തിരക്കിനിടയിലും സഞ്ചാരം സുഗമമാക്കുന്ന സംരംഭങ്ങള്‍

തിരക്കിനിടയിലും സഞ്ചാരം സുഗമമാക്കുന്ന സംരംഭങ്ങള്‍

ആഗോള പ്രശസ്തരായ ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളായ ഒല, യുബര്‍ എന്നിവയ്ക്ക് നിലവില്‍ ബൈക്ക്-ടാക്‌സി ഷെയറിംഗ് സേവനങ്ങളുണ്ട്. ഒന്നു രണ്ടു ക്ലിക്കുകളില്‍ യാത്ര സുഗമമാക്കുന്ന ഇത്തരം നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയില്‍ അനുദിനം പെരുകുകയാണ്. മേഖലയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ഏതാനും സ്റ്റാര്‍ട്ടപ്പുകളെ ഇവിടെ പരിചയപ്പെടാം

 

നഗര പ്രദേശങ്ങളിലെ റോഡുകളില്‍ തിരക്കുകള്‍ ഏറി വരുന്നതും പൊതുവാഹനങ്ങള്‍ കാര്യക്ഷമമല്ലാത്തതുമായ ഘട്ടങ്ങളിലാണ് ബൈക്ക്-ടാക്‌സി ഷെയറിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. മെട്രോ നഗരങ്ങളിലാണ് ഇത്തരം സംരംഭങ്ങള്‍ക്ക് ഏറെ വളര്‍ച്ചാ സാധ്യത. ജനങ്ങള്‍ക്ക് സുഗമമായ സഞ്ചാരം സാധ്യമാക്കുന്ന തരത്തിലുള്ള ഇത്തരം സൗകര്യങ്ങള്‍ ആധുനിക കാലത്തിന്റെ ആവശ്യകതയായി മാറിയതിനാല്‍ ഗതാഗതമേഖലയില്‍ ബൈക്ക്-ടാക്‌സി ഷെയറിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ അനുദിനം പെരുകുകയാണ്. ഗതാഗത മേഖലയില്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളായ ഒല, യുബര്‍ എന്നിവയ്ക്ക് നിലവില്‍ ബൈക്ക്-ടാക്‌സി ഷെയറിംഗ് സേവനങ്ങളുണ്ട്. ഒന്നോ രണ്ടോ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ജനങ്ങള്‍ക്ക് എളുപ്പത്തിലും താങ്ങാവുന്ന നിരക്കിലും യാത്രാ സൗകര്യം ലഭ്യമാക്കുന്ന സംരംഭങ്ങളാണ് ഇവയെല്ലാം.

ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റിയില്‍ ആഗോളതലതലത്തില്‍ മുന്‍നിരയിലുള്ള സംരംഭമാണ് ഗോജെക്ക്. മേഖലയില്‍ ഇന്തോനേഷ്യയിലെ തലതൊട്ടപ്പനായ ഈ സ്റ്റാര്‍ട്ടപ്പ് തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലെ ടെക് നഗരം എന്ന് അറിയപ്പെടുന്ന ബെംഗളൂരിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടിപ്പോള്‍. യുബറില്‍ നിന്നുള്ള യുബര്‍മോട്ടോയും ഒല ബൈക്ക് ടാക്‌സിയുമാണ് പ്രമുഖ യാത്രാ ഷെയറിംഗ് നിരയില്‍ തൊട്ടടുത്ത സ്ഥാനക്കാര്‍. ഗവേഷണ സ്ഥാപനമായ ആല്‍ഫാ ബീറ്റാ അനലിറ്റിക്‌സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മുമ്പുള്ളതിനേക്കാളും 38 ശതമാനത്തോളം യാത്രാസമയം യുബര്‍മോട്ടോ വഴിയും ഒമ്പതു മുതല്‍ 18 ശതമാനത്തോളം സമയം യുബര്‍എക്‌സ് വഴിയും യാത്രക്കാര്‍ ലാഭിക്കുന്നുണ്ട്. യാത്രക്കാരുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്ത് പൊതുവാഹനങ്ങള്‍ക്ക് യാത്രാ സൗകര്യം ലഭ്യമാക്കാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി സ്വകാര്യ ഗതാഗതമേഖലയില്‍ വാഹനങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതായി യുഐടിപിയുടെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. വാഹനങ്ങളുടെ ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 195. 6 മില്യണ്‍ ആയി മാറിയിരുന്നു. മാത്രവുമല്ല, ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത 75 ശതമാനത്തോളം വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുടെ ഗണത്തില്‍ പെടുന്നവയാണ്. ഇന്ത്യയില്‍ ബൈക്ക്-ടാക്‌സി ഷെയറിംഗ് സേവനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു മുന്നേറുന്ന ഏതാനും സ്റ്റാര്‍ട്ടപ്പുകളെ ഇവിടെ പരിചയപ്പെടാം.

ബാസി

ഗുരുഗ്രാം ആസ്ഥാനമായി ബൈക്ക്-ടാക്‌സി സേവനങ്ങള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമാണ് ബാസി ഒരുക്കിയിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് അഷുതോഷ് ജോഹ്‌രി, മനു റാണ എന്നിവര്‍ ചേര്‍ന്നു തുടങ്ങിയ സംരംഭം നിലവില്‍ ഡെല്‍ഹി- എന്‍സിആര്‍ മേഖലയിലെ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്. സംരംഭം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ 1. 4 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ച കമ്പനി മികച്ച ലാഭം നേടി ആളുകള്‍ക്കിടയില്‍ ശ്രദ്ധേയമായിരിക്കുന്നു.

