പ്രളയത്തില്‍ കേരളത്തിന് കൈത്താങ്ങേകിയ സ്റ്റാര്‍ട്ടപ്പുകള്‍

പ്രളയത്തില്‍ കേരളത്തിന് കൈത്താങ്ങേകിയ സ്റ്റാര്‍ട്ടപ്പുകള്‍

പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാന്‍ പണമായും ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള സാധനങ്ങള്‍ വഴിയും ലോകം ഒന്നടങ്കം സഹായവുമായി മുന്നോട്ടു വന്നപ്പോള്‍ വിവിധ സ്റ്റാര്‍ട്ടപ്പുകളും ഈ സംരംഭത്തില്‍ പങ്കാളികളായി. ഓണ്‍ലൈന്‍ പേമെന്റ് ആപ്പിക്കേഷനുകള്‍ മുതല്‍ ഗ്രോസറി സ്റ്റാര്‍ട്ടപ്പുകള്‍ വരെ ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേരളത്തിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ടെക് ലോകം ഒന്നടങ്കം ജനങ്ങളോടൊപ്പം നിന്ന കാഴ്ചയാണ് കാണാനിടയായത്. 1924 നു ശേഷം ദൈവത്തിന്റെ സ്വന്തം നാട് കണ്ട പ്രളയത്തിലെ ദുരിത കാഴ്ചകള്‍ കണ്ണു നനയിക്കുന്നതു തന്നെ. ഈ ദുരിതത്തില്‍ മലയാളികള്‍ക്കു സാന്ത്വനമേകാനും സഹായിക്കാനും ടെക് ലോകത്തെ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ കാണിച്ച ആര്‍ജ്ജവം എടുത്തു പറയേണ്ടതാണ്. കേരളത്തെ സഹായിക്കാന്‍ പണമായും ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള സാധനങ്ങള്‍ വഴിയും ലോകം ഒന്നടങ്കം സഹായവുമായി മുന്നോട്ടു വന്നപ്പോള്‍ വിവിധ സ്റ്റാര്‍ട്ടപ്പുകളും ഈ സംരംഭത്തില്‍ പങ്കാളികളാവുകയായിരുന്നു. പണം കൈമാറുന്നതിലെ വേഗത കൂട്ടിയതുള്‍പ്പെടെ ചരക്കുകള്‍ വേഗത്തിലെത്തിക്കാന്‍ മുന്‍കൈയെടുത്തും വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിന് കൈത്താങ്ങായി.

പേടിഎം

ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ വാലറ്റ് ഭീമന്‍ പേടിഎം തങ്ങളുടെ ഹോംപേജില്‍ കേരള ഫ്‌ളഡ്‌സ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ നല്‍കിയായിരുന്നു പ്രവര്‍ത്തനം. ഇത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വസ എക്കൗണ്ടിലേക്ക് നേരിട്ട് ലിങ്ക് ചെയ്യുന്ന തരത്തിലാണ് ഒരുക്കിയിരുന്നത്. സ്വാഭാവികമായും ഈ ഫീച്ചര്‍ പേടിഎം ഉപഭോക്താക്കള്‍ക്ക് ധനസഹായം നല്‍കാന്‍ ഏറെ എളുപ്പമാക്കി എന്നുതന്നെ പറയാം. കഴിഞ്ഞ ഓഗസ്റ്റ് 16 ന് തുടങ്ങിയ ഈ ഫീച്ചര്‍ ആരംഭിച്ച് ഇതുവരെ 20 കോടി രൂപ ലഭിച്ചതായും കമ്പനി വെളിപ്പെടുത്തുന്നു.

സൊമാറ്റോ

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്ഷയപാത്ര എന്ന എന്‍ജിഒയ്‌ക്കൊപ്പം സൊമാറ്റോ തങ്ങളുടെ ആപ്ലിക്കേഷനില്‍ തുടങ്ങിയ ഫീച്ചറാണ് ഹെല്‍പ്പ് കേരള. ഇതുവഴി ഏതൊരാള്‍ക്കും മൂന്ന് ഭക്ഷണ പാക്കേജുകളില്‍ നിന്നും ഒന്ന് സംഭാവനയായി ദുരിതാശ്വാസ ക്യാംപിലേക്ക് നല്‍കാനാകുമായിരുന്നു. മൂന്നു പേര്‍ക്കുള്ള ഭക്ഷണത്തിന് 90 രൂപ, ആറു പേര്‍ക്ക് 180 രൂപ, 10 പേര്‍ക്ക് 300 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്. ഈ ആഹാരം വാനുകളും ബോട്ടുകളും വഴിയാണ് സോമാറ്റോ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുത്തത്.

