എഐ ക്ലൗഡ് കംപ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുമായി പേടിഎം

എഐ ക്ലൗഡ് കംപ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുമായി പേടിഎം

ബെംഗളൂരു: ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍ സ്വന്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത പ്ലാറ്റ്‌ഫോം ആരംഭിച്ചു. ‘പേടിഎം എഐ ക്ലൗഡ് ഫോര്‍ ഇന്ത്യ’ എന്ന പേരിലുള്ള പ്ലാറ്റ്‌ഫോം സ്ഥാപനങ്ങള്‍ക്ക് ക്ലൗഡ് കംപ്യൂട്ടിംഗിനും ബിസിനസ് ഇടപാടുകള്‍ ഓട്ടോമേഷന്‍, ഈസി പേമെന്റ് മെസേജിംഗ്, ഉപഭോക്തൃ സംവാദനം എന്നിവ സുഗമമായി നടക്കുന്നതിനുള്ള ബിസിനസ് കേന്ദ്രീകൃത സേവനങ്ങള്‍ നല്‍കുന്നതിലായിരിക്കും ശ്രദ്ധിക്കുക. പേടിഎമ്മിന്റെ പ്രധാന നിക്ഷേപകരായ ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബയുമായി ചേര്‍ന്നാണ് ക്ലൗഡ് കംപ്യൂട്ടിംഗ് സൗകര്യം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയിലെ സര്‍വറില്‍ സുരക്ഷിതമായി സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും ഈ എഐ ക്ലൗഡ് പ്ലാറ്റ്‌ഫോം പേടിഎമ്മിനെ സഹായിക്കും. ഈ ബിസിനസിനായി 250 കോടി രൂപയാണ് കമ്പനി മുടക്കുന്നത്. പേടിഎമ്മിലൂടെ മുഖ്യ നിക്ഷേപകരായ ആലിബാബയ്ക്ക് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ലഭിക്കുന്നതായുള്ള ആശങ്ക മൂലം പേടിഎമ്മിനോട് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കി കൊണ്ട് സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.

പുതുതലമുറയിലെ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഉല്‍പ്പാദനക്ഷമത കൈവരിക്കാനും കാര്യക്ഷമായി പ്രവര്‍ത്തിക്കാനും കൂട്ടായി പ്രവര്‍ത്തനവും ബിസിനസ് ഇടപാടുകള്‍ ഓട്ടോമേറ്റ് ചെയ്യാനുള്ള ടൂളുകളും വേണമെന്നും പേടിഎം എഐ ക്ലൗഡ് പാക്കേജ് സ്ഥാപനങ്ങളുടെ സമയവും പണവും വിഭവ സ്രോതസുകളും ലാഭിച്ചുകൊണ്ട് ഇതിനെല്ലാം സഹായിക്കുമെന്നും അങ്ങനെ ലോകത്തില്‍ നല്ല മാറ്റങ്ങളുണ്ടാക്കുന്ന ഉല്‍പ്പന്ന നിര്‍മാണത്തില്‍ ശ്രദ്ധിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും പേടിഎം വൈസ് പ്രസിഡന്റ് സുജിത് കുമാര്‍ മിശ്ര അഭിപ്രായപ്പെട്ടു. കമ്പനി എന്നും ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്നുണ്ടെന്നും വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കുന്നതിനാല്‍ ഇവ മൂന്നാം കക്ഷി നിക്ഷേപകര്‍ക്ക് ലഭ്യമാകില്ലെന്നും അേദ്ദഹം വ്യക്തമാക്കി.

Comments

comments

Categories: Tech
Tags: PayTM