ദുരിതാശ്വാസ നിധിയിലേക്ക് റിലയന്‍സ് ഫൗണ്ടേഷന്റെ 21 കോടി

ദുരിതാശ്വാസ നിധിയിലേക്ക് റിലയന്‍സ് ഫൗണ്ടേഷന്റെ 21 കോടി

50 കോടി രൂപ വിലമതിക്കുന്ന പ്രളയ ദുരിതാശ്വാസ സാമഗ്രികള്‍ കൈമാറി; ജനജീവിതം സാധാരണ രീതിയിലാകുന്നതുവരെ ഒപ്പമുണ്ടാകുമെന്ന് നിത അംബാനി

 

ന്യൂഡെല്‍ഹി: കേരളത്തില്‍ പ്രളയക്കെടുതികള്‍ നേരിടുന്നവര്‍ക്ക് സഹായ ഹസ്തവുമായി റിലയന്‍സ് ഫൗണ്ടേഷന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ ഫൗണ്ടേഷന്‍ സംഭാവന ചെയ്തു. ഇതിന് പുറമെ 50 കോടി രൂപ വിലമതിക്കുന്ന പ്രളയ ദുരിതാശ്വാസ സാമഗ്രികളും ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്.

പ്രളയം ഏറ്റവുമധികം ബാധിച്ച എറണാകുളം, വയനാട്, ആലപ്പുഴ, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട എന്നീ ആറ് ജില്ലകളില്‍ തങ്ങളുടെ സംഘം ഓഗസ്റ്റ് 14 മുതല്‍ രക്ഷാപ്രവര്‍ത്തന, ദുരിതാശ്വാസ ദൗത്യങ്ങള്‍ നടത്തുന്നുണ്ടെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വെള്ളപ്പൊക്കം ബാധിച്ച 15,000 കുടുംബങ്ങള്‍ക്ക് ഡ്രൈ റേഷന്‍ കിറ്റുകള്‍, വീട്ടുപകരണങ്ങള്‍, അഭയസ്ഥാനങ്ങള്‍, ചെരിപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവ വരും ദിവസങ്ങളില്‍ നല്‍കുമെന്ന് ഫൗണ്ടേഷന്‍ വ്യക്തമാക്കി. റിലയന്‍സ് റീട്ടെയ്ല്‍ സ്റ്റോറുകള്‍ വഴിയാണ് ഇവ എത്തിക്കുക.

50,000 ആളുകളെ താമസിപ്പിച്ചിരിക്കുന്ന 160 ഓളം ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് ഇതിനകം ഭക്ഷ്യ സാധനങ്ങളും ഗ്ലൂകോസും, സാനിറ്ററി നാപ്കിനുകളും റിലയന്‍സ് റീട്ടെയ്‌ലിന്റെ സഹായത്തോടെ എത്തിച്ചു കഴിഞ്ഞു. ‘ഒരു ഉത്തരവാദിത്തപ്പെട്ട കോര്‍പ്പറേറ്റ് ഫൗണ്ടേഷന്‍ എന്ന നിലക്ക് റിലയന്‍സ് ഫൗണ്ടേഷന്റെ കടമയും കര്‍ത്തവ്യവുമാണിത്. കേരളത്തില്‍ പ്രളയത്തിലകപ്പെട്ടവരുടെ കഷ്ടതകള്‍ക്കൊപ്പം നിന്ന് അവരുടെ രക്ഷാ, ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ സജീവമായി പിന്തുണക്കുകയാണ് ഞങ്ങള്‍. റിലയന്‍സ് ഫൗണ്ടേഷന്റെ ഭാഗത്തു നിന്ന് 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു,’ ഫൗണ്ടേഷന്‍ പ്രസിഡന്റ് നിത അംബാനി പറഞ്ഞു. രാജ്യത്തെ് എവിടെ ദുരന്തമുണ്ടായാലും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ തന്നെയുണ്ടാകുമെന്നും പ്രളയജലമൊഴിഞ്ഞു ജനജീവിതം സാധാരണ നിലയിലാകുന്നത് വരെ ഫൗണ്ടേഷന്‍ കേരളത്തിനൊപ്പമുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റിലയന്‍സ് ഇന്‍ഡസ്ട്രീസും മറ്റ് സഹസ്ഥാപനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്താണ് നീങ്ങുന്നത്. റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫൊര്‍മേഷന്‍ സര്‍വീസസ് (ആര്‍എഫ്‌ഐഎസ്) വഴി കാലാവസ്ഥയും താല്‍ക്കാലിക അഭയകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയും ഇവര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നു ജില്ലകളില്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപുകള്‍ ആരംഭിക്കും. ഇതില്‍ ഡോക്റ്റര്‍മാരുടെയും പാരാ മെഡിക്കല്‍ ജീവനക്കാരുടെയും സാന്നിധ്യം ഉറപ്പാക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വേണ്ട മരുന്നിനങ്ങള്‍ വിതരണം ചെയ്യും. കന്നുകാലികള്‍ക്കു വേണ്ടിയുള്ള ഭക്ഷണവും ചികിത്സയും ഉറപ്പാക്കാന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

വീടുകളില്‍ വെള്ളം കയറി നശിച്ച ഗൃഹോപകരണങ്ങള്‍ സൗജന്യമായി നന്നാക്കി നല്‍കാന്‍ റിലയന്‍സ് ഡിജിറ്റലിന്റെ മേല്‍നോട്ടത്തില്‍ റിപ്പയര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം തടസ്സമില്ലാതെ ഫോണ്‍ ബന്ധത്തിനായി റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഡാറ്റ ഉള്‍പ്പെടെ ഏഴ് ദിവസത്തെ സൗജന്യ വോയ്‌സ് പാക്കും കമ്പനി നല്‍കുന്നുണ്ട്

Comments

comments

Categories: FK News