ഐഐടി ഹൈദരാബാദ് ചിപ്പ് ഡിസൈന്‍ ഇന്‍ക്യുബേറ്റര്‍ ആരംഭിച്ചു

ഐഐടി ഹൈദരാബാദ് ചിപ്പ് ഡിസൈന്‍ ഇന്‍ക്യുബേറ്റര്‍ ആരംഭിച്ചു

ഹൈദരാബാദ്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-ഹൈദരാബാദ് (ഐഐടി-എച്ച്) ഫാബ്ലെസ് ചിപ്പ് ഡിസൈന്‍ ഇന്‍ക്യുബേറ്റര്‍ (ഫാബ്‌സി) ആരംഭിച്ചു. ഇന്ത്യയിലെ ചിപ്പ് ഡിസൈന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇന്‍ക്യുബേഷന്‍ ആവശ്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐഐടി ഹൈദരാബാദിന്റെ വെബ്‌സൈറ്റ് വഴി ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഇതു വഴി സൗജന്യ സോഫ്റ്റ്‌വെയര്‍ ടൂളുകള്‍, ഇലക്ട്രോണിക് ഡിസൈന്‍ ഓട്ടോമേഷന്‍ രംഗത്തെ മുന്‍നിര കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം, ചിപ്പ് പരീക്ഷണത്തിനുള്ള സൗകര്യം തുടങ്ങിയ സഹായങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാകും. നിലവില്‍ ലെമണ്‍ഫഌപ്, സെന്‍സ്‌ഹെല്‍ത്ത് ടെക്‌നോളജീസ്, വിസിഗ് നെറ്റ്‌വര്‍ക്ക്‌സ്് എന്നിങ്ങനെ മൂന്നു സ്റ്റാര്‍ട്ടപ്പുകളെ ഫാഫ്‌സി ഇന്‍ക്യുബേറ്റ് ചെയ്യുന്നുണ്ട്.

ആഗോള ചിപ്പ് വിപണിയില്‍ മറ്റ് കമ്പനികളോട് മത്സരിക്കാനും ഇന്റെലെക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് നേടാനും കഴിവുള്ള ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ചിപ്പ് ഡിസൈന്‍ കമ്പനികളെ ഇന്‍ക്യുബേറ്റ് ചെയ്യുകയെന്നും കുറഞ്ഞത് 50 കമ്പനികളെയെങ്കിലും പിന്തുണയ്ക്കാനാണ് പദ്ധതിയെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഇന്ത്യയിലെ സെമികണ്ടക്റ്റര്‍ ആന്‍ഡ് ചിപ്പ് ഡിസൈന്‍ ബിസിനസ് മേഖലയുടെ വികസനത്തിനുള്ള ഐഐടി-എച്ചിന്റെ പ്രതിബദ്ധതയുടെ ഉദാഹരണമണ് ഇന്‍ക്യുബേറ്ററെന്ന് ഐഐടി-എച്ച് ഡയറക്റ്റര്‍ യു ബി ദേശായ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്തുകൊണ്ട് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളും പുതിയ തലമുറയെ യാഥാര്‍ത്ഥ്യമാക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രമിക്കുന്നത്. ഫാബ്‌സി കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളിലേക്ക് സംഭാവന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിനു പുറത്തുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെര്‍ച്വല്‍ പിന്തുണയും ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നുണ്ട്.

കേന്ദ്ര ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജിയുടെ ധനസഹായത്തോടെ യാഥാര്‍ത്ഥ്യമായിരിക്കുന്ന ഫാബ്‌സി ഇലക്ട്രോണിക് ഡിസൈന്‍ ഓട്ടോമേഷന്‍ സേവന മേഖലയിലെ മുന്‍നിരക്കാരായ കാഡെന്‍സ് ഡിസൈന്‍ സിസ്റ്റംസ്, മെന്റര്‍ ഗ്രാഫിക്‌സ് എന്നിവരുമായും സഹകരിക്കുന്നുണ്ട്.

Comments

comments

Categories: FK News