മൂലധന ചെലവിടലില്‍ വന്‍ വര്‍ധന വരുത്തി ആറ് പ്രധാന മന്ത്രാലയങ്ങള്‍

മൂലധന ചെലവിടലില്‍ വന്‍ വര്‍ധന വരുത്തി ആറ് പ്രധാന മന്ത്രാലയങ്ങള്‍

ഗ്രാമ വികസനം, റോഡ് ആന്‍ഡ് ഹൈവേ, കൃഷി, റെയ്ല്‍വേ, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളാണ് മൂലധന ചെലവിടലിന് വേഗവും വ്യാപ്തിയും കൂട്ടിയത്; ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ സര്‍ക്കാരിന്റെ പ്രാഥമിക പരിഗണനാ മേഖലകളാണ് ഇത് സൂചിപ്പിക്കുന്നത്

 

ന്യൂഡെല്‍ഹി: ചെലവിടല്‍ ശേഷിയുടെ കാര്യത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുടെ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ ആറെണ്ണം ധനവിനിയോഗത്തില്‍ വന്‍ വര്‍ധന നടത്തിയെന്ന് കണക്കുകള്‍. ഗ്രാമ വികസനം, റോഡ് ആന്‍ഡ് ഹൈവേ, കൃഷി, റെയ്ല്‍വേ, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളാണ് 2019 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ധനവിനിയോഗം മികച്ച തോതില്‍ വര്‍ധിപ്പിച്ചത്. 2019 ലെ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സര്‍ക്കാരിന്റെ മുന്‍ഗണനാ മേഖലകളാണ് ഇത് സൂചിപ്പിക്കുന്നത്. ഈ മേഖലകളില്‍ അടിസ്ഥാന സൗകര്യ പദ്ധതികളുടെ നടപ്പാക്കല്‍ പരമാവധിയാക്കാനും തൊഴില്‍, സാമ്പത്തിക വളര്‍ച്ചക്ക് ഊര്‍ജം പകരാനുമാണ് പരിപാടി.

മുന്‍ വര്‍ഷത്തെ സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2018 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ റെയ്ല്‍വേയുടെ ചെലവിടല്‍ 133 ശതമാനവും റോഡ് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെ ചെലവിടല്‍ 58.5 ശതമാനവും കുത്തനെ ഉയര്‍ന്നു. പരമ്പരാഗതമായി ഉയര്‍ന്ന ചെലവിടല്‍ നടത്തുന്ന രാസവള മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം, ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവയുടെ ചെലവിടലില്‍ മുന്‍വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടിവാണുണ്ടായത്. രാസവള മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം എന്നിവയുടെ കാര്യത്തില്‍ സബ്‌സിഡികള്‍ക്കുമേല്‍ ചുമത്തിയ നിയന്ത്രണങ്ങളാണ് കുറഞ്ഞ ധനവിനിയോഗത്തിലേക്ക് നയിച്ചത്. മുന്‍ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2019 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ പ്രധാന സബ്‌സിഡികളിലുള്ള ധനവിനിയോഗം 16 ശതമാനം ഇടിഞ്ഞു.

2018 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കേന്ദ്രത്തിന്റെ ബജറ്റ് മൂലധന വിനിയോഗം 86,988 കോടി രൂപയാണെന്നും, മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 27 ശതമാനം അധികമാണ് ഇതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിലെ ആകെ ലക്ഷ്യത്തിന്റെ 29 ശതമാനത്തോളം വരുമിത്. ആദ്യ പാദത്തില്‍ വാര്‍ഷിക ബജറ്റ് നീക്കിയിരുപ്പിന്റെ 53 ശതമാനമാണ് ഊര്‍ജ മന്ത്രാലയം ചെലവിട്ടത്. സമാനമായി, ടെക്‌സ്റ്റൈല്‍ മന്ത്രാലയം 44 ശതമാനവും കുടിവെള്ള, ശുചീകരണ മന്ത്രാലയം 42 ശതമാനവും ചെലവിട്ടു. മുന്‍ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഊര്‍ജ മന്ത്രാലയത്തിന്റെയും ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെയും ചെലവിടലില്‍ 19 ശതമാനവും കുടിവെള്ള, ശുചീകരണ മന്ത്രാലയങ്ങളുടേതില്‍ 25 ശതമാനവും വര്‍ധനയാണുണ്ടായത്. പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ (അര്‍ബന്‍) നടത്തിപ്പ് ചുമതലയുള്ള ഭവന ദാരിദ്ര്യ നിര്‍മാര്‍ജന മന്ത്രാലയം ഒന്നാം പാദത്തില്‍ ചെലവിട്ടത് ആകെ നീക്കിയിരുപ്പിന്റെ 23 ശതമാനമാണ്. മുന്‍വര്‍ഷത്തെ 43 ശതമാനവുമായി താരതമ്യം ചെയ്യുമ്പോഴാണിത്. കേന്ദ്രത്തിന്റെ മൂലധന ചെലവിടല്‍ ശക്തമായിരിക്കുമ്പോഴും, വായ്പയെടുക്കുന്നത് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ചെലവ് കുറയ്ക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.

Comments

comments

Categories: Business & Economy, Slider

Related Articles