സിറ്റിംഗ് റൂമില്‍ നിര്‍മ്മിക്കപ്പെടുന്ന ദുരന്തങ്ങള്‍

സിറ്റിംഗ് റൂമില്‍ നിര്‍മ്മിക്കപ്പെടുന്ന ദുരന്തങ്ങള്‍

ദുരന്തകാലത്തെ മാനസിക ആരോഗ്യ പ്രശ്‌നമാണ് വിഷയം. ദുരന്തത്തില്‍ അകപ്പെട്ടവരുടെ ചിത്രങ്ങളും വീഡിയോയും ഒക്കെ കാണുന്നുണ്ടല്ലോ. രക്ഷപ്പെടുത്തുമ്പോള്‍ പോലും ആളുകള്‍ കരയുകയാണ്. അത് സ്വാഭാവികവും ആണ്. അതിന് മുന്നേ തന്നെ അവര്‍ എത്ര കരഞ്ഞുകാണും, പേടിച്ചു കാണും? ഈ ദുരന്തന്തില്‍ അകപ്പെട്ടവരെല്ലാം തന്നെ മാനസികമായി തളര്‍ന്നിരിക്കയാണ്. അതില്‍ തന്നെ കുട്ടികള്‍, വയസ്സായവര്‍, അംഗപരിമിതികള്‍ ഉള്ളവര്‍, മാനസികമായ വെല്ലുവിളികള്‍ ഉള്ളവര്‍ ഒക്കെ കൂടുതല്‍ കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിച്ചു കാണും. അതിനി വര്‍ഷങ്ങളോളം അവരെ വേട്ടയാടും. അവരുടെ വ്യക്തിത്വത്തെ തന്നെ അത് മാറ്റും.

മാനസിക ആരോഗ്യത്തിന് വേണ്ടത്ര ചികിത്സകള്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ല. ഉള്ള സൗകര്യങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ ആളുകള്‍ക്ക് മടിയും ആണ്. ദുരന്തകാലത്തെ സൈക്കോ-സോഷ്യല്‍ സപ്പോര്‍ട്ട് എന്നത് ദുരന്തം കഴിയുമ്പോള്‍ ചെയ്യേണ്ട ഒരു പ്രധാനവിഷയമാണ്. അതിന് ലോകത്ത് നല്ല മാതൃകകള്‍ ഉണ്ട്.

കേരളത്തിലെ സിറ്റിംഗ് റൂമുകള്‍ ഒരാഴ്ചയായി വെള്ളപ്പൊക്കമല്ലാതെ മറ്റൊരു വാര്‍ത്തയും കണ്ടുകാണാന്‍ വഴിയില്ല. കേരളത്തില്‍ എവിടെ നിന്നും ഏറ്റവും വിഷമിപ്പിക്കുന്ന, സംഘര്‍ഷ പൂരിതമായ കാഴ്ചകള്‍ ആണ് അവിടെ. ടി വി ഓഫ് ചെയ്താലും വീട്ടില്‍ ചര്‍ച്ചകള്‍ മറ്റൊന്നാവാന്‍ വഴിയില്ല. കേരളത്തിലെ പത്തു ശതമാനം ആളുകളെ പോലും ദുരന്തം നേരിട്ട് ബാധിച്ചിട്ടില്ല, പക്ഷെ നൂറു ശതമാനം ആളുകളും ഇത് തന്നെയാണ് കാണുന്നതും സംസാരിക്കുന്നതും.

നിങ്ങളുടെ വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ ഈ കാഴ്ചയും ചര്‍ച്ചകളും അവരെ വളരെ മോശമായി, ആഴത്തില്‍ ബാധിക്കും. ദുരന്ത മേഖലയില്‍ നിന്നകലെ, എന്തിന് ദുബായിലോ അമേരിക്കയിലോ, പത്താം നിലയിലെ ഫ്‌ലാറ്റിന്റെ മുകളില്‍ ഇരിക്കുന്ന കുട്ടിപോലും വീട്ടിലെ ടി വി യില്‍ ഇതുമാത്രം കണ്ടു കൊണ്ടിരിക്കുകയും വീട്ടിലെ സംസാരം ഇത് മാത്രം ആവുകയും ചെയ്താല്‍ ദുരന്തത്തെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങും. എന്താണ് സംഭവിക്കുന്നത്, അവര്‍ക്ക്, അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് എന്തെങ്കിലും വരുമോ എന്നൊന്നും അവര്‍ക്ക് മനസ്സിലാവില്ല. കുട്ടികള്‍ ടെന്‍ഷന്‍ ആകും, അനാവശ്യമായ പെരുമാറ്റങ്ങള്‍ ഉണ്ടാകും, രാത്രി ഉറക്കം കുറയും. ദുരന്തം കഴിഞ്ഞാലും ഇതൊക്കെ അവരെ പിന്തുടരുകയും ചെയ്യും.

 

ഇതിന് പ്രതിവിധിയായി, പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍.

1. ടി വിയില്‍ മുഴുവന്‍ സമയവും ദുരന്ത വാര്‍ത്ത കാണാതിരിക്കുക.
2. കുട്ടികളോട് ദുരന്തത്തെ പറ്റി സംസാരിച്ച് നിങ്ങളുടെ കുടുംബത്തിന് യാതൊരു വിധത്തിലുള്ള അപായവുമില്ല എന്ന് ഉറപ്പു കൊടുക്കണം.
3. ദുരന്തത്തില്‍ പെട്ട മറ്റു കുട്ടികളെ എങ്ങനെ സഹായിക്കണം എന്നൊക്കെ അവരോട് അഭിപ്രായം ചോദിക്കണം.

നിങ്ങളുടെ ചുറ്റുവട്ടത്ത് എത്താത്ത ദുരന്തം സിറ്റിംഗ് റൂമിലെ ടി വി വഴി വീട്ടിലേക്ക് കൂടി എത്തിക്കരുത്.

Comments

comments

Categories: FK Special, Slider