തേസിനെ ‘പേ’യാക്കാനൊരുങ്ങി ഗൂഗിള്‍

തേസിനെ ‘പേ’യാക്കാനൊരുങ്ങി ഗൂഗിള്‍

പ്ലേ സ്റ്റോറിലെ ആപ്പ് പര്‍ച്ചേസുകള്‍ക്ക് യുപിഐ പേമെന്റ് മോഡ് ആരംഭിക്കാനും പദ്ധതി

ബെംഗളൂരു: ടെക് ഭീമന്‍മാരായ ഗൂഗിളിന്റെ പേമെന്റ് സേവനമായ തേസിന്റെ പേര് പേ എന്നാക്കി മാറ്റാനും സേവനത്തെ ഗൂഗിള്‍ പേയുടെ ആഗോള പേമെന്റ് സംവിധാനത്തിനു കീഴില്‍ ഏകീകരിക്കാനും പദ്ധതി. ആപ്പ് പര്‍ച്ചേസുകള്‍ക്കും ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ക്കുമുള്ള പേമെന്റ് സേവനത്തെ കമ്പനി ഗൂഗിള്‍ പേയെന്ന റീബ്രാന്‍ഡ് ചെയ്തു തുടങ്ങി. ഗൂഗിള്‍ പ്ലേയിലെ ആപ്പ് പര്‍ച്ചേസുകള്‍ക്കുള്ള പേമെന്റ് രീതിയായി യുപിഐ ഇന്റര്‍ഫേസ് ആരംഭിക്കാനും ഗൂഗിളിന് പദ്ധതിയുണ്ടെന്നാണ് സൂചന. പദ്ധതിയെക്കുറിച്ച് ഗൂഗിള്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. നിലവില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, കാരിയര്‍ ബില്ലിംഗ് എന്നീ െേപന്റ് സൗകര്യങ്ങളാണ് ആപ്പ് പര്‍ച്ചേസുകള്‍ക്ക് ഗൂഗില്‍ നല്‍കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ ഗൂഗിളിന്റെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് ഫോര്‍ പേമെന്റ് വിഭാഗം വൈസ് പ്രസിഡന്റായ പാലി ഭട്ട് ഉപഭോക്താക്കള്‍ക്ക് ലളിതവും സുരക്ഷിതവുമായ പേമെന്റ് സൗകര്യം നല്‍കുന്നതിനായി ഗൂഗിള്‍ വാലെറ്റിനെയും ആന്‍ഡ്രോയിഡ് പേയിനെയും ഗൂഗിള്‍ പേ എന്ന ഒരൊറ്റ കുടകീഴില്‍ ഏകീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലിയാണ് ഇന്ത്യയില്‍ തേസ് പുറത്തിറക്കിയത്. രാജ്യത്ത് 50 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളാണ്് ആപ്പ് നേടിയത്. ഇന്ന് പേടിഎമ്മിനും ഫോണ്‍പേയ്ക്കുമൊപ്പം രാജ്യത്തെ മികച്ച മൂന്നു യുപിഐ ആപ്പുകളിലൊന്നാണ് തേസ്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിങ്ങനെ ഇന്ത്യയിലെ നാല് മുന്‍നിര ബാങ്കുകളുമായി പങ്കാളിത്തമുള്ള തേസ് പ്രതിമാസം 50 ദശലക്ഷം ഇടപാടുകള്‍ നേടുന്നുണ്ടെന്നാണ് കണക്കുകള്‍.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന കാര്യത്തില്‍ കമ്പനിയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. രാജ്യത്തെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ആധിപത്യവും മൊബീല്‍ ഇന്റര്‍നെറ്റ് താരിഫുകളുടെ കുറഞ്ഞുവരുന്ന ചാര്‍ജുമാണ് ഇതിനു പ്രധാന കാരണം. വിപണി വിവരശേഖരണ കമ്പനിയായ ആപ്പ് ആനിയുടെ കണക്കുകള്‍ പ്രകാരം ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമിലെ മൊബീല്‍ ആപ്പ് വില്‍പ്പനയിലൂടെ ഏറ്റവു കൂടുതല്‍ വരുമാനം നേടുന്ന വിപണികളില്‍ 29-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.

Comments

comments

Categories: Tech
Tags: Google