സൂപ്പര്‍ കാരി ; പുതിയ ഡീലര്‍ഷിപ്പുകള്‍ പരിഗണനയിലെന്ന് മാരുതി സുസുകി

സൂപ്പര്‍ കാരി ; പുതിയ ഡീലര്‍ഷിപ്പുകള്‍ പരിഗണനയിലെന്ന് മാരുതി സുസുകി

 

നടപ്പു സാമ്പത്തിക വര്‍ഷം വില്‍പ്പന ഇരട്ടിയാക്കുകയാണ് (20,000 യൂണിറ്റ്) ലക്ഷ്യം

ന്യൂഡെല്‍ഹി : ലഘു വാണിജ്യ വാഹനമായ സൂപ്പര്‍ കാരിയുടെ വില്‍പ്പന ഇരട്ടിയാക്കാന്‍ മാരുതി സുസുകി തയ്യാറെടുക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം 20,000 യൂണിറ്റ് സൂപ്പര്‍ കാരി എല്‍സിവി വില്‍ക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ ലക്ഷ്യം. 2017-18 ല്‍ ഏകദേശം പതിനായിരം യൂണിറ്റ് സൂപ്പര്‍ കാരിയാണ് മാരുതി സുസുകി വിറ്റത്. ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് വില്‍പ്പന ശൃംഖല വിപുലീകരിക്കാനാണ് മാരുതി സുസുകിയുടെ പദ്ധതി.

ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹന (എല്‍സിവി) ബിസിനസ്സിനായി ഇതിനകം ഇരുനൂറിലധികം ഡീലര്‍ഷിപ്പുകള്‍ തുറന്നതായി മാരുതി സുസുകി ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ആര്‍എസ് കല്‍സി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏതാണ്ട് പതിനായിരം യൂണിറ്റ് സൂപ്പര്‍ കാരിയാണ് വിറ്റത്. ഈ വര്‍ഷം വില്‍പ്പന ഇരട്ടിയാക്കുകയാണ് ലക്ഷ്യം. 2016-17 ല്‍ 900 യൂണിറ്റ് വില്‍പ്പന മാത്രമാണ് നടന്നത്. എല്‍സിവി ബിസിനസ്സിനായി വില്‍പ്പന ശൃംഖല സ്വാഭാവികമായും വിപുലീകരിക്കുമെന്ന് ആര്‍എസ് കല്‍സി പറഞ്ഞു. ഇപ്പോള്‍ വേണ്ടത്ര ഡീലര്‍ഷിപ്പുകള്‍ ഇല്ലെന്ന് അദ്ദേഹം സമ്മതിച്ചു.

2016 സെപ്റ്റംബറിലാണ് മാരുതി സുസുകി സൂപ്പര്‍ കാരി പുറത്തിറക്കിയത്. ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും മറ്റും ആധിപത്യം പുലര്‍ത്തുന്ന ലഘു വാണിജ്യ വാഹന സെഗ്‌മെന്റില്‍ ഒരുകൈ നോക്കുകയായിരുന്നു ലക്ഷ്യം. എല്‍സിവി ബിസിനസ്സിനായി കാര്‍ വിപണിയിലെ ലീഡറായ മാരുതി സുസുകി പുതിയ വില്‍പ്പന ശൃംഖല ആരംഭിച്ചിരുന്നു. ആഭ്യന്തര വിപണിയിലെ വില്‍പ്പന കൂടാതെ ദക്ഷിണ ആഫ്രിക്ക, ശ്രീ ലങ്ക, ഫിലിപ്പീന്‍സ്, നേപ്പാള്‍, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളിലേക്ക് സൂപ്പര്‍ കാരിയുടെ കയറ്റുമതിയും ആരംഭിച്ചു. 793 സിസി ഡീസല്‍ എന്‍ജിനാണ് സൂപ്പര്‍ കാരിക്ക് കരുത്തേകുന്നത്. 22.07 കിലോമീറ്ററാണ് ഇന്ധനക്ഷമത.

 

Comments

comments

Categories: Auto