പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തികളില്‍ നിന്ന് റെക്കോഡ് വീണ്ടെടുപ്പ്

പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തികളില്‍ നിന്ന് റെക്കോഡ് വീണ്ടെടുപ്പ്

തിരിച്ചടവുകളില്‍ ഭൂരിഭാഗവും നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍(എന്‍സിഎല്‍ടി) വഴിയുള്ള നടപടികളിലൂടെ ഭൂഷണ്‍ സ്റ്റീലില്‍ നിന്നുമാണ് ലഭിച്ചത്

മുംബൈ: പൊതുമേഖലാ ബാങ്കുകളുടെ കുമിഞ്ഞുകൂടിയ നിഷ്‌ക്രിയാസ്തിയില്‍ (എന്‍പിഎ) നിന്നുള്ള വീണ്ടെടുപ്പില്‍ ജൂണ്‍ പാദത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പടുത്തി. ഓഹരിവിപണിയില്‍ ബാങ്കുകളുടെ ഓഹരികള്‍ക്ക് അടുത്തിടെ ഉണ്ടായ ഉണര്‍വിനു പിന്നിലും ഈ മുന്നേറ്റം കാരണമായി. കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റിയില്‍ പിഎസ്‌യു ബാങ്കുകളുടെ സൂചിക 15 ശതമാനം ഉയര്‍ന്നിരുന്നു.
ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ പതിനേഴ് ബാങ്കുകള്‍ മൊത്തമായി സമാഹരിച്ചത് 39,200 കോടി രൂപയാണ്. മുന്‍പാദത്തില്‍ ഇത് 23,500 കോടിയും മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 15,400 കോടി രൂപയുമായിരുന്നു. തിരിച്ചടവുകളില്‍ ഭൂരിഭാഗവും നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍(എന്‍സിഎല്‍ടി) വഴിയുള്ള നടപടികളിലൂടെ ഭൂഷണ്‍ സ്റ്റീലില്‍ നിന്നുമാണ് ലഭിച്ചത്.
ഇക്കഴിഞ്ഞ മേയ് മാസത്തില്‍ നഷ്ടത്തിലായ ഭുഷണ്‍ സ്റ്റീലിനെ ടാറ്റ സ്റ്റീല്‍ ഏറ്റെടുത്തിരുന്നു. ഇത് എസ്ബിഐയുടെ കീഴിലുള്ള ആറ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ സഹായിച്ചു. ഇതുവഴി ബാങ്കുകളിലെത്തിയ തിരിച്ചടവ് ഏകദേശം 7,500 കോടി രൂപയാണ്. കമ്പനിയില്‍ ഓഹരി പങ്കാളിത്തവും ബാങ്കുകള്‍ക്ക് ലഭിച്ചു.
നിലവിലെ പാദത്തിലെ വീണ്ടെടുപ്പ് ചുരുക്കം ചില എക്കൗണ്ടുകള്‍ മൂലമാണ്. അതിനാല്‍ ഇതൊരു തിരിച്ചുവവിന്റെ അളവുകോലായി പരിഗണിക്കരുതെന്ന് എസ്എംസി ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിലെ ബാങ്കിംഗ് അനസില്സ്റ്റ് സിദ്ധാര്‍ത്ഥ് പുരോഹിത് പറഞ്ഞു.
എന്‍സിഎല്‍ടിക്ക് പുറമെ ബാങ്കുകളും എന്‍പിഎ വീണ്ടെടുപ്പ് വര്‍ധിപ്പിക്കുന്നതിന് ഊര്‍ജിത ശ്രമങ്ങള്‍ നടത്തി. ഒറ്റത്തവണ തീര്‍പ്പാക്കല്‍, അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി(എആര്‍സി)കള്‍ക്ക് എന്‍പിഎ വില്‍ക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളാണ് ബാങ്കുകള്‍ സ്വീകരിച്ചത്. മറ്റ് മാര്‍ഗങ്ങള്‍ വഴി തിരിച്ചടവുകള്‍ പൂര്‍ത്തിയായ എന്‍പി എക്കൗണ്ടുകളുടെ എണ്ണം കൂടുതലായിരിക്കാം എങ്കിലും മൂല്യം കണക്കാക്കുമ്പോള്‍ എന്‍സിഎല്‍ടി വഴിയുള്ള തിരിച്ചടവുകളായിരിക്കും മുന്നില്‍ നില്‍ക്കുക എന്നാണ് ബാങ്കിംഗ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Comments

comments

Categories: Banking