പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഹോണ്ട ഒരു കോടി വില്‍പ്പന പിന്നിട്ടു

പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഹോണ്ട ഒരു കോടി വില്‍പ്പന പിന്നിട്ടു

ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി ആകെ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ വിറ്റു

ന്യൂഡെല്‍ഹി : ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ആകെ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ വിറ്റു. 2001 ല്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഇതുവരെയുള്ള വില്‍പ്പനയുടെ അടിസ്ഥാനത്തിലാണ് പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുന്നത്. പടിഞ്ഞാറന്‍ മേഖലയില്‍ ആദ്യ അമ്പത് ലക്ഷം ഉപയോക്താക്കളെ നേടിയെടുക്കുന്നതിന് പതിനാല് വര്‍ഷം വേണ്ടിവന്നുവെങ്കില്‍ രണ്ടാമത്തെ അമ്പത് ലക്ഷം ഉപയോക്താക്കളെ ലഭിച്ചത് വെറും മൂന്ന് വര്‍ഷത്തിനുള്ളിലാണെന്ന് എച്ച്എംഎസ്‌ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഏകദേശം രണ്ടിലൊരു ഇരുചക്ര വാഹന ഉപയോക്താവ് ഹോണ്ട 2 വീലര്‍ വാങ്ങുന്നതായി കമ്പനി അവകാശപ്പെട്ടു. ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങളില്‍ സ്‌കൂട്ടറുകളാണ് പ്രധാനമായും വിറ്റുപോകുന്നത്. പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങള്‍ ദൈനംദിന റൈഡുകള്‍ക്കായി ഹോണ്ട തെരഞ്ഞെടുക്കുന്നതില്‍ നന്ദി അറിയിക്കുന്നതായി എച്ച്എംഎസ്‌ഐ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

പടിഞ്ഞാറന്‍ മേഖലയിലെ ഇരുചക്ര വാഹന വിപണിയില്‍ 47 ശതമാനമാണ് ഹോണ്ടയുടെ വിപണി വിഹിതം. ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ആകെ ഹോണ്ട ഉപയോക്താക്കളില്‍ 45 ശതമാനം പേര്‍ സ്‌കൂട്ടറുകളാണ് വാങ്ങുന്നത്. ദേശീയ തലത്തില്‍ ഇത് 32 ശതമാനമാണ്. 2016 ല്‍ ഗുജറാത്തിലെ വിഠല്‍പുരില്‍ ഇന്ത്യയിലെ നാലാമത്തെ പ്ലാന്റ് ഹോണ്ട സ്ഥാപിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്‌കൂട്ടര്‍ ഓണ്‍ലി പ്ലാന്റാണിത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന സ്‌കൂട്ടര്‍ മാത്രമല്ല ഹോണ്ട ആക്റ്റിവ. ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഇരുചക്ര വാഹനം കൂടിയാണ്. ആക്റ്റിവ ഐ, ആക്റ്റിവ 125, നവി സ്‌കൂട്ടറുകളുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ ഹോണ്ട കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. ഒരു ലക്ഷം യൂണിറ്റ് ഹോണ്ട നവി വിറ്റുപോയതായി എച്ച്എംഎസ്‌ഐ കഴിഞ്ഞയാഴ്ച്ചയാണ് പ്രഖ്യാപിച്ചത്.

Comments

comments

Categories: Auto
Tags: Honda