അസ്വസ്ഥതകളുടെ കേന്ദ്രബിന്ദുവായി വീണ്ടും ഇറാന്‍

അസ്വസ്ഥതകളുടെ കേന്ദ്രബിന്ദുവായി വീണ്ടും ഇറാന്‍

പശ്ചിമേഷ്യയെ ഒന്നാകെ ആശങ്കയിലാക്കിക്കൊണ്ട് മറ്റൊരു സങ്കീര്‍ണമായ രാഷ്ട്രീയ പ്രതിസന്ധി കൂടി ഉടലെടുത്തിരിക്കുകയാണ്. പതിവു തെറ്റിക്കാതെ ഇറാന്‍ തന്നെയാണ് കേന്ദ്രബിന്ദുവായുള്ളത്. അമേരിക്കയും സൗദിയും മറ്റും മറുവശത്തും അണിനിരന്നിരിക്കുന്നു. എന്നാല്‍ ഇത്തവണ ആഭ്യന്തര പ്രക്ഷോഭത്തെ കൂടി നേരിടുകയാണ് ഇറാനിലെ ഖൊമേനി ഭരണകൂടം. തൊഴിലും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭമാണ് അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ യാഥാസ്ഥിതിക ഭരണകൂടത്തിനെതിരെ ആരംഭിച്ചിരിക്കുന്നത്. ഇറാന്‍ നേരിടുന്ന ആഭ്യന്തര, ബാഹ്യ പ്രതിസന്ധികളുടെ ആഴമളക്കുകയാണ് ലേഖകന്‍.

 

സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായിരുന്നു പഴയ പേര്‍ഷ്യന്‍ സാമ്രാജ്യം. 1935 ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന ഷാ ഭരണകൂടമാണ് പേര്‍ഷ്യയെ പേര് മാറ്റി ഇറാന്‍ ആക്കിയത്. ഷാ ഭരണകൂടങ്ങളെ ഇസ്ലാമിക വിപ്ലവത്തിലൂടെ 1979 ല്‍ ആയത്തുള്ള ഖുമൈനി അട്ടിമറിച്ച് പരമോന്നത നേതാവായത് മുതല്‍ തുടങ്ങുന്നു ലോക രാഷ്ട്രീയത്തിലേക്കുള്ള ഇറാന്റെ കടന്നുവരവ്.

ഷിയാ വിഭാഗം മുസ്ലീങ്ങളുടെ തലതൊട്ടപ്പന്‍ ഇറാനിലെ ഖുമൈനി ആണെങ്കില്‍ തന്നെയും ഷിയാ നേതൃത്വത്തിനെതിരെയാണ് ഡിസംബര്‍ 28 മുതല്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ കടുത്ത പ്രക്ഷോഭം നടന്നുവരുന്നത്. ‘ഇസ്ലാമിക റിപ്പബ്ലിക്ക് അല്ല, തൊഴിലാണ് വേണ്ടത്’ എന്ന മുദ്രാവാക്യം സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായതോട് കൂടി രാജ്യത്തെമ്പാടും അടക്കി പിടിച്ചിരുന്ന യുവജന രോക്ഷം പുറത്ത് ചാടുന്നതാണ് പിന്നീട് കണ്ടത്. അമേരിക്കയും ഇസ്രായേലും സൗദി അറേബ്യയും സ്‌പോണ്‍സര്‍ ചെയ്യുന്ന അട്ടിമറി ശ്രമം എന്ന് പറഞ്ഞ് തുടക്കത്തില്‍ അവഗണിച്ചെങ്കിലും പ്രക്ഷോഭം കടുത്തതോട് കൂടി ഖുമൈനിയുടെ നിയന്ത്രണാധികാരത്തിലുള്ള റവലൂഷണറി ഗാര്‍ഡിനെ തന്നെ രംഗത്തിറക്കി സര്‍ക്കാര്‍ അനുകൂല പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു വരികയാണ് ഭരണകൂടം.

