ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് 20 കോടി രൂപയുടെ അറ്റാദായം

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് 20 കോടി രൂപയുടെ അറ്റാദായം

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2019ലെ ആദ്യ ത്രൈമാസത്തില്‍ 125 ശതമാനം വര്‍ധനവോടെയാണ് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ 20 കോടി രൂപയുടെ അറ്റാദായം കൈവരിച്ചത്

ദുബായ്: ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളിലൊന്നും ഇന്ത്യയിലെ വളര്‍ന്നു വരുന്ന ആരോഗ്യ സേവന ദാതാവുമായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ 2018 ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു.

വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സേവന ദാതാവായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 2018 ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ 20 കോടി രൂപയുടെ അറ്റാദായമാണു രേഖപ്പെടുത്തിയത്.

2017 ല്‍ ഇതേ കാലയളവില്‍ ഉണ്ടായ 80 കോടി രൂപയുടെ നഷ്ടത്തെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 125 ശതമാനം വര്‍ധനവാണിതു സൂചിപ്പിക്കുന്നത്.

വരുമാനത്തിന്റെ കാര്യത്തില്‍ (ധനകാര്യ നിക്ഷേപ വരുമാനം ഒഴികെ) 2019 ലെ ആദ്യ ത്രൈമാസത്തില്‍ 14 ശതമാനം വര്‍ധനവോടെ 1789 കോടി രൂപയിലെത്താനായിട്ടുണ്ട്. ഇന്ത്യ അടക്കം ഒന്‍പതു രാജ്യങ്ങളിലുള്ള 20 ആശുപത്രികളും 112 ക്ലിനിക്കുകളും 210 ഫാര്‍മസികളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലൂടെ സ്ഥിരതയുള്ളതും സ്ഥായിയായതുമായ വരുമാനം നിലനിര്‍ത്താനായതാണിതു സൂചിപ്പിക്കുന്നത്.

2018 ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തിലും ശക്തമായ സാമ്പത്തിക പ്രകടനങ്ങള്‍ നിലനിര്‍ത്തിയ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ നികുതിക്കു മുന്‍പുള്ള വരുമാനം മുന്‍പുള്ള 48 കോടി രൂപയെ അപേക്ഷിച്ച് 188 ശതമാനം വര്‍ധനവോടെ 139 കോടി രൂപയിലേക്കു വളര്‍ന്നിട്ടുണ്ട്. കമ്പനിക്ക് വൈവിധ്യമാര്‍ന്ന ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള കഴിവാണ് സ്ഥായിയായ ലാഭക്ഷമതയും വളര്‍ച്ചയും നിലനിര്‍ത്തുന്ന റിപ്പോര്‍ട്ടിലൂടെ പ്രതിഫലിക്കുന്നത്.

വരുമാനം (ധനകാര്യ നിക്ഷേപ വരുമാനം ഒഴികെ) 1565 കോടി രൂപയെ അപേക്ഷിച്ച് 14 ശതമാനം വര്‍ധിച്ച് 1789 കോടി രൂപയിലെത്തിയെന്നതും ശ്രദ്ധേയമാണ്. പലിശ, നികുതി, തേയ്മാനങ്ങള്‍ തുടങ്ങിയവയെല്ലാം കണക്കാക്കുന്നതിനു മുന്‍പുള്ള വരുമാനം 48 കോടി രൂപയെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 188 ശതമാനം ഉയര്‍ന്ന നിലയില്‍ 139 കോടി രൂപയിലെത്തി.

പ്രതി ഓഹരി വരുമാനം 1.66 രൂപ നഷ്ടത്തെ അപേക്ഷിച്ച് 0.25 രൂപയിലെത്തി. ഉന്നത ഗുണനിലവാരത്തിലുള്ള ആരോഗ്യ സേവനത്തിനു ലഭിക്കുന്ന അംഗീകാരത്തിന്റെ പ്രതിഫലനമാണിത്. ഇത്തരത്തിലുള്ള മികച്ച പ്രകടനം ഞങ്ങള്‍ക്കു കൂടുതല്‍ പ്രചോദനം നല്‍കുന്നതാണ്- 2019 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തിലെ പ്രകടനത്തെക്കുറിച്ചു പ്രതികരിച്ചു കൊണ്ട് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ഗള്‍ഫ് മേഖലയിലെ കാലങ്ങള്‍ക്കനുസൃതമായ ബിസിനസിന്റെ സ്വഭാവത്തിനനുസരിച്ച് വേനല്‍ മൂര്‍ദ്ധന്യത്തിലെത്തുന്ന ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ഇടിവുണ്ടാകുന്ന പൊതു പ്രവണതയില്‍ നിന്നു വിരുദ്ധമാണ് കമ്പനിയുടെ വാര്‍ഷിക പ്രകടനം.

