11.3 ദശലക്ഷം ഇന്റര്‍നെറ്റ് വരിക്കാരെ കൂട്ടിച്ചേര്‍ത്ത് ബിഎസ്എന്‍എല്‍

11.3 ദശലക്ഷം ഇന്റര്‍നെറ്റ് വരിക്കാരെ കൂട്ടിച്ചേര്‍ത്ത് ബിഎസ്എന്‍എല്‍

2017-18 ല്‍ കമ്പനിയുടെ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 111.68 ദശലക്ഷം ആയി; നെറ്റ്‌വര്‍ക്ക് ആധുനികവല്‍ക്കരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 4,300 കോടി രൂപ നിക്ഷേപിക്കും

 

ന്യൂഡെല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്റര്‍നെറ്റ് വരിക്കാരെ കൂട്ടിച്ചേര്‍ക്കുന്നതില്‍ സ്വകാര്യ മേഖലയിലെ തങ്ങളുടെ പ്രതിയോഗികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നിവയേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കാനായെന്ന് പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11.5 ശതമാനം എന്ന ഉയര്‍ന്ന നിരക്കില്‍ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ക്കാനായെന്ന് കമ്പനി ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു. സമാന കാലയളവില്‍ തങ്ങളുടെ പ്രധാന പ്രതിയോഗികളായ ഭാരതി എയര്‍ടെല്‍ 9.5 ശതമാനവും വോഡഫോണ്‍ 3.8 ശതമാനവും ഐഡിയ 3.2 ശതമാനവും വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ നേടിയതെന്ന കണക്കുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. 2017-18 ല്‍ മറ്റ് ടെലികോം നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് 11.3 ദശലക്ഷം ഇന്റര്‍നെറ്റ് വരിക്കാര്‍ ബിഎസ്എന്‍എലിലേക്ക് ചേര്‍ന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

2016 സെപ്റ്റംബറില്‍ ജിയോയുടെ കടന്നു വരവോടെ ടെലികോം രംഗത്ത് കുറിക്കപ്പെട്ട അതിതീവ്രമായ യുദ്ധത്തില്‍ മേഖലയാകെ ആടിയുലയുന്ന സമയത്താണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലില്‍ നിന്ന് ഇത്തരമൊരു വിജയവാര്‍ത്ത എന്നത് ശ്രദ്ധേയമാണ്. ബിഎസ്എന്‍എലിന്റെ വയര്‍ലസ് വരിക്കാരുടെ എണ്ണം 2017 മാര്‍ച്ചിലെ 101 ദശലക്ഷത്തില്‍ നിന്നും 2018 മാര്‍ച്ചില്‍ 111.68 ദശലക്ഷം ആയിട്ടുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ ഭാരതി എയര്‍ടെലിന്റെ വരിക്കാരുടെ എണ്ണം 273.6 ദശലക്ഷത്തില്‍ നിന്ന് 308.7 ദശലക്ഷമായി ഉയര്‍ന്നിരുന്നു.

ടെലികോം മേഖലയേയാകെ പിടിച്ചു കുലുക്കിക്കൊണ്ടുള്ള മുകേഷ് അംബാനിയുടെ ജിയോയുടെ കടന്നു വരവ് എയര്‍ടെല്‍ ഉള്‍പ്പടെയുള്ള വമ്പന്‍ കമ്പനികളുടെ ലാഭത്തെയും വരുമാനത്തേയും ദോഷകരമായി ബാധിച്ചിരുന്നു. താരതമ്യേന ചെറിയ കമ്പനികളായ റിലയന്‍സ് കമ്യൂണിക്കേഷന്‍, ടാറ്റ ടെലിസര്‍വീസസ് എന്നിവ മേഖലയില്‍ നിന്ന് അപ്രത്യക്ഷമാകാനും ഇത് കാരണമായി. ബിഎസ്എന്‍എലും ഈ കിടമല്‍സരത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍ അനുഭവിച്ചിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 4,786 കോടി രൂപയും പോയ വര്‍ഷം 4,785 കോടി രൂപയുമാണ് കമ്പനിയുടെ അറ്റ നഷ്ടം. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ 31,533 കോടി രൂപയില്‍ നിന്നും കമ്പനിയുടെ വരുമാനം 27,818 ലേക്ക് ഇടിഞ്ഞിരുന്നു.

സ്വകാര്യ മേഖലയിലെ തങ്ങളുടെ പ്രതിയോഗികളോട് ഏറ്റുമുട്ടാനായി നെറ്റ്‌വര്‍ക്ക് ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വിപുലീകരണത്തിനുമായി നടപ്പു സാമ്പത്തിക വര്‍ഷം 4,300 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നതെന്ന് അനുപം ശ്രീവാസ്തവ വ്യക്തമാക്കി. ”4ജി ഹോട്ട്‌സ്‌പോട്ടുകള്‍ കൂടുതല്‍ ഇടങ്ങളില്‍ അവതരിപ്പിക്കുക, 3ജി സേവനങ്ങള്‍ വിപുലീകരിക്കുക, കാലഹരണപ്പെട്ട നെറ്റ്‌വര്‍ക്കുകള്‍ മാറ്റി സ്ഥാപിക്കുക, ബ്രോഡ്ബാന്‍ഡ് ശേഷി വര്‍ധിപ്പിക്കുക, തുടങ്ങിയവക്കായാണ് നിക്ഷേപം,” ശ്രീവാസ്തവ പറഞ്ഞു. 3ജി വിപുലീകരണത്തിനായി 12,000 മൊബീല്‍ ടവറുകള്‍ കൂട്ടിച്ചേര്‍ക്കാനും ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നുണ്ട്. കമ്പനിക്ക് വാണിജ്യാടിസ്ഥാനത്തില്‍ 4ജി സ്‌പെക്ട്രം അനുവദിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഗൗരവത്തോടെ ആലോചിക്കുന്നുണ്ടെന്ന് ശ്രീവാസ്തവ പറഞ്ഞു. കേരളത്തിലും കര്‍ണാടകയിലും പരീക്ഷണാടിസ്ഥാനത്തില്‍ കമ്പനി 4ജി സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഡാറ്റ സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Comments

comments

Categories: Tech
Tags: BSNL