അവര്‍ മനുഷ്യര്‍ മാത്രമായിരുന്നു

അവര്‍ മനുഷ്യര്‍ മാത്രമായിരുന്നു

പ്രളയക്കെടുതികളിലൂടെ കടന്നു പോയ കേരളത്തെ കൈപിടിച്ചുകയറ്റാന്‍ സൈന്യവും പൊലീസും മല്‍സ്യത്തൊഴിലാളികളും സന്നദ്ധസംഘടനകളുമെല്ലാം സജീവമായി രംഗത്തിറങ്ങിയ വാര്‍ത്തകള്‍ നാം കേട്ടുകഴിഞ്ഞു. എന്നാല്‍ സംസ്ഥാനത്തുടനീളം ആരും പറഞ്ഞേല്‍പ്പിക്കാതെ തന്നെ രക്ഷാദൗത്യത്തിലേര്‍പ്പെട്ട യുവാക്കളുടെ പ്രവൃത്തികളെ ഒട്ടും വിലകുറച്ച് കാണാനാവില്ല. ഫ്രീക്കന്‍മാരെന്നും ഉത്തരവാദിത്ത ബോധമില്ലാത്തവരെന്നുമൊക്കെ നിരന്തരം പഴികേട്ട യുവത്വം ദുരന്തമുഖങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏവരെയും വിസ്മയിപ്പിച്ചു. ആവശ്യമുണ്ടായപ്പോള്‍ എല്ലാത്തരം വിഭാഗീയതയും മറന്ന് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച യുവാക്കളുടെ കൈകളില്‍ നാടിന്റെ ഭാവി സുഭദ്രമാണ്.

 

രാത്രി ഒരു മണി ആയിട്ടുണ്ടാവും. ഞങ്ങള്‍ പാലക്കാടെത്തി. പല റോഡുകളും വെള്ളക്കെട്ടായതിനാല്‍ യാത്രക്കാരെ തിരിച്ചുവിടുന്നുണ്ട്. ഞങ്ങള്‍ ഏതോ ഒരു റോഡിലേക്ക് കയറി. നല്ല വേഗതയില്‍ ഓടിച്ച വാഹനം ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തി. തൊട്ടു മുന്നിലെ റോഡിലേക്ക് വെള്ളം കുതിച്ച് ചാടുന്നു. വാഹനം അല്‍പ്പംകൂടി മുന്നോട്ട് കടന്നിരുന്നെങ്കില്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ചിലപ്പോള്‍ ഒലിച്ചു പോയേനെ. വാഹനത്തിന്റെ വെളിച്ചത്തില്‍ പ്രതിഫലനം കണ്ട് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയതാണ്.

ഒരു ബൈക്ക് ചീറിപാഞ്ഞ് ഞങ്ങളുടെ വണ്ടിക്ക് വട്ടം നിന്നു. പെരുമഴയില്‍ നനഞ്ഞൊലിച്ച് രണ്ട് യുവാക്കള്‍. ‘നിങ്ങള്‍ ഈ വഴി തിരിഞ്ഞത് കണ്ട് തടയാന്‍ ഓടിയെത്തിയതാണ് ഞങ്ങള്‍. ഈ വഴി അപകടമാണ്. വണ്ടി തിരിച്ചോളൂ ഞങ്ങള്‍ വഴി കാട്ടിത്തരാം,’. അവര്‍ ബൈക്കില്‍ കയറി. ഞങ്ങള്‍ അവര്‍ക്ക് പിന്നാലെ യാത്ര തിരിച്ചു.

ഏകദേശം അഞ്ചുകിലോമീറ്റര്‍ അവര്‍ ഞങ്ങളുടെ മുന്നില്‍ സഞ്ചരിച്ചു. സുരക്ഷിതമായ വഴി കാട്ടിത്തന്ന് ഒരു ചിരിയോടെ അവര്‍ യാത്ര പറഞ്ഞു പോയി.

അര്‍ദ്ധരാത്രിയില്‍ രാത്രിയില്‍ അവര്‍ നാടിന് കാവല്‍ നില്‍ക്കുകയാണ്. ഒരു കൂട്ടം ചെറുപ്പക്കാര്‍. ടോര്‍ച്ചും വണ്ടിയും ഒക്കെയായി ഓരോ കൂട്ടങ്ങള്‍ വഴിയിലെമ്പാടും. വഴിതെറ്റുവരെ അവര്‍ പിന്തുടരുന്നു, തടയുന്നു. ശരിയായ വഴി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. വഴിയാത്രക്കാരായ ഓരോരുത്തരെയും സുരക്ഷിതരാക്കാന്‍ വളരെ കരുതലോടെ അവര്‍ ഉറങ്ങാതെ കാവലിരിക്കുന്നതാണ് ഞങ്ങള്‍ കണ്ടത്.

തുടര്‍ന്നുള്ള യാത്രക്കിടെ പിന്നീട് പലയിടത്തും ഉറക്കം ഒഴിവാക്കി കേരളത്തിന് കാവല്‍ നില്‍ക്കുന്ന ഇത്തരം ചെറുപ്പക്കാരെ കണ്ടു. മലപോലെ ഉയര്‍ന്ന പ്രളയജലത്തിന് നടുവില്‍ ആര്‍ത്തുകേഴുന്ന മനുഷ്യരെ ചുമലില്‍ താങ്ങി, വിശക്കുന്നവന് അപ്പം നല്‍കി, ഇടിഞ്ഞു വീണുകിടക്കുന്ന മണ്ണ് കോരി മാറ്റി, വീണു കിടക്കുന്ന മരങ്ങള്‍ വെട്ടിമാറ്റി, വെള്ളത്തില്‍ നിന്നുപോയ വാഹനങ്ങള്‍ തള്ളിമാറ്റി, വഴികാട്ടികളായി എല്ലാം.

അവരൊന്നും അപ്പോള്‍ ഹിന്ദുക്കളായിരുില്ല, മുസല്‍മാന്മാരായിരുില്ല, ക്രിസ്ത്യാനികളായിരുന്നില്ല. അവരൊന്നും അപ്പോള്‍ കമ്മ്യൂണിസ്റ്റുകാരായിരുില്ല, കോണ്‍ഗ്രസുകാരായിരുില്ല, ബിജെപിക്കാരായിരുന്നില്ല. അവര്‍ക്കൊക്കെ ഒരേ മുഖമായിരുന്നു; മനുഷ്യന്റെ മുഖം.

കേരളത്തിലെ യുവാക്കള്‍ വ്യത്യസ്തരാണ്. അവര്‍ കരുത്തരാണ്. ആപത്തില്‍ ഉണരുന്നവരാണ്. പ്രവര്‍ത്തിക്കുവരാണ്. അവരുടെ കൈകളില്‍ ഈ നാട് ഭദ്രമാണ്. മറിച്ച് ചിന്തിക്കുവാന്‍ ഒരു കാരണവും അവര്‍ അവശേഷിപ്പിക്കുന്നില്ല.

Comments

comments

Categories: FK Special, Slider
Tags: Kerala flood