2019 മാര്‍ച്ചോടെ 75 ലക്ഷം വീടുകള്‍ കൂടി അനുവദിക്കാന്‍ പിഎംഎവൈ

2019 മാര്‍ച്ചോടെ 75 ലക്ഷം വീടുകള്‍ കൂടി അനുവദിക്കാന്‍ പിഎംഎവൈ

2019 മാര്‍ച്ചിന് മുന്‍പ് 30 ലക്ഷം വീടുകള്‍ പൂര്‍ണ്ണമായി പണി തീര്‍ക്കാന്‍ പരിപാടി; എട്ട് ലക്ഷം വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമീപകാലത്ത് പൂര്‍ത്തിയായി

ന്യൂഡെല്‍ഹി: ന്യായമായ നിരക്കില്‍ രാജ്യത്തെ എല്ലാവര്‍ക്കും ഭവനമെന്ന ലക്ഷ്യം മുന്നോട്ടു വെച്ച് പ്രവര്‍ത്തിക്കുന്ന പ്രധാന്‍മന്ത്രി ആവാസ് യോജന (അര്‍ബര്‍) പദ്ധതി പ്രകാരം കേന്ദ്ര ഭവന-നഗര വികസന മന്ത്രാലയം അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ 75 ലക്ഷം വീടുകള്‍ അനുവദിക്കാന്‍ ലക്ഷ്യമിടുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2019 മാര്‍ച്ചിന് മുന്‍പ് 30 ലക്ഷം വീടുകള്‍ പൂര്‍ണ്ണമായി പണി തീര്‍ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

2017-18 ല്‍ 26.7 ലക്ഷം വീടുകള്‍ക്കാണ് മന്ത്രാലയം അനുമതി നല്‍കിയത്. 2018-19 ല്‍ 30.6 ലക്ഷം വീടുകള്‍ക്ക് അനുമതി നല്‍കാനാണ് ലക്ഷ്യം. പ്രധാന്‍ മന്ത്രി ആവാസ് യോജന ആരംഭിച്ചത് മുതല്‍ ഇതുവരെ മൊത്തം 53.7 ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. 30 ലക്ഷത്തിനടുത്ത് വാസയോഗ്യമായ ഭവനങ്ങള്‍ ഇതിനോടകം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. കൂടാതെ നിരവധി വീടുകള്‍ വിവിധഘട്ടങ്ങളിലായി പണി പൂര്‍ത്തിയാക്കാനുണ്ട്. എട്ട് ലക്ഷം വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അടുത്തിടെ പൂര്‍ത്തിയായിരിക്കുന്നത്.

‘നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമയമെടുക്കുന്നുണ്ട്. ഗുണഭോക്താക്കളുടെ നേതൃത്വത്തിലുള്ള ഭവന നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 18 മാസങ്ങള്‍ വരെയാണ് എടുക്കുന്നത്. എന്നാല്‍ മറ്റുള്ളവര്‍ 30 മുതല്‍ 38 മാസങ്ങള്‍ കൊണ്ടാണ് നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കുന്നത്,’ അദ്ദേഹം വ്യക്തമാക്കി.

2015 ലാണ് പ്രധാന്‍ മന്ത്രി ആവാസ് യോജന (പിഎംഎവൈ) സര്‍ക്കാര്‍ ആരംഭിച്ചത്. 2022 ഓടെ എല്ലാവര്‍ക്കും ഭവനമെന്ന ആശയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതിയുടെ കാതല്‍. നഗരങ്ങളിലും ഗ്രാമങ്ങളിലും ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ പ്രത്യേകം പദ്ധതികളുണ്ട്. ഏതാണ്ട് ഒരു കോടി നാഗരിക ഭവനങ്ങളുടെ ക്ഷാമമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പിഎംഎവൈ(അര്‍ബന്‍) പദ്ധതി പ്രകാരമായിരിക്കും ഈ വീടുകള്‍ നിര്‍മിക്കുക. പിഎംഎവൈ(യു) വിന് 1,424.59 കോടി രൂപയാണ് ഈ വര്‍ഷം ഇതുവരെ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2,481.56 കോടി രൂപ പദ്ധതി നടത്തിപ്പിന് നല്‍കിയിരുന്നു.

 

Comments

comments

Categories: FK News