മുഖം മിനുക്കി 2018 സിയാസ് ഫേസ്‌ലിഫ്റ്റ് 

മുഖം മിനുക്കി 2018 സിയാസ് ഫേസ്‌ലിഫ്റ്റ് 

 ഡെല്‍ഹി എക്‌സ് ഷോറൂം വില 8.19 ലക്ഷം രൂപ മുതല്‍ 

ന്യൂഡെല്‍ഹി : 2018 മാരുതി സുസുകി സിയാസ് ഫേസ്‌ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.19 ലക്ഷം രൂപ (ബേസ് സിഗ്മ പെട്രോള്‍ വേരിയന്റ്) മുതല്‍ 10.97 ലക്ഷം രൂപ (ടോപ് സ്‌പെക് ആല്‍ഫ ഡീസല്‍ വേരിയന്റ്) വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മുന്‍ മോഡലിനെ അപേക്ഷിച്ച് പൂര്‍ണ്ണമായും പുതിയ മുഖവുമായാണ് 2018 സിയാസ് ഫേസ്‌ലിഫ്റ്റ് വരുന്നത്. പുനര്‍ രൂപകല്‍പ്പന ചെയ്ത ഗ്രില്‍, പ്രൊജക്റ്റര്‍ ലാംപുകളും ഡേടൈം റണ്ണിംഗ് ലാംപുകളും ഉള്‍പ്പെടുന്ന പുതിയ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാംപ് ക്ലസ്റ്റര്‍ എന്നിവയാണ് 2018 സിയാസ് ഫേസ്‌ലിഫ്റ്റിന് പുതിയ മുഖം സമ്മാനിക്കുന്നത്.
പുതിയ ഫ്രണ്ട് ബംപറില്‍ വലിയ ഇന്‍ടേക്കുകള്‍ കാണാം. പുതിയ അലോയ് വീലുകള്‍ ലഭിച്ചിരിക്കുന്നു. പുതിയ എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ ഉള്‍പ്പെടെ പിന്‍ഭാഗത്ത് ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. 2014 ല്‍ ആദ്യം വിപണിയിലെത്തിച്ച മാരുതി സുസുകി സിയാസ് ഇതാദ്യമായാണ് സമഗ്രമായി പരിഷ്‌കരിക്കുന്നത്. സിയാസ് ഫേസ്‌ലിഫ്റ്റിന്റെയും പുറത്തുപോകുന്ന മോഡലിന്റെയും നിഴല്‍ച്ചിത്രങ്ങള്‍ ഒന്നാണെങ്കിലും പുതിയ സിയാസിന് വേറിട്ട വ്യക്തിത്വം ലഭിച്ചിരിക്കുന്നു.
പുതിയ മാരുതി സുസുകി സിയാസിന്റെ ഉള്‍ഭാഗം മുന്‍ മോഡലുമായി ഏറെക്കുറേ സമാനമാണ്. ഇളംതവിട്ടു നിറത്തിലുള്ള ഇന്റീരിയര്‍ ഇപ്പോഴും തുടരുന്നു. എന്നാല്‍ പുതിയ ഫോ വുഡ് ഇന്‍സെര്‍ട്ടുകള്‍, പുതിയ സ്റ്റിയറിംഗ് വീല്‍, പുതിയ അപ്‌ഹോള്‍സ്റ്ററി എന്നിവ കാണാം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, സുസുകി കണക്റ്റ് എന്നിവ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സാധ്യമാക്കും. സുസുകി കണക്റ്റ് ടെലിമാറ്റിക്‌സ് സിസ്റ്റം ഈയിടെയാണ് പുറത്തിറക്കിയത്. പുതിയ നിറത്തിലുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്രൂസ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് മാറ്റങ്ങള്‍.
മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ സഹിതം പുതിയ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് 2018 സിയാസ് ഫേസ്‌ലിഫ്റ്റിലെ ഏറ്റവും വലിയ പരിഷ്‌കാരം. പുറത്തുപോകുന്ന മോഡല്‍ 1.4 ലിറ്റര്‍ എന്‍ജിനാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന 1.5 ലിറ്റര്‍ എന്‍ജിന്‍ 103 ബിഎച്ച്പി കരുത്തും 138 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. പെട്രോള്‍ എന്‍ജിനില്‍ ഇതാദ്യമായാണ് മാരുതി സുസുകി മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്.
സിയാസ് ഫേസ്‌ലിഫ്റ്റ് പെട്രോള്‍ വേര്‍ഷന്റെ ഓട്ടോമാറ്റിക് വേരിയന്റില്‍ 20.28 കിലോമീറ്ററാണ് ഇന്ധനക്ഷമത. മാന്വല്‍ ഗിയര്‍ബോക്‌സ് വേരിയന്റില്‍ 21.56 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കും. ഇന്ധനക്ഷമത പരിഗണിക്കുമ്പോള്‍ 2018 സിയാസ് ഫേസ്‌ലിഫ്റ്റ് ബെസ്റ്റ്-ഇന്‍-ക്ലാസാണ്. നിലവിലെ 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ പുതിയ സിയാസില്‍ അതേപോലെ തുടരും. 89 ബിഎച്ച്പി പവറും 200 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 28.09 കിലോമീറ്ററാണ് ഇന്ധനക്ഷമത.
ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, ടൊയോട്ട യാരിസ് എന്നിവയാണ് 2018 മാരുതി സുസുകി സിയാസ് ഫേസ്‌ലിഫ്റ്റിന്റെ എതിരാളികള്‍. 15 ഇഞ്ച് പ്രിസിഷന്‍ കട്ട് അലോയ്, 15 ഇഞ്ച് സില്‍വര്‍ അലോയ്, ഫുള്‍ വീല്‍ ക്യാപ്പുകള്‍ സഹിതം 15 ഇഞ്ച് സ്റ്റീല്‍ വീല്‍ എന്നീ മൂന്ന് വീല്‍ ഓപ്ഷനുകളോടെയാണ് 2018 സിയാസ് ഫേസ്‌ലിഫ്റ്റ് വരുന്നത്.

 

ഡെല്‍ഹി എക്‌സ് ഷോറൂം വില
വേരിയന്റ് പെട്രോള്‍ ഡീസല്‍ എസ്എച്ച്‌വിഎസ് പെട്രോള്‍ എസ്എച്ച്‌വിഎസ്
സിഗ്മ 8.19 ലക്ഷം 9.19 ലക്ഷം —
ഡെല്‍റ്റ 8.80 ലക്ഷം 9.80 ലക്ഷം 9.80 ലക്ഷം
സീറ്റ 9.57 ലക്ഷം 10.57 ലക്ഷം 10.57 ലക്ഷം
ആല്‍ഫ 9.97 ലക്ഷം 10.97 ലക്ഷം 10.97 ലക്ഷം

Comments

comments

Categories: Auto