ഒന്നാം സ്ഥാനം നേടി റിലയന്‍സ് ജിയോ

ഒന്നാം സ്ഥാനം നേടി റിലയന്‍സ് ജിയോ

ഫോര്‍ച്യൂണ്‍ പട്ടികയില്‍ ആലിബാബ അഞ്ചാം സ്ഥാനത്ത്

മുംബൈ: ലോകത്തെ മാറ്റി മറിച്ച കമ്പനികളെ ഉള്‍പ്പെടുത്തി ഫോര്‍ച്യൂണ്‍ തയാറാക്കിയ ഈ വര്‍ഷത്തെ ‘ചേയ്ഞ്ച് ദ വേള്‍ഡ് ലിസ്റ്റി’ല്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ഒന്നാം സ്ഥാനം നേടി. കമ്പനികളുടെ ലാഭം, ഇന്നൊവേഷന്‍ തലം, സാമൂഹ്യത്തിലുണ്ടാക്കിയ മാറ്റത്തിന്റെ തോത്, ബിസിനസ് ഇന്റഗ്രേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് തയാറാക്കിയത്.

ഇന്റര്‍നെറ്റ് സൗകര്യം എന്നത് മനുഷ്യന്റെ അടിസ്ഥാന അവകാശമാണെന്ന് 2016 ല്‍ യുഎന്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ അവസരത്തില്‍ ഇന്റനെറ്റ് ലഭ്യതയുടെ തോത് വര്‍ധിപ്പിച്ചതില്‍ ജിയോ വലിയ പങ്കു വഹിച്ചതായി ഫോര്‍ച്യൂണ്‍ നിരീക്ഷിച്ചു. സൗജന്യ കാളുകളും ഡാറ്റയും നല്‍കി കൊണ്ട് ടെലികോം മേഖലയിലെ എതിരാളികള്‍ക്ക് ജിയോ വലിയ വെല്ലുവിളിയുയര്‍ത്തി. വിപണിയില്‍ നിന്നും തന്നെ പുറത്തുപോകാനോ പരസ്പരം ലയിച്ച് വിപണിയില്‍ പിടിച്ചു നില്‍ക്കാനോ ഇത് അവരെ നിര്‍ബന്ധിതരാക്കി. കൂടാതെ കുറഞ്ഞ വിലയുള്ള മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുകയും ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിക്കുകയും ചെയ്തുകൊണ്ട് ഇന്റര്‍നെറ്റിന്റെ ജനകീയത കമ്പനി വര്‍ധിപ്പിച്ചു. 22 മാസത്തിനിടെ 215 ദശലക്ഷം സബ്‌ക്രൈബര്‍മാരെയാണ് ലഭിച്ചതെന്നും ബിസിനസ് ലാഭകരമാണെന്നും ജിയോ വെളിപ്പെടുത്തിയിട്ടുണ്ട്.

ജിയോ പൊതു ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഓക്‌സിജനാണ് നല്‍കുന്നതെന്നും ജനസംഖ്യയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് വേണ്ടത്ര ഡിജിറ്റല്‍ ഓക്‌സിജന്‍ ലഭ്യമായിരുന്നില്ലെന്നും മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. ഒരു ജിഗാബൈറ്റ് ഡാറ്റയ്ക്ക് 200 രൂപയിലധികം ചെലവാക്കേണ്ടി വരുന്ന അവസ്ഥയിലും വേഗതയില്ലാത്ത 2ജി നെറ്റ്‌വര്‍ക്ക് സേവനത്തിലും ഇന്ത്യന്‍ മൊബീല്‍ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് 4ജി നെറ്റ്‌വര്‍ക്കില്‍ സൗജന്യ കാളുകളും കുറഞ്ഞ ചെലവിലുള്ള ഡാറ്റാസേവനവുമായി ജിയോ കടന്നുവരുന്നത്.

