ഒയോ റൂംസ് ‘സ്റ്റാര്‍ട്ടപ്പ് ഓഫ് ദ ഇയര്‍’

ഒയോ റൂംസ് ‘സ്റ്റാര്‍ട്ടപ്പ് ഓഫ് ദ ഇയര്‍’

സുബ്രത മിത്രയാണ് മികച്ച നിക്ഷേപകന്‍

ബെംഗളൂരു: ഇക്കണോമിക് ടൈംസിന്റെ നാലാമത് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകള്‍ ബെംഗളൂരുവില്‍ വിതരണം ചെയ്തു. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് ഹോട്ടല്‍ സേവനദാതാക്കളായ ഒയോ റൂംസാണ് സ്റ്റാര്‍ട്ടപ്പ് ഓഫ് ദ ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നല്‍കുന്ന പ്രാധാന്യത്തിന് ഉദാഹരണമാണ് ഒയോ റൂംസെന്നും ആഭ്യന്തര വിപണി ഉപയോഗിച്ച് എങ്ങനെ വിദേശ വിപണികളിലേക്കും ബിസിനസ് വ്യാപിപ്പിക്കാമെന്ന് സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍ കാണിച്ചു തന്നതായും നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.

ഇന്ത്യയിലെ സംരംഭകര്‍ ആഭ്യന്തര വിപണിക്കുവേണ്ടി ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. ഇത് അവര്‍ക്ക് ആഗോള വിപണിയില്‍ വെന്നികൊടി പാറിക്കാനുള്ള അടിസ്ഥാനതലം പ്രദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഒയോ ഇപ്പോള്‍ ചൈനയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന കമ്പനിയുടെ വിപണി മൂല്യം നാലു ബില്യണ്‍ ഡോളറാണ്. ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കൂടി സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഒയോ. ഈ ഉദ്യമത്തില്‍ ഒയോ വിജയിക്കുകയാണെങ്കില്‍ ഫഌപ്കാര്‍ട്ടിനും (20 ബില്യണ്‍ ഡോളര്‍) പേടിഎമ്മിനും (10 ബില്യണ്‍ ഡോളര്‍) പിന്നില്‍ ഏറ്റവും മൂല്യമുള്ള ഇന്റര്‍നെറ്റ് കമ്പനിയെന്ന പദവി അവര്‍ സ്വന്തമാക്കും. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗിയാണ് സ്റ്റാര്‍ട്ടപ്പ് ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനര്‍ഹരായത്.

വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ആക്‌സെല്‍ പാര്‍ട്‌ണേഴ്‌സിന്റെ പങ്കാളിയായ സുബ്രത മിത്രയാണ് ഈ വര്‍ഷത്തെ മികച്ച നിക്ഷേപകനുള്ള മിഡാസ് ടച്ച് അവാര്‍ഡ് നേടിയത്. ഫഌപ്കാര്‍ട്ടിലെ ആദ്യകാല നിക്ഷേപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലര്‍മാരായ മൈന്ത്ര, ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് സേവനദാതാക്കളായ
കവര്‍ഫോക്‌സ്, പേമെന്റ് കമ്പനിയായ ജസ്്‌പേ എന്നിവയിലടക്കം നിരവധി നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്.

കിരണ്‍ ആനന്ദ്പിള്ളയുടെ (ചീഫ് എക്‌സിക്യൂട്ടീവ് ) ദൃഷ്ടി ഐ കെയര്‍ ഈ വര്‍ഷത്തെ മികച്ച സാമൂഹ്യ സംരംഭത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. ഫ്രഷ്‌മെനു സ്ഥാപക രശ്മി ദാഗ ഇടി-ഫേസ്ബുക്ക് വുമന്‍ എഹെഡ് അവാര്‍ഡ് നേടി. ഇന്ത്യയില്‍ ഇന്നും വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ വനിതാ സംരംഭകര്‍ കഷ്ടപ്പെടുകയാണെന്ന് രശ്മി ദാഗ അഭിപ്രായപ്പെട്ടു.

രാജ്യത്തെ 5,000 ലധികം സ്റ്റാര്‍ട്ടപ്പുകളില്‍ 550 എണ്ണം മാത്രമാണ് വനിതകള്‍ നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വനിതകള്‍ സംരംഭകത്വ മേഖലയിലേക്ക് കടന്നു വരാന്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ വളര്‍ച്ച മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാതെ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്ത മുന്‍നിര സംരംഭകര്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ പല നയങ്ങളും ഐടി മേഖലയ്ക്കു അനുകൂലമാകാന്‍ കാരണം ഐടി സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളാണെന്നും രാജ്യത്തിന് മികച്ച വിദേശ നാണ്യം നേടിതരുന്നതില്‍ ഈ മേഖല വലിയ പങ്കു വഹിക്കുന്നുണ്ടെന്നും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനി പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് ‘ബില്‍ഡിംഗ് ടു സ്‌കെയ്ല്‍, ബില്‍ഡിംഗ് ടു ലാസ്റ്റ് ഇന്‍ എ ഡൈനാമിക് പോളിസി എന്‍വിറോന്‍മെന്റ്’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ നന്ദന്‍ നിലേക്കനി, റിതേഷ് അഗര്‍വാള്‍, ഒല സഹസ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍, കലാരി കാപ്പിറ്റല്‍ എംഡി വാണി കോള, ഫഌപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ എന്നിവര്‍ പങ്കെടുത്തു.

നാസ്‌കോം ചെയര്‍മാനും വിപ്രോ ബോര്‍ഡ് അംഗവുമായ റിഷബ് പ്രേംജി, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് തുടങ്ങി മുന്‍നിര സംരംഭകര്‍, നിക്ഷേപകര്‍, മുതിര്‍ന്ന ബിസിനസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 300 ലധികം പേരാണ് പുരസ്‌കാരദാനചടങ്ങിന്റെ ഭാഗമായത്.

Comments

comments

Categories: FK News

Related Articles