പുരോഹിത വര്‍ഗ്ഗം സമ്പത്ത് വാരിക്കൂട്ടുമ്പോള്‍ മഹാഭൂരിപക്ഷം ജനങ്ങളും വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയാല്‍ വലയുകയാണ്. രാജ്യത്തെ എട്ട് കോടിയിലധികം വരുന്ന ജനങ്ങളില്‍ 60 ശതമാനവും 30 വയസ്സിന് താഴെയുള്ളവരാണ്. ഇവരാകട്ടെ ഉന്നത വിദ്യാഭ്യാസം നേടിയവരും സമൂഹമാധ്യമങ്ങളില്‍ അവഗാഹമുള്ളവരുമാണ്. 2009 ല്‍ അന്നത്തെ പ്രസിഡന്റ് നെജാദിനെതിരെ പ്രക്ഷോഭമുണ്ടായപ്പോള്‍ സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം വളരെ പരിമിതമായിരുന്നു. 2006 ല്‍ മാത്രമാണ് ട്വിറ്റര്‍ ജന്മമെടുത്തത്. അതിനും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രം ഫെയ്‌സ്ബുക്കും. എന്നാല്‍ 2009 ലെ പ്രക്ഷോഭം വേണ്ടത്ര വിജയിച്ചില്ലെങ്കിലും അതിന്റെ അലയൊലികള്‍ ഒന്‍പത് വര്‍ഷത്തിന് ശേഷവും അടങ്ങിയിട്ടില്ല എന്ന് വേണം കരുതാനും.

ഖുമൈനിയുടെ സ്വന്തം നാടായ മശ്ഹദിനില്‍ ആണ് 2009 ല്‍ നടന്ന ഗ്രീന്‍ മൂവ്‌മെന്റ് പ്രക്ഷോഭത്തിന്റെ മാതൃകയില്‍ ഇത്തവണത്തെ സമരവും പൊട്ടിപ്പുറപ്പെട്ടത്. പുരോഹിതരും അവരുടെ കുടുംബങ്ങളും സമ്പത്ത് കുന്നുകൂട്ടുമ്പോള്‍, അഴിമതിയില്‍ മുങ്ങിക്കുളിക്കുമ്പോള്‍, ബിസിനസ് സംരംഭങ്ങള്‍ സ്വന്തമാക്കുമ്പോള്‍, അതുവഴി സാമ്പത്തിക ഔന്നത്യം കൈവരിക്കുമ്പോള്‍ സാധാരണക്കാര്‍ കൂടുതല്‍ അരികുവല്‍ക്കരിക്കപ്പെടുന്നതാണ് സമരം രാജ്യവ്യാപകമായി പടരാന്‍ കാരണം.

എരിതീയില്‍ എണ്ണ പകരാന്‍ യുഎസ് പ്രസിഡന്റ് ട്രംപും എത്തിയതോടെ അന്തര്‍ദേശീയ ലോകം പ്രക്ഷോഭം സാകൂതം വീക്ഷിക്കുകയാണ്. പ്രക്ഷോഭകാരികളെ മാനിക്കണമെന്ന് ട്രംപും അമേരിക്കന്‍ വൈസ് പ്രസിഡന്റ് പെന്‍സും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടപ്പോള്‍ ഇറാന്‍ ഭരണകൂടം നല്‍കിയ മറുപടി, അമേരിക്ക സ്വന്തം രാജ്യത്തെ വെടിവെപ്പുകളും പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിച്ചിട്ട് വരാനാണ്.

 

ജറുസലേം തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് ഇസ്രായേലിന് അമേരിക്ക നല്‍കിയ ആശ്വാസ നടപടിക്കെതിരെ ഒരു മൂന്നാം ഇന്‍തിഫിദക്ക് (Intifida അഥവാ പ്രക്ഷോഭം) പലസ്തീനികള്‍ തയ്യാറെടുക്കുകയാണ്. ഇറാന്‍ ആളും അര്‍ഥവും നല്‍കുന്ന ഹിസ്ബുള്ളയും ഹമാസുമാണ് ഇതിന് പിന്നില്‍. ഇന്‍തിഫിദക്കുള്ള ഇറാന്റെ സ്‌പോണ്‍സര്‍ഷിപ്പ് ആഭ്യന്തര സംഘര്‍ഷം ഇളക്കി വിട്ട് തടയുക എന്ന ഇസ്രയേല്‍-അമേരിക്കന്‍ പദ്ധതിയുടെ ഭാഗമാണ് ഇറാനിലെ സമരമെന്നാണ് പ്രസിഡന്റ് ഹുസൈന്‍ റുഹാനി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. എന്നാല്‍ വിലക്കയറ്റം 40 ശതമാനത്തിനും മേലെയായതാണ് സമരത്തിന് ഇത്ര തീവ്രത കൈവരാന്‍ കാരണം. ടെഹ്‌റാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തന്നെ സമരത്തിന്റെ മുഖ്യധാരയിലെത്തി സാമൂഹിക അസന്തുലിതാവസ്ഥയെ കുറിച്ച് പറഞ്ഞപ്പോള്‍ 50 ല്‍ അധികം നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു.