ആമസോണ്‍ ഇന്ത്യ

ആമസോണ്‍ ഇന്ത്യ ഡെല്‍ഹി ആസ്ഥാനമായ ഗൂഞ്ച്, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ, വേള്‍ഡ് വിഷന്‍, ഓക്‌സ്ഫാം ഇന്ത്യ എന്നീ എന്‍ജിഒകളുമായി ചേര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള അവശ്യ വസ്തുക്കള്‍ ഓണ്‍ലൈനായി എത്തിക്കുകയായിരുന്നു. ആപ്ലിക്കേഷനിലെ ഡൊണേഷന്‍ ബാനര്‍ വഴി ഉപഭോക്താക്കള്‍ക്ക് അവശ്യവസ്തുക്കള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് സംഭാവനയായി നല്‍കാനുള്ള അവസരമാണ് അവര്‍ ഒരുക്കിയിരുന്നത്. ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍, പാചക സാമഗ്രികള്‍, ടോയ്‌ലറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആമസോണ്‍ ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലും ഈ ഫീച്ചര്‍ നിലവിലുണ്ട്.

ബിഗ്ബാസ്‌കറ്റ്

ബെംഗളൂരു ആസ്ഥാനമായ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ടപ്പ് എന്‍ജിഒ ആയ ഗൂഞ്ചുമായി സഹകരിച്ചാണ് പ്രളയബാധിത പ്രദേശങ്ങളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചത്. സംരംഭത്തിന്റെ ആപ്ലിക്കേഷനിലോ വെബ്‌സൈറ്റിലോ നിലവിലുള്ള കേരള ഫ്‌ളഡ് റിലീഫ് ബാനറിലൂടെ ഇതു സാധ്യമാകും. ഉപഭോക്താക്കള്‍ ഇതുവഴി വാങ്ങുന്ന സാധനങ്ങള്‍ ഗൂഞ്ച് വഴിയാണ് കേരളത്തിലേക്ക് എത്തിയത്.

ഫ്ലിപ്കാർട്

ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്ലിപ്കാര്‍ട്ടും ഗൂഞ്ചുമായി സഹകരിച്ചാണ് പ്രളയ ബാധിതര്‍ക്കായി അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ മുന്‍കൈ എടുത്തത്. ബ്ലാങ്കറ്റ്, ടാര്‍പോളിന്‍, കൊതുകുവല, പാചക സാമഗ്രികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

യുബര്‍

യുബര്‍ ആപ്ലിക്കേഷനിലെ ഫ്‌ളഡ് റിലീഫ് ഫീച്ചറിലൂടെ സമീപ ക്യാമ്പുകളിലേക്ക് സംഭാവനയായി ലഭിച്ച സാധനങ്ങള്‍ വിതരണം ചെയ്യാന്‍ യുബര്‍ ഡ്രൈവര്‍മാരുടെ സഹായം ആവശ്യപ്പെടാവുന്ന സൗകര്യമാണ് കമ്പനി കേരളത്തിനായി ഒരുക്കിയിരുന്നത്.

സിംപിള്‍

ഓണ്‍ലൈന്‍ പേമെന്റ് ആപ്ലിക്കേഷനായ സിംപിള്‍ (Simpl) ഉപഭോക്താക്കളുടെ ധനസഹായം പ്രളയ ബാധിത പ്രദേശങ്ങളില്‍ എളുപ്പത്തില്‍ എത്തിക്കാനുള്ള സൗകര്യമാണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് ലിങ്ക് ചെയ്തായിരുന്നു പ്രവര്‍ത്തനം. എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണിക്കു മുമ്പായി എല്ലാ സംഭാവനകളും നല്‍കുന്നതായും കമ്പനി പറയുന്നു.

ഗൂഗിള്‍ ടെസ്

ഗൂഗിളിന്റെ മൊബീല്‍ പേമെന്റ് സേവനമായ ഗൂഗിള്‍ ടെസും പ്രളയത്തില്‍ കേരളത്തിന് കൈത്താങ്ങായി ഒപ്പം നിന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കാവുന്ന രീതിയില്‍ ആരംഭിച്ച സേവനം നിരവധി ആളുകള്‍ക്ക് പ്രയോജനപ്പെട്ടു. ഈ സേവനം ഇപ്പോള്‍ കമ്പനി പിന്‍വലിച്ചിട്ടുണ്ട്.

Comments

comments

Categories: Entrepreneurship
Tags: Kerala flood