പ്രമുഖ യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മെര്‍ക്കിനാണ് പട്ടികയില്‍ രണ്ടാം സ്ഥാനം. യുഎസിലെ വാണിജ്യ ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക മൂന്നാം സ്ഥാനവും സ്പാനീഷ് ക്ലോത്തിംഗ് കമ്പനിയായ ഇന്‍ഡിടെക്‌സ് നാലാം സ്ഥാനവും കരസ്ഥമാക്കി. ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബ ഗ്രൂപ്പ് അഞ്ചാം സ്ഥാനവും നേടി. ഭക്ഷ്യ-മരുന്ന് ഉല്‍പ്പന്ന നിര്‍മാതാക്കളായ ക്രോഗര്‍(യുഎസ്), വ്യാവസായികാവശ്യത്തിനുള്ള മെഷീനുകള്‍ നിര്‍മിക്കുന്ന കമ്പനികളായ സൈലം (യുസ്), എബിബി (സ്വിറ്റ്‌സര്‍ലന്റ്), ബിസിനസ് സേവന സ്ഥാപനമായ വെയ്റ്റ് വാച്ചസ് ഇന്റര്‍നാഷണല്‍ (യുഎസ്), കമ്യൂണിക്കേഷന്‍ കമ്പനി ഹ്യൂഗ്്‌സ്് നെറ്റ്‌വര്‍ക്ക് സിസ്റ്റംസ് (യുഎസ്) എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ച മറ്റ് കമ്പനികള്‍.

2007 ല്‍ സാമ്പത്തിക പ്രതിസന്ധി ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ പ്രതികൂലമായി പ്രതിഫലിച്ചപ്പോഴും ബാങ്ക് ഓഫ് അമേരിക്ക വായ്പ-നിക്ഷേപ സേവനങ്ങള്‍ നല്‍കിയിരുന്നതായും കാര്‍ബണ്‍ വികിരണം കുറച്ചുകൊണ്ടുള്ള സുസ്ഥിരമായ ബിസിനസുകള്‍ക്കായി 20 ബില്യണ്‍ ഡോളര്‍ നല്‍കുകയും ചെയ്തതായി ഫോര്‍ച്യൂണ്‍ നിരീക്ഷിച്ചു.

ചൈനയുടെ ഗ്രാമീണ മേഖലയില്‍ പണം ചെലവാക്കാനാണ് ആലിബാബ ലക്ഷ്യമിടുന്നതെന്ന് ഫോര്‍ച്യൂണ്‍ വിലയിരുത്തി. ചൈനയിലെ ഹെനന്‍ മേഖലയില്‍ ഈ വര്‍ഷം സ്ഥാപനത്തിന്റെ പ്രശസ്തമായ മാപ്പ് സേവനമായ ഓട്ടോ നേവി പ്രോവര്‍ട്ടി അലെവിയേഷന്‍ മാപ് എന്ന പേരില്‍ ഒരു സേവനം ആരംഭിച്ചിരുന്നു. രാജ്യത്തെ അവികസിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന ഇതിലെ ആലിബാബ ഫഌഗ് സേവനം പ്രാദേശിക റെസ്റ്റൊറന്റുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, ഷോപ്പുകള്‍ എന്നിവ കണ്ടെത്താനും ഓണ്‍ലൈന്‍ സാന്നിധ്യമറിക്കാനും സഹായിച്ചിരുന്നു.

വാര്‍ഷിക വരുമാനം ഒരു ബില്യണ്‍ യുഎസ് ഡോളറോ അതിനു മുകളിലോ ഉള്ള, അടിസ്ഥാന ബിസിനസ് പദ്ധതികളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ ഗുണപരമായ പരിവര്‍ത്തനങ്ങളുണ്ടാക്കിയ കമ്പനികളെയാണ് ഫോര്‍ച്യൂണ്‍ പട്ടികയ്ക്കായി പരിഗണിച്ചത്.

Comments

comments

Categories: Tech
Tags: Reliance Jio