മാരുതി ഡിസയര്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് പാസഞ്ചര്‍ വാഹനം

മാരുതി ഡിസയര്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് പാസഞ്ചര്‍ വാഹനം

മാരുതി സുസുകിയുടെ തന്നെ ഓള്‍ട്ടോ എന്ന എന്‍ട്രി ലെവല്‍ ചെറു കാറിനെ മറികടന്നു ; 2018 ജൂലൈയില്‍ 25,647 യൂണിറ്റ് ഡിസയര്‍ വിറ്റുപോയി

ന്യൂഡെല്‍ഹി : മാരുതി സുസുകിയുടെ കോംപാക്റ്റ് സെഡാനായ ഡിസയര്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് പാസഞ്ചര്‍ വാഹന (പിവി) മോഡല്‍. ജൂലൈ മാസത്തെ കണക്കെടുപ്പില്‍ മാരുതി സുസുകിയുടെ തന്നെ ഓള്‍ട്ടോ എന്ന എന്‍ട്രി ലെവല്‍ ചെറു കാറിനെയാണ് ഡിസയര്‍ മറികടന്നത്.

സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) കണക്കനുസരിച്ച് 2018 ജൂലൈയില്‍ 25,647 യൂണിറ്റ് ഡിസയറാണ് വിറ്റുപോയത്. പട്ടികയില്‍ ഒന്നാമതായി ഇടംപിടിക്കാന്‍ ഈ വില്‍പ്പനക്കണക്ക് മാരുതി സുസുകി ഡിസയറിനെ സഹായിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 14,703 യൂണിറ്റ് ഡിസയറാണ് വിറ്റുപോയിരുന്നത്. അന്ന് അഞ്ചാമത്തെ ബെസ്റ്റ് സെല്ലിംഗ് മോഡലായിരുന്നു മാരുതി സുസുകി ഡിസയര്‍. കഴിഞ്ഞ മാസം 23,371 യൂണിറ്റ് മാത്രം വിറ്റതാണ് മാരുതി സുസുകി ഓള്‍ട്ടോ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ കാരണം. 2017 ജൂലൈയില്‍ 26,009 യൂണിറ്റ് ഓള്‍ട്ടോ വിറ്റുപോയിരുന്നു.

മാരുതി സുസുകിയുടെ ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റാണ് മൂന്നാമത്തെ ബെസ്റ്റ് സെല്ലിംഗ് പിവി മോഡല്‍. കഴിഞ്ഞ മാസം 19,993 യൂണിറ്റ് വില്‍പ്പന നടന്നു. ആറാം സ്ഥാനത്തായിരുന്ന 2017 ജൂലൈയില്‍ 13,738 യൂണിറ്റ് സ്വിഫ്റ്റ് മാത്രമാണ് വിറ്റുപോയിരുന്നത്. മാരുതി സുസുകിയുടെ തന്നെ മറ്റൊരു ജനപ്രിയ മോഡലായ ബലേനോ പട്ടികയില്‍ നാലാം സ്ഥാനത്താണ്. കഴിഞ്ഞ മാസം 17,960 യൂണിറ്റ് മാത്രമാണ് വില്‍ക്കാന്‍ സാധിച്ചത്. 2017 ജൂലൈയില്‍ 19,153 യൂണിറ്റ് വില്‍ക്കുമ്പോള്‍ പ്രീമിയം ഹാച്ച്ബാക്ക് രണ്ടാം സ്ഥാനത്തായിരുന്നു.

മാരുതി സുസുകിയുടെ കോംപാക്റ്റ് കാറായ വാഗണ്‍ആര്‍ 2018 ജൂലൈയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങി. 14,339 യൂണിറ്റ് മാത്രമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 16,301 യൂണിറ്റ് വില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു. മാരുതി സുസുകിയുടെ കോംപാക്റ്റ് എസ്‌യുവിയായ വിറ്റാര ബ്രെസ്സയാണ് ആറാമത്തെ ബെസ്റ്റ് സെല്ലിംഗ് മോഡല്‍. കഴിഞ്ഞ മാസം 14,181 യൂണിറ്റ് വിറ്റാര ബ്രെസ്സ വിറ്റു. എന്നാല്‍ 2017 ജൂലൈയില്‍ 15,243 യൂണിറ്റ് വില്‍പ്പന നടത്തി നാലാം സ്ഥാനത്തായിരുന്നു ബ്രെസ്സ. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ മാരുതി സുസുകിയുടെ ആധിപത്യം വ്യക്തമാക്കുന്നതാണ് വില്‍പ്പനക്കണക്കുകള്‍.

ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ യഥാക്രമം എലീറ്റ് ഐ20, ഗ്രാന്‍ഡ് ഐ10, ക്രെറ്റ എന്നീ മോഡലുകളെത്തിച്ച് ഇന്ത്യയിലെ രണ്ടാമത്തെ വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കള്‍ എന്ന ഖ്യാതി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് കാത്തുസൂക്ഷിച്ചു. പ്രീമിയം ഹാച്ച്ബാക്കായ എലീറ്റ് ഐ20 യുടെ 10,822 യൂണിറ്റാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 11,390 യൂണിറ്റ് വില്‍ക്കുമ്പോള്‍ എട്ടാം സ്ഥാനത്തായിരുന്നു. ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 കോംപാക്റ്റ് കാറിന്റെ 10,775 യൂണിറ്റ് 2018 ജൂലൈയില്‍ വിറ്റുപോയി. കഴിഞ്ഞ വര്‍ഷം ഇതേ മാസം 12,002 യൂണിറ്റ് വിറ്റ് ഏഴാം സ്ഥാനത്തായിരുന്നു. ഹ്യുണ്ടായുടെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ 10,423 യൂണിറ്റാണ് 2018 ജൂലൈയില്‍ വിറ്റത്. 2017 ജൂലൈയില്‍ 10,556 യൂണിറ്റ് വിറ്റ് പത്താമത്തെ ബെസ്റ്റ് സെല്ലിംഗ് മോഡലായിരുന്നു ഹ്യുണ്ടായ് ക്രെറ്റ.

ഹോണ്ട ഈയിടെ പുറത്തിറക്കിയ അമേസ് കോംപാക്റ്റ് സെഡാന്‍ ടോപ് 10 പട്ടികയില്‍ ഇടംപിടിച്ചു. കഴിഞ്ഞ മാസം 10,180 യൂണിറ്റാണ് വിറ്റത്.

Comments

comments

Categories: Auto