് എന്‍ജിനീയറിംഗ് സംഘടിപ്പിച്ച പരിപാടിയിലേക്കും ഈ സംരംഭം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബയോസ്‌കാന്‍ റിസര്‍ച്ച്

അഹമ്മദാബാദ് ആസ്ഥാനമായി അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയ സംരംഭം ഈയടുത്തിടെയാണ് ഐക്രിയേറ്റ് ഇന്‍കുബേറ്റ് ചെയ്തത്. പ്രകൃതി ദുരന്തങ്ങള്‍, ആക്രമണം, വീഴ്ചകള്‍, അപകടങ്ങള്‍ എന്നിവ വഴി തലയ്ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍ ഭാവിയില്‍ ഗുരുതരമായ മസ്തിഷ്‌കഘാതത്തിലേക്ക് വഴിമാറുമോ എന്നു കണ്ടെത്താന്‍ സഹായിക്കുകയാണ് ഉപകരണമാണ് ഈ സംരംഭം കണ്ടെത്തിയിരിക്കുന്നത്. രോഗികളെ ശരിയായ രീതിയിലുള്ള ചികില്‍സയിലേക്ക് ആദ്യം തന്നെ നയിക്കാന്‍ ഈ കണ്ടെത്തല്‍ ഏറെ അനുയോജ്യവുമാണ്. ഇന്തോ-ഇസ്രയേല്‍ ചലഞ്ച്, യുണെറ്റസ് സീഡ് ഫണ്ട് ഹെല്‍ത്ത് എന്നീ അവാര്‍ഡുകള്‍ നേടിയ സ്ഥാപനം ഡിസൈന്‍ ഇംപാക്റ്റ് അവാര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 21 സ്റ്റാര്‍ട്ടപ്പുകളിലും മുന്‍നി സ്ഥാനം കൈയ്യടക്കിയിരുന്നു.

ഡ്രോണ്‍ നേഷന്‍

വിചാര്‍ ഷറോഫ്, ചേതന്‍ റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് തുടക്കമിട്ട സംരംഭമാണ് ഡ്രോണ്‍ നേഷന്‍. മാപ്പിംഗ്, സര്‍വേയിംഗ്, ഫോട്ടോഗ്രാമെട്രി, 3 ഡി മോഡലിംഗ് എന്നിവയില്‍ ഡ്രോണ്‍ സേവനങ്ങള്‍ നല്‍കുന്ന സംരംഭത്തിന്റെ നിലവിലെ വരുമാനം 6 ലക്ഷം രൂപയാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനും അവ വികസിപ്പിക്കുന്നതിനും ആവശ്യമായ ഗവേഷണങ്ങള്‍ക്കായി അമേരിക്കന്‍ ഡിഫന്‍സ് കമ്പനിയില്‍ നിന്നും 50,000 ഡോളറിന്റെ ഗ്രാന്റും ഡോണ്‍ നേഷന്‍ നേടിയിട്ടുണ്ട്.

Comments

comments

Categories: Entrepreneurship