ഇന്ത്യക്ക് ശക്തമായ വേതന നയങ്ങള്‍ വേണമെന്ന് ഐഎല്‍ഒ

ഇന്ത്യക്ക് ശക്തമായ വേതന നയങ്ങള്‍ വേണമെന്ന് ഐഎല്‍ഒ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ അസമത്വവുംം അനൌദ്യോഗികവും ലിംഗാധിഷ്ഠിതവുമായ വേതന വിടവ് വര്‍ധിക്കുന്നതിനാല്‍ സമഗ്ര വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ വേതന നയങ്ങള്‍ ഇന്ത്യക്ക് ആവശ്യമാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ).

സ്ത്രീകളേക്കാള്‍ കൂടുതല്‍ വേതനം കൈപ്പറ്റുന്നത് പുരുഷന്മാരാണെന്നും ഏകദേശം 62 മില്യണ്‍ തൊഴിലാളികള്‍ ദേശീയ മിനിമം വേതന സൂചികയേക്കാള്‍ കുറഞ്ഞ വേതനമാണ് ഇപ്പോഴും ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രാമീണ മേഖല, അനൗപചാരിക തൊഴിലാളികള്‍, സാധാരണ തൊഴിലാളികള്‍, സ്ത്രീകള്‍,കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലുകള്‍ എന്നിവയില്‍ വേതനങ്ങള്‍ വേഗത്തിലുള്ള വളര്‍ച്ച കൈവരിച്ചു. എന്നിരുന്നാലും ഇവിടങ്ങളിലെല്ലാം അസമത്വം നിലനില്‍ക്കുന്നുണ്ടെന്ന് ഐഎല്‍ഒ ചൂണ്ടിക്കാട്ടുന്നു.

1993-94നും 2011-12നുമിടയില്‍ രാജ്യത്തെ യഥാര്‍ത്ഥ ശരാശരി ദിവസ വേതനം ഇരട്ടിയായെന്നാണ് നാഷണല്‍ സാംപിള്‍ സര്‍വെ ഓഫീസ് (എന്‍എസ്എസ്ഒ) യുടെ എംപ്ലോയ്‌മെന്റ് ആന്‍ഡ് അണ്‍എംപ്ലോയ്‌മെന്റ് സര്‍വെ ചൂണ്ടിക്കാട്ടുന്നത്. 2011-12ല്‍ ഇന്ത്യയിലെ ശരാശരി വരുമാനം ഒരു ദിവസം 247 രൂപയാണെന്നും സാധാരണ തൊഴിലാളികളുടെ ശരാശരി വരുമാനം പ്രതിദിനം 143 രൂപയാണെന്നും എന്‍എസ്എസ്ഒ പറയുന്നു.

പരിമിതമായ എണ്ണത്തിലുള്ള സ്ഥിരം/വേതനക്കാരായ തൊഴിലാളികള്‍ (ഭൂരിഭാഗവും നഗര മേഖലയിലുള്ളവര്‍), ഉയര്‍ന്ന നൈപുണ്യമുള്ള പ്രൊഫഷണലുകള്‍ എന്നിവരാണ് ഉയര്‍ന്ന ശരാശരി വരുമാനം നേടുന്നത്. സാധാരണ ഗ്രാമീണ വനിതാ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്നും വ്യാപകമായ അസമത്വമാണുള്ളതെന്നും ഐഎല്‍ഒ പറയുന്നു.

ഇന്ത്യയുടെ വേതന അസമത്വത്തില്‍ ഇടക്കാലത്ത് താഴ്ചയുണ്ടായെങ്കിലും പിന്നീട് ഉയര്‍ന്നുവെന്ന് ഐഎല്‍ഒ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ നിലവിലുള്ള മിനിമം വേതന വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഒരു തൊഴില്‍ ബന്ധത്തിലെ എല്ലാ തൊഴിലാളികള്‍ക്കും നിയമപരമായ കവറേജ് വ്യാപിപ്പിക്കുന്നതിനടക്കമുള്ള കാര്യങ്ങള്‍ക്ക് ഐഎല്‍ഒ ശുപാര്‍ശ ചെയ്യുന്നു

 

 

Comments

comments

Categories: FK News, Slider