ഗാന്ധിജയന്തി വിപുലമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഗാന്ധിജയന്തി വിപുലമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്

ന്യൂഡെല്‍ഹി: മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. ലോകമെമ്പാടും രാഷ്ട്രപിതാവിനെ അനുസ്മരിച്ചുകൊണ്ടുള്ള വിവധ പരിപാടികള്‍ സംഘടിപ്പിക്കും.

കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ ആഗോളതലത്തില്‍ പ്രശസ്തരായവരുള്‍പ്പടെയുള്ളവരുടെ സാന്നിധ്യമുണ്ടാകും. അന്തര്‍ദേശീയ ഗായകര്‍ നയിക്കുന്ന ഗാനലാപന പരിപാടികള്‍, വെര്‍ച്വല്‍ റിയാലിറ്റി ഷോകള്‍, സമാധാനത്തിനു നൊബേല്‍ പുരസ്‌കാരം ലഭിച്ചവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സിമ്പോസിയങ്ങള്‍, ആത്മീയനേതാക്കളുടെ പ്രഭാഷണങ്ങള്‍ തുടങ്ങിയവയാണ് പരിപാടികള്‍. ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പുകളും നാണയങ്ങളുമെല്ലാം പുറത്തിറക്കും.

ഒക്‌റ്റോബര്‍ 2ന് ആരംഭിക്കുന്ന ആഘോഷം ലോകമെമ്പാടും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ് സമാപിക്കുക. വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസികള്‍ ഗാന്ധിജിയുടെ ജീവിതവും ജീവിതദര്‍ശനങ്ങളും പ്രചരിപ്പിക്കുന്നതില്‍ പങ്കാളികളാകും.

മഹാത്മഗാന്ധി വരും തലമുറകള്‍ക്ക് പ്രചോദനമാകുന്നതിനാല്‍ ഗാന്ധിജയന്തി വിപുലമായി ആഗോളതലത്തില്‍ ആഘോഷിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പരിപാടികളുടെ സുഗമമായ നടത്തിപ്പിന് വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി പ്രത്യേക പാനല്‍ രൂപീകരിച്ചിട്ടുണ്ട്. ഈ പാനല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ കരട് രൂപം തയാറാക്കിയിട്ടുണ്ട്.

പരിപാടികളുടെ ആശയങ്ങള്‍ സംബന്ധിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ്, നരേന്ദ്രമോദി, സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ എന്നിവരുമായി പാനല്‍ ചര്‍ച്ചകളും നടത്തിയിരുന്നു.

Comments

comments

Categories: FK News, Slider