യുഎസ് ക്രിപ്‌റ്റോസംരംഭം സെക്കറന്‍സി അബുദാബിയിലേക്ക്

യുഎസ് ക്രിപ്‌റ്റോസംരംഭം സെക്കറന്‍സി അബുദാബിയിലേക്ക്

 

ക്രിപ്‌റ്റോടെക്‌നോളജിയെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് യുഎഇ സ്വീകരിക്കുന്നതെങ്കിലും സൗദി പോലുള്ള രാജ്യങ്ങള്‍ ഇപ്പോഴും സംശയത്തോടെയാണ് ഈ സാങ്കേതികവിദ്യയെ നോക്കിക്കാണുന്നത്

അബുദാബി: യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനിയായ സെക്കറന്‍സി അബുദാബിയിലും പ്രവര്‍ത്തനമാരംഭിക്കുന്നു. പുതിയതായി രൂപം കൊടുത്ത അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് നിയന്ത്രണ ചട്ടക്കൂടിന് കീഴില്‍ ക്രിപ്‌റ്റോ അസെറ്റ് ബിസിനസ് തുടങ്ങാനാണ് സെക്കറന്‍സി ഉദ്ദേശിക്കുന്നത്.

പ്രവര്‍ത്തനത്തിനുള്ള ലൈസന്‍സ് നേടുന്നതിനായി ഫിനാന്‍ഷ്യല്‍ സര്‍വീസസ് റെഗുലേറ്ററി അതോറിറ്റിയില്‍ ആപ്ലിക്കേഷന്‍ ഫയല്‍ ചെയ്യാനിരിക്കുകയാണ് കമ്പനി. ആഗോള ബ്ലാക്‌ചെയ്ന്‍ കമ്പനികളുമായി സഹകരിച്ചായിരിക്കും സെക്കറന്‍സി പുതിയ സംരംഭം തുടങ്ങുക.

റെജ്‌ടെക്‌സ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയാണ് സെക്കറന്‍സി ധനകാര്യസേവനങ്ങള്‍ നല്‍കുക. മേഖലയിലെ സാധ്യതകള്‍ മനസിലാക്കി വരികയാണെന്നും ഉടന്‍ തന്നെ അതനുസരിച്ചുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുമെന്നും കമ്പനി അറിയിച്ചു.

പുതിയതായി രൂപം കൊടുത്ത അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് നിയന്ത്രണ ചട്ടക്കൂടിന്(എഡിജിഎം) അനുസൃതമായി പൂര്‍ണ റെഗുലേറ്റഡ് എക്‌സ്‌ചേഞ്ചുകള്‍ ലോഞ്ച് ചെയ്യാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് സെക്കറന്‍സി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജോണ്‍ ഹെന്‍സല്‍ പറഞ്ഞു.

എഡിജിഎമ്മിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് റെഗുലേറ്ററി അതോറിറ്റിയുടെ കാപ്പില്‍ മാര്‍ക്കറ്റ്‌സ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്റ്ററായ വായ് ലും ക്വോക്കും പുതിയ പദ്ധതിയെ സ്വാഗതം ചെയ്തു. പുതിയ ഇന്നൊവേറ്റര്‍മാരെയും ബിസിനസുകളെയും ധനകാര്യ സ്ഥാപനങ്ങളെയും അതോറിറ്റി സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ഇത്തെറിയം, സ്റ്റെല്ലാര്‍, റിപ്പിള്‍, ഇഒഎസ് തുടങ്ങിയവയ്ക്കായി സെക്കറന്‍സിയുടെ പ്രോട്ടോകോള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. അതേസമയം യുഎഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ക്രിപ്‌റ്റോ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെങ്കിലും മേഖലയിലെ ശക്തനായ സൗദി അറേബ്യ ഇതിനോട് പുറം തിരിഞ്ഞു നില്‍ക്കുകയാണ്.

Comments

comments

Categories: Business & Economy