യൂസ്ഡ് 2 വീലര്‍ ബിസിനസ്സുമായി ഹീറോ വീണ്ടും

യൂസ്ഡ് 2 വീലര്‍ ബിസിനസ്സുമായി ഹീറോ വീണ്ടും

ഗുജറാത്തിലും തമിഴ്‌നാട്ടിലുമായി നൂറോളം ഡീലര്‍ഷിപ്പുകള്‍ തുറന്നു

ന്യൂഡെല്‍ഹി : യൂസ്ഡ് 2 വീലര്‍ ബിസിനസ്സുമായി ഹീറോ മോട്ടോകോര്‍പ്പ് വീണ്ടും രംഗത്ത്. ഹീറോ ഷുവര്‍ എന്ന പേരിലാണ് യൂസ്ഡ് 2 വീലര്‍ ബിസിനസ് ആരംഭിച്ചിരിക്കുന്നത്. ഹീറോ ഷുവര്‍ ഔട്ട്‌ലെറ്റുകളില്‍ പഴയ മോട്ടോര്‍സൈക്കിളോ സ്‌കൂട്ടറോ നല്‍കി ഹീറോയുടെ പുതിയ ഇരുചക്ര വാഹനം സ്വന്തമാക്കാന്‍ കഴിയും. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹീറോ വര്‍ഷങ്ങള്‍ക്കുമുമ്പ് യൂസ്ഡ് 2 വീലര്‍ വിപണിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെതുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. ചരക്ക് സേവന നികുതി പ്രാബല്യത്തിലായതോടെ യൂസ്ഡ് 2 വീലര്‍ ബിസിനസ്സില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഹീറോ മോട്ടോകോര്‍പ്പ്.

ഗുജറാത്തിലും തമിഴ്‌നാട്ടിലുമായി നൂറോളം ഡീലര്‍ഷിപ്പുകള്‍ തുറന്നാണ് ഹീറോ മോട്ടോകോര്‍പ്പ് പുതിയ ബിസിനസ് ആരംഭിച്ചിരിക്കുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലേക്ക് ഹീറോ ഷുവര്‍ ബിസിനസ് വ്യാപിപ്പിക്കാനാണ് ഹീറോ മോട്ടോകോര്‍പ്പ് ഇപ്പോള്‍ ആലോചിക്കുന്നത്. ഹീറോ മോട്ടോകോര്‍പ്പിന് നിലവില്‍ രാജ്യമെമ്പാടുമായി 6,500 ഓളം ഡീലര്‍ഷിപ്പുകളുണ്ട്. അതുകൊണ്ടുതന്നെ ഹീറോ ഷുവര്‍ ഔട്ട്‌ലെറ്റുകള്‍ അതിവേഗം സ്ഥാപിക്കാന്‍ കഴിയും.

സുതാര്യമായ മൂല്യനിര്‍ണ്ണയം നടക്കുന്നതിനാല്‍ സ്വന്തം വാഹനത്തിന് ഹീറോ ഷുവര്‍ ഔട്ട്‌ലെറ്റില്‍ മികച്ച വില ലഭിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് വക്താവ് പറഞ്ഞു. നിലവില്‍ ഓരോ മാസവും ശരാശരി 5,000 ഓളം വാഹനങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം ഉപയോക്താക്കളെ നിലനിര്‍ത്താന്‍ ‘ഹീറോ ഷുവര്‍’ ബിസിനസ് കമ്പനിയെ സഹായിക്കും. നിലവില്‍ ഹീറോ മോട്ടോകോര്‍പ്പിന് ഒരു കോടിയിലധികം സജീവ ഉപയോക്താക്കളുണ്ട്.

 

Comments

comments

Categories: Auto