രൂപയുടെ മൂല്യത്തകര്‍ച്ചയേക്കാള്‍ ആശങ്ക വ്യാപാരക്കമ്മിയില്‍: രാജീവ് കുമാര്‍

രൂപയുടെ മൂല്യത്തകര്‍ച്ചയേക്കാള്‍ ആശങ്ക വ്യാപാരക്കമ്മിയില്‍: രാജീവ് കുമാര്‍

 

രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്ന് പറയുന്നത് തെറ്റാണ്

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യം താഴുന്നതിനേക്കാള്‍ ആശങ്ക വ്യാപാരക്കമ്മി വര്‍ധിക്കുന്നതിലാണെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാണിജ്യ ഫോറമായ സിഐഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രൂപയുടെ മൂല്യം ശക്തി പ്രാപിക്കുന്നതിന്റെ നേട്ടം ലഭ്യമാകുന്ന ഒരു വിഭാഗമുണ്ട്. എന്നാല്‍ അതില്‍ തല്‍ക്കാലം ശ്രദ്ധ ഊന്നാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ശക്തമാകുന്ന രൂപയില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘രൂപയുടെ മൂല്യം അതിന്റെ സ്വാഭാവിക തലത്തില്‍ തന്നെ തുടരേണ്ടതാണ്. ചില രാജ്യങ്ങള്‍ അവരുടെ കറന്‍സിയെ മന:പ്പൂര്‍വ്വം വില ഇടിച്ച് കാണിക്കുന്നുണ്ട്. ഇന്ത്യയെ അപേക്ഷിച്ച് രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ നിന്ന് തിരികെ കയറ്റാനുള്ള ശ്രമങ്ങള്‍ പ്രയാസകരമായിരിക്കും,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 16ന് രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലായിരുന്നു. ഡോളറിനെതിരെ 70. 32 എന്ന നിലയിലായിരുന്നു രൂപ. ഈ പശ്ചാത്തലത്തിലാണ് നിതി ആയോഗ് വൈസ് ചെയര്‍മാന്റെ വിലയിരുത്തല്‍
രൂപയുടെ മൂല്യം, ചില ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാല്‍ തെര്‍മോമീറ്ററിലെ താപം പോലെയാണ്. അത് താഴുകയും ഉയരുകയും ചെയ്യും. രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്ന് പറയുന്നത് തെറ്റാണ്. സപ്ലെ, ഡിമാന്‍ഡ് എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഒരു വില മാത്രമാണ് രൂപയുടെ മൂല്യം എന്ന് അദ്ദേഹം വിശദീകരിക്കുന്നു.
സാമ്പത്തിക നയരൂപീകരണം ധനക്കമ്മിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ്, ചൈന തുടങ്ങിയ വന്‍കിട രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ധനക്കമ്മിക്ക് അത്രവലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും രാജീവ് കുമാര്‍ പറഞ്ഞു. സ്വകാര്യ നിക്ഷേപം കുറയുന്ന സാഹചര്യങ്ങളില്‍ പൊതുചെലവുകളിലൂടെ മൊത്തം ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും ചില റവന്യു ചെലവിടലുകള്‍ ഒഴിവാക്കാനാകാവുന്നതാണ്. പ്രധാന ആശങ്ക വ്യാപാരക്കമ്മിയെ കുറിച്ചു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള വ്യാപാരത്തില്‍ ഇന്ത്യയുടെ പങ്ക് വളരെ കുറവാണ്. അതിനാല്‍ കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധ പതിപിപ്പിക്കേണ്ടതുണ്ട്. സേവനമേഖലയിലെ ആഗോള വ്യാപാരത്തില്‍ പോലും ഇന്ത്യയുടെ പങ്കാളിത്തം ചൈനയേക്കാള്‍ കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy
Tags: Rupee downs