വേനല്‍ക്കാലത്ത് പ്രവാസികള്‍ വാര്‍ഷിക അവധിക്കായി പോകുന്നത് നിരവധി വര്‍ഷങ്ങളായുള്ള പ്രവണതയാണ്. രണ്ടാം അര്‍ധ വര്‍ഷത്തിലെ ബിസിനസിന്റെ ഫലമായി ഉയര്‍ന്ന വരുമാനവും അതിന് അനുസൃതമായ ലാഭക്ഷമതാ വര്‍ധനവും ഉണ്ടാകുമെന്നാണ് തങ്ങളുടെ ആത്മ വിശ്വാസം.

വരുമാനത്തിന്റെ സ്വഭാവവും തങ്ങളുടെ ഗള്‍ഫ് ബിസിനസിന്റെ തോതും മുന്‍നിര നഗരങ്ങളില്‍ വലിയ ആശുപത്രികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള പ്രവര്‍ത്തനവും ഡോക്ടര്‍മാരിലും രോഗികളിലും വളര്‍ന്നു വരുന്ന പ്രതിച്ഛായയും എല്ലാം ലാഭക്ഷമതയോടു കൂടിയ വളര്‍ച്ചയ്ക്കായുള്ള സാഹചര്യമാണ് തങ്ങള്‍ക്കു ലഭ്യമാക്കുന്നത്. ഇതു പ്രയോജനപ്പെടുത്തിയുള്ള വളര്‍ച്ചയുടെ മികച്ച മിശ്രിതമാണു തങ്ങള്‍ കണക്കു കൂട്ടുന്നത്. ഗള്‍ഫിലെ ആശുപത്രികളുടെ അനുഭവ സമ്പത്ത്, സൗദിയിലെ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യയിലെ ആശുപത്രികള്‍ എന്നിവയെല്ലാം ലാഭം വര്‍ധിക്കുന്നതിലേക്കാവും കൊണ്ടു പോകുക. മൂല്യങ്ങള്‍ സൃഷ്ടിക്കുന്നതിലും തങ്ങള്‍ എല്ലാ ദിവസവും സേവനം നല്‍കുന്ന രോഗികളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിലുമാവും ഒരു കമ്പനി എന്ന നിലയില്‍ തുടര്‍ന്നും ശ്രദ്ധ പതിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംയോജിത, സമഗ്ര ആരോഗ്യ സേവന സ്ഥാപനമാണ്. പ്രാഥമിക തലം മുതലുള്ള നാലു തട്ടുകളിലും സമ്പൂര്‍ണ സേവനം നല്‍കുന്ന ആഗോള തലത്തില്‍ തന്നെയുള്ള ഏതാനും ചില സ്ഥാപനങ്ങളിലൊന്നാണ് കമ്പനിയെന്ന് മാനേജ്‌മെന്റ് അവകാശപ്പെടുന്നു. ആഗോള തലത്തില്‍ 17,691 ജീവനക്കാരാണ് കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നത്.

സാമൂഹ്യമായോ സാമ്പത്തികമായോ ഉള്ള സ്ഥാനങ്ങള്‍ക്ക് അതീതമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഗുണമേന്‍മയുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന സവിശേഷതയാണ് കമ്പനിയുടേതെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു. ഇനിനനുസരിച്ചാണ് മെഡികെയര്‍ ഫോര്‍ ദി ഹൈ ഇന്‍കം, ആസ്റ്റര്‍ ഫോര്‍ ദി മിഡില്‍ ഇന്‍കം, അക്‌സസ്സ് ഫോര്‍ ലോ ഇന്‍കം സ്ട്രാറ്റാ എന്നീ മൂന്നു ബ്രാന്‍ഡുകള്‍ സംബന്ധിച്ച്് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. ആസാദ് മൂപ്പന്‍ ആശയം രൂപവല്‍ക്കരിച്ചത്. ആസ്തികള്‍ കുറഞ്ഞ രീതിയിലുള്ള ബിസിനസ് മാതൃകയുമായി ഭൂരിഭാഗം ആശുപത്രികളിലും സ്ഥലവും കെട്ടിടങ്ങളും പാട്ടത്തിനെടുക്കുകയാണ് ചെയ്തിരിക്കുന്നത്.

 

Comments

comments

Categories: Arabia