ചരിത്രത്തില്‍ ആദ്യമായി നിഫ്റ്റി 11,500 കടന്നു

ചരിത്രത്തില്‍ ആദ്യമായി നിഫ്റ്റി 11,500 കടന്നു

 

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ റെക്കോഡ് ഉയരത്തില്‍ എത്തി

ന്യൂഡെല്‍ഹി: ഓഹരി വിപണി ഈ വാരത്തിന് തുടക്കമിട്ടത് റെക്കോഡ് മുന്നേറ്റത്തോടെ. ഇന്നലെ തുടക്ക വ്യാപാരത്തില്‍ തന്നെ സെന്‍സെക്‌സ് 272 പോയന്റ് ഉയര്‍ന്ന 38220ലും നിഫ്റ്റി 66 പോയന്റ് ഉയര്‍ന്ന് 11537ലും എത്തി. ഇതാദ്യമായാണ് നിഫ്റ്റി 11,500 കടക്കുന്നത്. കഴിഞ്ഞ ജനുവരി 23നാണ് നിഫ്റ്റി 11,000 എന്ന നാഴികക്കല്ല് പിന്നിട്ടത്. പിന്നീട് ഏഴുമാസത്തോളം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ വിപണി സാഹചര്യങ്ങള്‍ പിന്നിട്ടാണ് വിപണി 11,500ല്‍ എത്തിയത്.
ആഗോള വ്യാപര യുദ്ധം സംബന്ധിച്ച ആശങ്കകള്‍ കുറഞ്ഞതും സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച പ്രതീക്ഷകള്‍ ശക്തിപ്പെട്ടതുമാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. രൂപയുടെ നില മെച്ചപ്പെട്ടതും നിക്ഷേപകരുടെ മനോഭാവം മെച്ചപ്പെടുത്തി.
എല്‍ ആന്‍ഡ് ടി, ഒഎന്‍ജിസി, ടാറ്റ മോട്ടോര്‍സ്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍ കോര്‍പ്പ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഡോ. റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. വ്യാപാരം അവസാനിപ്പിച്ചത്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഐടിസി, എച്ച്‌സിഎല്‍ ടെക്, ലുപിന്‍, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ചൈനീസ് റീട്ടെയ്ല്‍ വമ്പന്‍ ആലിബാബയുമായുള്ള പങ്കാളിത്തം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ റെക്കോഡ് ഉയരത്തില്‍ എത്തി. ഇന്ത്യയില്‍ ആലിബാബയുമായി ചേര്‍ന്ന് ഒരു മെഗാ റീട്ടെയ്ല്‍ സംയുക്ത സംരംഭത്തിന് ആര്‍ഐഎല്‍ ഒരുങ്ങുന്ന എന്ന വാര്‍ത്തകളുടെ ഫലമായി എന്‍എസ്ഇയില്‍ ആര്‍ഐഎല്‍ ഓഹരികള്‍ 2.55 ശതമാനം മുന്നേറി 1,234.5 എന്ന പുതിയ ഉയരത്തിലെത്തി. വ്യാപാരം അവസാനിക്കുമ്പോള്‍ 1235.15 എന്ന നിലയിലായിരുന്നു റിലയന്‍സിന്റെ ഓഹരികള്‍.
ബോംബെ ഓഹരി സൂചിക സെന്‍സെക്‌സ് 273.69 പോയിന്റ് ഉയര്‍ന്ന് 38,2212.57 പോയിന്റിലാണ് ആദ്യ മണിക്കൂറുകളില്‍ വ്യാപാരം പുരോഗമിച്ചത്. ഇതും ഇന്‍ട്രാ ഡേ വ്യാപാരത്തില്‍ സെന്‍സെക്‌സ് കൈവരിച്ച ഏറ്റവും ഉയര്‍ന്ന നിലയാണ്.  സെന്‍സെക്‌സ് 330.87 ഉയര്‍ന്ന് 38,278.75 ലും നിഫ്റ്റി 81 ഉയര്‍ന്ന് 11,551  ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

Comments

comments

Categories: Business & Economy, Slider
Tags: sensex