ആദ്യ ഷോപ്പിംഗിനു ശേഷം കൊഴിഞ്ഞു പോയത് 5 കോടി ആളുകള്‍; നഷ്ടം 50 ബില്യണ്‍ ഡോളര്‍

ആദ്യ ഷോപ്പിംഗിനു ശേഷം കൊഴിഞ്ഞു പോയത് 5 കോടി ആളുകള്‍; നഷ്ടം 50 ബില്യണ്‍ ഡോളര്‍

50 ദശലക്ഷത്തോളം ഇന്ത്യക്കാരാണ് സ്ഥിരമായി ഓണ്‍ലൈന്‍ വിപണിയെ ആശ്രയിക്കുന്നത്; ഭാഷയും പേമെന്റ് നടപടിക്രമങ്ങളും തിരിച്ചടിയാവുന്നെന്ന് റിപ്പോര്‍ട്ട്

 

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 50 ദശലക്ഷത്തോളം ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ആദ്യത്തെ വാങ്ങലിന് ശേഷം പിന്നീട് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉപേക്ഷിച്ചവരുടെ എണ്ണമാണിത്. ഗൂളിള്‍, ബെംഗളൂരു ആസ്ഥാനമായുള്ള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബെയ്ന്‍ ആന്‍ഡ് കമ്പനി, സന്നദ്ധ സംരംഭമായ ഒമിദ്യാര്‍ നെറ്റ്‌വര്‍ക്ക് എന്നിവ സംയുക്തമായി നടത്തിയ ഒന്‍പത് മാസം നീണ്ട നിരീക്ഷണത്തിലാണ് ഇന്ത്യയുടെ ഇ-കൊമേഴ്‌സ് രംഗത്തെ പ്രവണതകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതാണ്ട് 50 ദശലക്ഷത്തോളം ഇന്ത്യക്കാരാണ് സ്ഥിരമായി ഓണ്‍ലൈന്‍ വിപണിയുടെ ഉപഭോക്താക്കളായിട്ടുള്ളത്. ഇത്രതന്നെ ആളുകള്‍ ആദ്യ ഉപയോഗത്തിന് ശേഷം ഇ-കൊമേഴേ്‌സ് സംരംഭങ്ങളെ കൈവിട്ടതോടെ 50 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് വ്യവസായത്തിനുണ്ടായിരിക്കുന്നത്.

 

കഴിഞ്ഞ വര്‍ഷം ആദ്യ വാങ്ങലിന് ശേഷം 54 ദശലക്ഷം ഉപഭോക്താക്കളാണ് ഓണ്‍ലൈന്‍ ഇടപാട് വേണ്ടെന്നു വെച്ചത്. ഇംഗ്ലീഷ് ഭാഷയേക്കാള്‍ പ്രാദേശിക ഭാഷക്ക് ഊന്നല്‍ നല്‍കുന്ന താഴ്ന്ന വരുമാനക്കാരായ ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണ് ഇവരിലേറെയും. ഭാഷയും ഉപഭോക്തൃ സൗഹൃദ സോഫ്റ്റ്‌വെയറിന്റെ അഭാവവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇ-കൊമേഴ്‌സ് മേഖലക്ക് വലിയ വെല്ലുവിളിയാണ് ഈ സാഹചര്യമെന്ന് വിപണി വിദഗ്ധരും ഓഹരി ഉടമകളും ചൂണ്ടിക്കാട്ടുന്നു.

 

ഓണ്‍ലൈന്‍ വിപണിയെ കയ്യൊഴിയുന്ന 50 ദശലക്ഷത്തില്‍ പകുതി ആളുകളെയെങ്കിലും തിരിച്ച് പിടിക്കുകയും ഒപ്പം 500 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ നിന്ന് 40 മുതല്‍ 50 ശതമാനം വരെ ആളുകളെ ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് ആകര്‍ഷിക്കാനും സാധിച്ചാല്‍ 50 ബില്യണ്‍ ഡോളറിന്റെ ബിസിനസ് സാധ്യതകളാണ് ഇ-കൊമേഴ്‌സ് വ്യവസായത്തില്‍ തുറന്നു കിട്ടുകയെന്ന് ഗൂഗിള്‍ ഇന്ത്യയുടെ വില്‍പ്പന വിഭാഗം ഡയറക്റ്റര്‍ വികാസ് അഗ്നിഹോത്രി പറഞ്ഞു. ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ സ്ഥിരമായ ഓണ്‍ലൈന്‍ ഷോപ്പിംഗ് സംസ്‌കാരത്തിലേക്ക് എത്തിക്കാന്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെയെടുത്തേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റ് വിപുലീകരണത്തിനൊപ്പം ഇന്ത്യയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നാണ് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഒമിദ്യാര്‍ നെറ്റ്‌വര്‍ക്ക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ രൂപ കുടുവ വ്യക്തമാക്കി.

 

Comments

comments

Categories: Business & Economy