യൂറോപ്പില്‍ ടെക് ഭീമന്മാര്‍ക്ക് വീണ്ടും നിയന്ത്രണം വരുന്നു

യൂറോപ്പില്‍ ടെക് ഭീമന്മാര്‍ക്ക് വീണ്ടും നിയന്ത്രണം വരുന്നു

ഈ വര്‍ഷം മെയ് മാസം 25-നായിരുന്നു യൂറോപ്പില്‍ ഡാറ്റ സംരക്ഷിക്കാനായി ജിഡിപിആര്‍ നടപ്പിലാക്കിയത്. ഇപ്പോള്‍ ഇതാ വീണ്ടും മറ്റൊരു നിയന്ത്രണമേര്‍പ്പെടുത്താന്‍ യൂറോപ് തയാറെടുക്കുന്നു. തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ ടെക് കമ്പനികളോടും, ഓണ്‍ലൈന്‍ സര്‍വീസുകളോടും ആവശ്യപ്പെടുന്നതാണു പുതിയ നിയമം.

 

 

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍നിന്നും തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ സഹായിക്കുന്ന നിയമം നടപ്പില്‍ വരുത്താനൊരുങ്ങുകയാണു യൂറോപ്പ്. ഇക്കാര്യം ഓഗസ്റ്റ് 20-ാം തീയതി തിങ്കളാഴ്ച യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു. തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ കമ്പനികളോട് ഏതാനും നാളുകള്‍ക്കു മുന്‍പ് യൂറോപ്യന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവ ഫലപ്രദമായി നടപ്പിലാകുന്നില്ലെന്നു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിയമ നിര്‍മാണം നടത്താന്‍ യൂറോപ്യന്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ നിയമനിര്‍മാണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിയമം നിലവില്‍ വരണമെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. അതു പോലെ നിയമം പാസാക്കണമെങ്കില്‍ അംഗരാജ്യങ്ങളുടെ ഭൂരിപക്ഷവും പാര്‍ലമെന്റില്‍ വേണം. ടെക് കമ്പനികള്‍ക്കു മേല്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനുള്ള യൂറോപ്യന്‍ കമ്മീഷന്റെ ശ്രമങ്ങളില്‍ ഏറ്റവും പുതിയ നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഈ വര്‍ഷം മെയ് മാസം 25 മുതല്‍ യൂറോപ്പ് ജിഡിപിആര്‍(ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍) നടപ്പിലാക്കിയിരുന്നു. ടെക് കമ്പനികള്‍ പേഴ്‌സണല്‍ ഡാറ്റ ശേഖരിക്കുന്നതും കൈകാര്യം ചെയ്യുന്നതും നിയന്ത്രിക്കുന്നതാണു ജിഡിപിആര്‍.
‘തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്ന് ‘ യൂറോപ്യന്‍ കമ്മീഷന്റെ വക്താവ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കം പ്രചരിക്കാന്‍ എത്രത്തോളം അനുവദിക്കുന്നുവോ, അതിന്റെ എല്ലാം ഉത്തരവാദിത്വം ടെക്‌നോളജി കമ്പനികള്‍ക്കും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും നേരിട്ട് ഏല്‍ക്കേണ്ടി വരും വിധത്തില്‍ നിയമം നിര്‍മിക്കുന്നത് ഇത് ആദ്യമായിട്ടാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യും വിധത്തിലുള്ള വീഡിയോ, ഓഡിയോ, ഇമേജുകള്‍, ലൈവ് സ്ട്രീമിംഗുകള്‍ എന്നിവ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കു നീക്കം ചെയ്യേണ്ടി വരും. നിലവില്‍ തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ ആകെയുള്ളത് യൂറോപ്യന്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള പരപ്രേരണ കൂടാത്ത (വൊളന്ററി) നിര്‍ദേശങ്ങള്‍ മാത്രമാണ്. ഈ നിര്‍ദേശങ്ങളാകട്ടെ, 2018 മാര്‍ച്ചിലാണു യൂറോപ്യന്‍ കമ്മീഷന്‍ പുറപ്പെടുവിച്ചത്. ഈ വര്‍ഷം മാര്‍ച്ച് മാസം, യൂറോപ്യന്‍ കമ്മീഷന്‍ തീവ്രവാദ സ്വഭാവമുള്ള, വിദ്വേഷത്തിനും അക്രമത്തിനും പ്രേരണ നല്‍കുന്ന, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വസ്തുക്കള്‍, വ്യാജ ഉത്പന്നങ്ങള്‍, പകര്‍പ്പവകാശ ലംഘനം എന്നിവ ഉള്‍പ്പെടുന്ന ഉള്ളടക്കത്തെ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തന നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യുകയുണ്ടായി. ഒരു പൊതു നിയമം എന്ന നിലയില്‍ നിയമവിരുദ്ധവും, തീവ്രവാദ സ്വഭാവവുമുള്ള ഉള്ളടക്കം ഒരു മണിക്കൂര്‍ കൊണ്ട് നീക്കം ചെയ്യേണ്ടതുണ്ടെന്ന് അന്ന് ഈ നിര്‍ദേശം പുറപ്പെടുവിച്ചപ്പോള്‍ യൂറോപ്യന്‍ കമ്മീഷന്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകള്‍ക്കു സാധിച്ചില്ലെന്ന ബോദ്ധ്യം യൂറോപ്യന്‍ കമ്മീഷനുണ്ട്. ഈയൊരു ഘടകമാണ് അവരെ നിയമനിര്‍മാണത്തിലേക്ക് എത്തിച്ചതും. ഓട്ടോമാറ്റിക്ക് ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍നിന്നും ഫലപ്രദമായി നീക്കം ചെയ്യുന്നുണ്ടെന്നു ടെക്‌നോളജി സ്ഥാപനങ്ങളും, ഓണ്‍ലൈന്‍ സേവനങ്ങളും അവകാശപ്പെടുന്നതിനിടെയാണു യൂറോപ്യന്‍ കമ്മീഷന്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഇപ്പോള്‍ രംഗത്തുവരുന്നത്. യു ട്യൂബില്‍നിന്നും തീവ്രവാദവുമായി ബന്ധപ്പെട്ട് അപ്‌ലോഡ് ചെയ്തിരിക്കുന്ന 90 ശതമാനം ഉള്ളടക്കങ്ങളും ഓട്ടോമാറ്റിക്കായി നീക്കം ചെയ്‌തെന്നു ഗൂഗിള്‍ അവകാശപ്പെട്ടിരുന്നു. അതേസമയം, കൗണ്ടര്‍ എക്‌സ്ട്രീമിസം പ്രൊജക്റ്റ്(സിഇപി) സമീപകാലത്ത് നടത്തിയ ഒരു പഠനത്തില്‍ സൂചിപ്പിച്ചത് തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസിന്റെ ആശയങ്ങളടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അപ്‌ലോഡ് ചെയ്യുന്നുണ്ടെന്നാണ്. അവ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ലഭ്യമാകുകയും ചെയ്യുന്നുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. മൂന്ന് മാസം കാലയളവിനിടെ, 1,348 ഐഎസ്‌ഐസ് വീഡിയോകള്‍ അപ്‌ലോഡ് ചെയ്തു അതിലൂടെ 163,391 കാഴ്ചകളെ (views) ആകര്‍ഷിക്കുകയും ചെയ്തു. ബോംബ് നിര്‍മിക്കുന്നതും, ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവയുമായിരുന്നു ഈ വീഡിയോകളില്‍ ഭൂരിഭാഗവും. ഹൈടെക്ക് സ്‌ക്രീനിംഗ് ഡിവൈസുകള്‍ക്ക് ഇത്തരം വീഡിയോകള്‍ ഫില്‍ട്ടര്‍ ചെയ്യാനോ അല്ലെങ്കില്‍ നീക്കുവാനോ സാധിക്കാത്ത വിധമാണു വീഡിയോ അപ്‌ലോഡ് ചെയ്തത്. ഐസ്‌ഐഎസ്, അല്‍-ഖ്വയ്ദ, അനുബന്ധ സംഘടനകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 1.9 ദശലക്ഷം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു. ട്വിറ്ററാകട്ടെ ഇത്തരത്തിലുള്ള 1.2 ദശലക്ഷം ഉള്ളടക്കങ്ങളും നീക്കം ചെയ്തതായി അറിയിച്ചു.
ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍ തുടങ്ങിയ നഗരങ്ങളില്‍ 2014 മുതല്‍ അരങ്ങേറിയ തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണു യൂറോപ്യന്‍ കമ്മീഷന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന തീവ്രവാദത്തെ തടയുന്നതിനെ കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. നിയമ നിര്‍മാണത്തെ കുറിച്ച് ആലോചിച്ചെങ്കിലും പല കാരണങ്ങളാല്‍ തടസപ്പെട്ടിരുന്നു. എന്നാല്‍ അത്തരം തടസങ്ങളെ മറികടന്ന് നിയമവുമായി ഇപ്പോള്‍ രംഗത്തുവരികയാണ്. യൂറോപ്യന്‍ യൂണിയനില്‍ നിയമനിര്‍മാണത്തിനു നിര്‍ദേശിക്കുന്ന വിഭാഗമാണു യൂറോപ്യന്‍ കമ്മീഷന്‍. ഇവരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന തീവ്രവാദത്തെ തടയാന്‍ നിര്‍ദേശിക്കുന്ന നിയമം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ നിയമം നടപ്പിലാക്കുന്ന ഏജന്‍സിയാണു (യൂറോപ്പിന്റെ പൊലീസ്) യൂറോപോള്‍. സോഷ്യല്‍ മീഡിയയില്‍ യൂറോപോള്‍ ഫഌഗ് ചെയ്യുന്ന പോസ്റ്റുകള്‍ ഒരു മണിക്കൂറിനകം നീക്കം ചെയ്തിരിക്കണമെന്നു നിര്‍ദേശിക്കുന്നതായിരിക്കും പുതിയ നിയമമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ യൂറോപ്പിലുള്ള ഫ്രാന്‍സിലും, യുകെയിലും ഇത്തരത്തിലുള്ള നിയമം നടപ്പിലാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ജര്‍മനി നിയമം നടപ്പിലാക്കി കഴിഞ്ഞു.നവ നാസി(neo-nazi) പ്രചാരണത്തിനായോ, ആക്രമത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തിലുള്ളതോ, ദുഷ്പ്രചാരണത്തിന് ഉപയോഗിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ജര്‍മന്‍ ഭരണകൂടം സോഷ്യല്‍ മീഡിയ കമ്പനികളായ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ 61 മില്യന്‍ ഡോളര്‍ പിഴയായി ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: World