ഓസ്‌ട്രേലിയന്‍ വിദ്യാര്‍ഥി ആപ്പിളിന്റെ നെറ്റ്‌വര്‍ക്ക് തകര്‍ത്തു

ഓസ്‌ട്രേലിയന്‍ വിദ്യാര്‍ഥി ആപ്പിളിന്റെ നെറ്റ്‌വര്‍ക്ക് തകര്‍ത്തു

സിഡ്‌നി: ആപ്പിള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നത് സ്വപ്‌നം കണ്ടിരുന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ഥി ആപ്പിളിന്റെ കമ്പ്യൂട്ടര്‍ സിസ്റ്റംസ് ഹാക്ക് ചെയ്തതായി ഓസ്‌ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഹാക്ക് ചെയ്‌തെങ്കിലും കസ്റ്റമറിന്റെ ഡാറ്റ നഷ്ടപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 16-കാരനായ വിദ്യാര്‍ഥി, മെല്‍ബേണിലുള്ള സ്വന്തം വീട്ടിലിരുന്ന് ആപ്പിളിന്റെ ഏറ്റവും വലുതും, ശക്തവുമായ ഡാറ്റ പ്രോസസിംഗ് സിസ്റ്റം തകര്‍ക്കുകയും 90 ജിബി ഫയലുകള്‍ ഡൗണ്‍ ലോഡ് ചെയ്യുകയുമായിരുന്നെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷമായി താന്‍ ആപ്പിളിന്റെ നെറ്റ്‌വര്‍ക്കില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നു വിദ്യാര്‍ഥി പറഞ്ഞു. താന്‍ ആപ്പിളിന്റെ വലിയൊരു ആരാധകനാണെന്നും വിദ്യാര്‍ഥി പറഞ്ഞു.
അനധികൃതമായി നെറ്റ്‌വര്‍ക്കില്‍ പ്രവേശിച്ചത് കണ്ടെത്തിയെന്നും ഇക്കാര്യം അധികാരികളെ അറിയിച്ചിരുന്നതായും ആപ്പിള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോര്‍ന്നു പോകരുതെന്നു തങ്ങള്‍ക്കു നിര്‍ബന്ധമുണ്ടെന്നും കമ്പനി സൂചിപ്പിച്ചു. നെറ്റ്‌വര്‍ക്കിലേക്കു നുഴഞ്ഞു കയറിയ സംഭവത്തെ കുറിച്ചു ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയുടെ എഫ്ബിഐയും, ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസുമാണ് അന്വേഷണം നടത്തുന്നത്. അതേസമയം കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ തയാറായില്ല. കാരണം കേസ് കോടതിയുടെ പരിഗണനയിലുള്ളതു കൊണ്ടാണെന്ന് ഏജന്‍സി അറിയിച്ചു.

സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥി ആപ്പിളില്‍നിന്നും അനധികൃതമായി ശേഖരിച്ചിരുന്ന വിവരങ്ങള്‍ ‘hacky hack hack’ എന്ന പേരില്‍ ഫോള്‍ഡറില്‍ സൂക്ഷിക്കുകയായിരുന്നെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റമറിന്റെ ലോഗിന്‍ ആക്‌സസ് ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ നേടാന്‍ ഹാക്കിംഗിലൂടെ വിദ്യാര്‍ഥിക്കു സാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് വിദ്യാര്‍ഥിയുടെ വീട് റെയ്ഡ് ചെയ്യുകയും രണ്ട് കമ്പ്യൂട്ടറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഹാക്കിംഗിലൂടെ ശേഖരിച്ച വിവരങ്ങള്‍ വിദ്യാര്‍ഥി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നതായും കണ്ടെത്തുകയുണ്ടായി. വിദ്യാര്‍ഥി കോടതിയില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: Tech
Tags: Apple