പ്രളയക്കെടുതി ഫിനാന്‍സ്, ടയര്‍ കമ്പനികളെ ബാധിക്കും

പ്രളയക്കെടുതി ഫിനാന്‍സ്, ടയര്‍ കമ്പനികളെ ബാധിക്കും

കേരളത്തില്‍ സജീവ പ്രവര്‍ത്തനവും ആസ്തികളുമുള്ള കമ്പനികള്‍ക്ക് സംഭവിച്ച നഷ്ടം വ്യക്തമാകുന്നതേയുള്ളൂ

കൊച്ചി: പ്രളയം വന്‍ ദുരന്തം വിതച്ച കേരളത്തില്‍ സജീവ സാന്നിധ്യവും ബിസിനസുമുള്ള കമ്പനികളെ കുറിച്ച് നിക്ഷേപകര്‍ക്ക് ആശങ്ക. ബാങ്ക്, എന്‍ബിഎഫ്‌സി, ടയര്‍ നിര്‍മാണം തുടങ്ങിയ മേഖലകളിലെ കമ്പനികളെയാണ് പ്രളയക്കെടുതികള്‍ കൂടുതലായി ബാധിക്കുക. ഫിനാന്‍സ് രംഗത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക്( എസ്‌ഐബി), മുത്തൂറ്റ് കാപിറ്റല്‍, മണപ്പുറം ഫിനാന്‍സ് എന്നീ കമ്പനികള്‍ നഷ്ടം നേരിടും. റബ്ബര്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം എന്ന നിലയ്ക്ക് ടയര്‍ നിര്‍മാണ കമ്പനികള്‍ക്കും നഷ്ടമുണ്ടാകും. വെള്ളപ്പൊക്കം ഏറ്റവും ബാധിച്ച മേഖലകളില്‍ ഈ കമ്പനികളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി പ്രതിസന്ധിയിലാകുമെന്ന് ഐഐഎഫ്എല്‍ റിസര്‍ച്ച് മേധാവി അഭിമന്യു സോഫാത്ത് പറഞ്ഞു.
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. അതിനാല്‍ ടയര്‍ നിര്‍മാണ കമ്പനികള്‍ ഇനി നേരിടാന്‍ പോകുന്ന പ്രതിസന്ധി റബ്ബര്‍ ലഭിക്കാനുണ്ടാകില്ല എന്നതാണ്. റബ്ബറിന്റെ ഉല്‍പ്പാദനം കുറയുമെന്നതിനാല്‍ ആഭ്യന്തര റബ്ബര്‍ വിലയില്‍ വന്‍ വര്‍ധനവായിരിക്കും ഉണ്ടാവുക. ഇത് ടയര്‍ കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്ന് എല്‍കെപി സെക്യുരിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് അശ്വിന്‍ പാട്ടീല്‍ പറയുന്നു. ആഭ്യന്തര റബ്ബര്‍ ഉല്‍പ്പാദനത്തെ അപേക്ഷിച്ച് ഇറക്കുമതി ചെയ്യുന്ന റബ്ബറിന് വില വളരെ കൂടുതലാണ്. അതിനാല്‍ ടയര്‍ നിര്‍മാണ കമ്പനികളുടെ ലാഭം ഇടിയാനാണ് സാധ്യത. കേരളത്തില്‍ രണ്ട് നിര്‍മാണ പ്ലാന്റുകളുള്ള അപ്പോളോ ടയറേഴ്‌സിനെയായിരിക്കും ഇത് കൂടുതലായി ബാധിക്കുകയെന്ന് പാട്ടീല്‍ ചൂണ്ടിക്കാട്ടി.
യാദൃശ്ചികമായി ഉണ്ടായ പ്രളയം ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന് ബ്രോക്കറേജ് എംകെ ഗ്ലോബല്‍ പറയുന്നു. ബാങ്കിന്റെ 34 ശതമാനം വായ്പയും 64 ശതമാനം ഡെപ്പോസിറ്റുകളും കേരളവുമായി ബന്ധപ്പെട്ടുള്ളതാണ്. കേരളവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളില്‍ 62 ശതമാനം എന്‍ആര്‍ഐ ഉപഭോക്താക്കളുടേതാണ്. കേരളവുമായി ബന്ധപ്പെട്ട വായ്പകളില്‍ 51 ശതമാനം കോര്‍പ്പറേറ്റ് സംരഭങ്ങള്‍ക്കു നല്‍കിയചും 28 ശതമാനം എസ്എംഇ, എംസ്എംഇ സംരഭങ്ങള്‍ക്കു നല്‍കിയതുമാണ്. 21 ശതമാനം വായ്പകള്‍ റീട്ടെയ്ല്‍ വിഭാഗത്തിനാണ് നല്‍കിയിരിക്കുന്നത്. ഈ വിഭാഗങ്ങളില്‍ നിന്നെല്ലാമുള്ള തിരിച്ചടവുകള്‍ക്ക് കാലതാമസം നേരിടുന്നതിനൊപ്പം നിക്ഷേപങ്ങള്‍ക്കായുള്ള ചെലവിടലില്‍ വര്‍ധനവുണ്ടായേക്കുമെന്നും എംകെ ഗ്ലോബല്‍ ചൂണ്ടിക്കാട്ടുന്നു.
ഫെഡറല്‍ ബാങ്കിനു പുറമെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെയും പ്രളയക്കെടുതി ബാധിക്കും. കേരളത്തില്‍ 41 ശതമാനം വായ്പകളാണ് ബാങ്കിനുള്ളത്. മണപ്പുറം ഫിനാന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും കേരളം അടിസ്ഥാനമാക്കിയാണ്. 15 ശതമാനം സ്വര്‍ണപ്പണയ വായ്പകളും 7 ശതമാനം എംഎഫ്‌ഐ ബ്രാഞ്ചുകളും കേരളത്തിലാണ്.
മുത്തൂറ്റ് കാപിറ്റലിന്റെ ഇരുചക്രവാഹന വായ്പകള്‍ കൂടുതല്‍ കേരളത്തിലാണ്. മുത്തൂറ്റ് കാപിറ്റലിന് സംസ്ഥാനത്ത് ശക്തമായ അടിത്തറയുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മുത്തൂറ്റ് ഫിന്‍കോര്‍പ് ബ്രാഞ്ചുകള്‍ വഴി 30 ശതമാനം വളര്‍ച്ചയാണ് മുത്തൂറ്റ് രേഖപ്പെടുത്തിയത്. ഇരുചക്രവാഹനങ്ങള്‍ക്ക് വായ്പ നല്‍കുന്ന വിഭാഗത്തില്‍ എന്‍ബിഎഫ്‌സിയുടെ പട്ടികയില്‍ നാലാമത്തെ ഏറ്റവും വലിയ കമ്പനിയാണ് മുത്തൂറ്റെന്ന് ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗ് വ്യക്തമാക്കുന്നു.
കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിഗാര്‍ഡിനെയും പ്രളയക്കെടുതി ബാധിക്കും. കമ്പനിയുടെ ഉല്‍പ്പാദനത്തെ പ്രളയം സാരമായി തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

Comments

comments

Categories: Business & Economy
Tags: Flood