ബിക്‌സി

രണ്ടു വര്‍ഷം മുമ്പ് മോഹിത് ശര്‍മ, ദിവ്യ കാലിയ, ഡെന്നിസ് ചിംഗ് എന്നിവര്‍ ചേര്‍ന്നു രൂപം കൊടുത്ത സംരംഭമാണ് ബിക്‌സി. ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളില്‍ ലാസ്റ്റ്‌മൈല്‍ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന സംരംഭം ജനുവരിയില്‍ 315,200 ഡോളര്‍ നിക്ഷേപം സമാഹരിച്ചിരുന്നു. സ്ത്രീകള്‍ക്കുവേണ്ടി മാത്രമായി ബിക്‌സി പിങ്ക് എന്ന പേരില്‍ വനിതാ സേവനങ്ങള്‍ക്കും ഇവര്‍ തുടക്കമിടുകയുണ്ടായി. മേഖലയില്‍ പ്രൊഫഷണല്‍ ജോലിക്കാരായി വനിതകളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ബിക്‌സി പിങ്ക്. രാത്രി വൈകി യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ക്കും മറ്റും ഇത് ഏറെ സഹായകമാകുന്നുണ്ട്.

വോഗോ

ആനന്ദ് അയ്യാദുരൈ, പദ്മനാഭന്‍ ബാലകൃഷ്ണന്‍, സഞ്ചിത് മിത്തല്‍ എന്നിവര്‍ ചേര്‍ന്നു തുടങ്ങിയ സംരംഭമാണ് വോഗോ. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വണ്‍ വേ യാത്ര നടത്തുന്നതിനായി ഇവിടെ നിന്നും ബൈക്കുകള്‍ വാടക നല്‍കി വാങ്ങാനാകും. കിലോമീറ്ററിന് അഞ്ചു രൂപ നിരക്കിലാണ് വോഗോ തങ്ങളുടെ വാഹനങ്ങള്‍ക്ക് വാടക ഈടാക്കി വരുന്നത്.

റാപ്പിഡോ

മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയ റാപ്പിഡോ എന്ന സംരംഭത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരവിന്ദ് സാങ്ക, പവന്‍ ജി, റിഷികേഷ് എസ് ആര്‍ എന്നിവരാണ്. ബെംഗളൂരു, ഗുരുഗ്രാം എന്നിവിടങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിന് ബെംഗളൂരില്‍ മാത്രമായി 4000 ബൈക്കുകളും ഗുരുഗ്രാമില്‍ ആയിരത്തോളം വാഹനങ്ങളും സേവനസന്നദ്ധരായി ഉണ്ട്. സംരംഭം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ 50,000 ഓളം ആളുകളാണ് ഈ റാപ്പിഡോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നത്. അതിനൊപ്പം തന്നെ 1, 25,000 ല്‍ പരം യാത്രകള്‍ നടത്താനും ഇവര്‍ക്കു കഴിഞ്ഞിരിക്കുന്നു. റാപ്പിഡോ നടത്തുന്ന യാത്രകളില്‍ 85 ശതമാനത്തോളവും സ്ഥിരയാത്രക്കാരാണ് എന്നതും സംരംഭത്തിന് കൂടുതല്‍ പിന്തുണയേകുന്നുണ്ട്. ഇതില്‍ പത്ത് ശതമാനത്തോളം സ്ത്രീകളാണെന്നും കമ്പനി അവകാശപ്പെടുന്നു. യാത്രക്കാര്‍ക്ക് നല്‍കുന്ന മികച്ച സേവനത്തിലൂടെ ലഭിക്കുന്ന മൗത്ത് പബ്ലിസിറ്റിയിലൂടെ സംരംഭത്തിന്റെ പ്രചാരണമെന്നും അധികൃതര്‍ പറയുന്നു.

ബൗണ്‍സ്

മുമ്പ് മെട്രോ ബൈക്ക്‌സ് എന്ന് അറിയപ്പെട്ടിരുന്ന സംരംഭത്തിന്റെ പുതുക്കിയ പേരാണ് ബൗണ്‍സ്. മൂന്നു വര്‍ഷം മുമ്പ് ബെംഗളൂരു ആസ്ഥാനമായി വിവേകാനന്ദ എച്ച് ആര്‍, വരുണ്‍ അഗ്നി, അനില്‍ ജി എന്നിവര്‍ ചേര്‍ന്നു തുടക്കമിട്ട കമ്പനി സെക്കോയ ഇന്ത്യ, അക്‌സെല്‍ പാര്‍ട്‌ണേഴ്‌സ് എന്നിവരില്‍ നിന്നായി 12.2 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. കിലോമീറ്ററിന് ശരാശരി ആറു രൂപ നിരക്ക് ഈടാക്കുന്ന കമ്പനിയുടെ ആപ്ലിക്കേഷന്‍ ഇതിനോടകം ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലായി 2 ലക്ഷത്തില്‍ പരം ഡൗണ്‍ലോഡുകള്‍ നേടിയതായി ബൗണ്‍സ് അധികൃതര്‍ അവകാശപ്പെടുന്നു.

Comments

comments

Categories: Entrepreneurship