 

ഇറാഖ്, സിറിയ, പലസ്തീന്‍ എന്നിവിടങ്ങളിലെയെല്ലാം അസ്വസ്ഥതകളില്‍ ഇറാന് കൈയുണ്ടെന്നാണ് സൗദി വിശ്വസിക്കുന്നത്. ഇസ്ലാമിക ലോകത്തെ സുന്നി നേതൃസ്ഥാനം സൗദി വഹിക്കുന്നെങ്കില്‍ ഷിയാ നേതൃത്വം ഇറാനാണ്. യമനിലെ ഹൂതി വിമതര്‍ക്ക് ആയുധം നല്‍കുന്നതും ഇറാനാണ്. ഇതേ യമനില്‍ നിന്നാണ് ഹൂതി വിമതര്‍ സൗദി തലസ്ഥാനമായ റിയാദിലേക്ക് മിസൈലുകള്‍ തൊടുത്തുവിടുന്നത്. ഇറാന്‍, റഷ്യ, തുര്‍ക്കി കൂട്ടുകെട്ട് സൗദിക്കും അമേരിക്കക്കും പശ്ചിമേഷ്യയില്‍ വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അറബ് വസന്തത്തിന്റെ അലയൊലികള്‍ വളരെയൊന്നും ഇറാനില്‍ എത്തിയിരുന്നില്ല. എന്നാല്‍ 2009 ലും ഇപ്പോഴുമുണ്ടായിരിക്കുന്ന പ്രക്ഷോഭങ്ങള്‍ സൂചിപ്പിക്കുന്നത് ഇറാന്‍ യുവത്വം മനസ്സില്‍ അഗ്നിപര്‍വതവുമായി നടക്കുന്നവരാണ് എന്നതാണ്. 30 ശതമാനം യുവാക്കളും തൊഴിലില്ലായ്മയാല്‍ നട്ടം തിരിയുകയാണ്. സൗദിയിലെ പുതിയ രാജകുമാരന്‍ എംബിഎസ് അഥവാ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇറാനിലെ ആത്മീയാചാര്യന്‍ ഖുമൈനിയെ വിശേഷിപ്പിക്കുന്നത് പശ്ചിമേഷ്യയിലെ ഹിറ്റ്‌ലര്‍ എന്നാണ്.

എംബിഎസിന്റെ അടുത്ത സുഹൃത്താകട്ടെ ട്രംപിന്റെ മകളുടെ ഭര്‍ത്താവ് ജേര്‍ഡ് കുഷ്‌നറും. ജൂതനായ കുഷ്‌നറും എംബിഎസും ചേര്‍ന്ന് ഇറാനെ ക്ഷ വരപ്പിക്കുമോ എന്നതാണ് ഇനി കാണേണ്ടത്. സ്വാതന്ത്ര്യം, പരിഷ്‌കൃത ലോകം എന്നീ മുദ്രാവാക്യങ്ങള്‍ ഇറാനിലെ യുവാക്കള്‍ക്ക് പകര്‍ന്ന് നല്‍കി യാഥാസ്ഥിതിക ഷിയാ ഭരണകൂടത്തിന് നിരന്തരശല്യം സൃഷ്ടിക്കുക വഴി പശ്ചിമേഷ്യയില്‍ ഇറാന്‍ പുകഞ്ഞുകൊണ്ടിരിക്കുമെന്നത് ഉറപ്പാണ്.

ഇന്ത്യ ക്രൂഡോയിലിനായി ഏറ്റവുമധികം ആശ്രയിക്കുന്നത് ഇറാനെയാണ്. അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരം സുഗമമാക്കുന്നതിനായി ഇറാനിലെ ഛബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതും ഇന്ത്യയാണ്. ഇറാനിലെ ഏതൊരു അസ്വസ്ഥതയുടെയും പ്രത്യാഘാതങ്ങള്‍ നമുക്കും അനുഭവപ്പെട്ടേക്കാം. ടുണീഷ്യ, ലിബിയ, ഈജിപ്ത്, ബഹ്‌റൈന്‍, യെമന്‍, മൊറോക്കോ, സിറിയ എന്നിവ കടന്ന് സ്വാതന്ത്യത്തിന്റെ പരിഷ്‌കൃത വാതം ഇറാനില്‍ വീശിയടിക്കുമോ എന്ന് കാലം തെളിയിക്കും.

 

Comments

comments

Categories: FK Special, Slider
Tags: Iran