ഇന്ത്യ-സിംഗപ്പൂര്‍ ഇന്നൊവേഷന്‍ ഇടനാഴിക്ക് രൂപം നല്‍കാന്‍ നിര്‍ദേശം

ഇന്ത്യ-സിംഗപ്പൂര്‍ ഇന്നൊവേഷന്‍ ഇടനാഴിക്ക് രൂപം നല്‍കാന്‍ നിര്‍ദേശം

സിംഗപ്പൂര്‍: ഇന്ത്യയിലെയും സിംഗപ്പൂരിലെയും സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ഇന്നൊവേഷന്‍ ഇടനാഴിക്ക് രൂപം നല്‍കണമെന്ന് സിംഗപ്പൂര്‍ ധനമന്ത്രി ഹെംഗ് സ്വീ കേറ്റ് നിര്‍ദേശിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) വാര്‍ഷിക ലെക്ച്വര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 25 വര്‍ഷമായി ബിസിനസ് കൂട്ടായ്മകളിലൂടെയും ബിസിനസ് നേതാക്കളുടെ മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കികൊണ്ടും സിഐഐ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള വാണിജ്യ ബന്ധത്തില്‍ നിര്‍ണായകമായ സ്ഥാനമാണ് വഹിക്കുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഓണ്‍ലൈനിലൂടെയും പുതിയ ഡാറ്റാ അധിഷ്ഠിത മാര്‍ഗങ്ങളിലൂടെ ബിസിനസുകളെ കൂടുതല്‍ ബന്ധിപ്പിക്കാന്‍ നമുക്ക് കഴിയും. ഇത് ബിസിനുകള്‍ക്ക് അവസരങ്ങളെക്കുറിച്ച് അവബോധം ലഭിക്കാനും സഹായിക്കും. വിവിധ ഘട്ടങ്ങളിലുള്ള സംരംഭകരുമായി പങ്കാളിത്തം വര്‍ധിപ്പിക്കണം. സിഐഐയും സിംഗപ്പൂരിലെ സര്‍വകലാശാലകളും സഹകരിക്കുന്ന ഇന്ത്യ റെഡി ടാന്റ് പ്രോഗ്രാം പോലുള്ള പ്രോഗ്രാമുകള്‍ വളരെ നല്ല തുടക്കമാണ്. ഇത് സിംഗപ്പൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് സിഐഐയുടെ 8,000 ലധികം വരുന്ന ഇന്ത്യയിലെ അംഗങ്ങളുടെ കീഴില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കും. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഇന്നൊവേഷന്‍ ആന്‍ഡ് കൊളാബറേഷന്‍ നെറ്റ്‌വര്‍ക്ക് എന്ന ദീര്‍ഘകാലമായുള്ള സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇരു രാജ്യങ്ങളും ഏജന്‍സികളും സ്ഥാപനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കണം- അദ്ദേഹം പറഞ്ഞു.

ബിസിനസ് രംഗം നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മുതിര്‍ന്ന വന്‍കിട ബിസിനസുകളെല്ലാം അവരുടെ ബിസിനസുകള്‍ ഫിന്‍ടെക്, ഡിജിറ്റല്‍ സൊലൂഷന്‍ തുടങ്ങിയ പുതിയ ബിസിനസ് മേഖലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്്. ഇന്ത്യയിലെ പുതിയ തലമുറയിലെ ബിസിനസ് നേതാക്കളും സിംഗപ്പൂരിലെ പങ്കാളികളുമായി ചേര്‍ന്ന് നെറ്റ്‌വര്‍ക്കിംഗ്, ഇന്നൊവേഷന്‍ മേഖലകളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും, ഇതിന് സിഐഐയെ നേതൃത്വം വഹിക്കണമെന്നും മന്ത്രി ആഭിപ്രായപ്പെട്ടു. സിഇസിഎ (കോംപ്രിഹെന്‍സീവ് ഇക്കണോമിക് കോര്‍പ്പറേഷന്‍ എഗ്രിമെന്റ്), ആര്‍സിഇപി (റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ്) തുടങ്ങിയ കരാറുകള്‍ക്കു കീഴില്‍ ഇന്ത്യയ്ക്ക് നിര്‍ണായ പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിയും. സാമ്പത്തികമായ ഏകീകരിക്കപ്പെട്ട മേഖല രാജ്യങ്ങളുടെ കൂട്ടായ വളര്‍ച്ചയക്ക്് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഐഐ പ്രതിനിധികളെ കൂടാതെ ഇന്ത്യയിലെയും സിംഗപ്പൂരിലെയും 100 ലധികം ബിസിനസുകാരും പരിപാടിയില്‍ സന്നിഹിരായിരുന്നു. 1994 ല്‍ സിഐഐ തങ്ങളുടെ തെക്കു കിഴക്കന്‍ ഏഷ്യ മേഖല ഓഫീസ് സിംഗപ്പൂരില്‍ സ്ഥാപിച്ചിരുന്നു.

Comments

comments

Categories: FK News